ഏകദിന ലോകകപ്പ്: നാലാം നമ്പരില്‍ സൂര്യയോ ശ്രേയസോ?

ഏകദിന ലോകകപ്പ്: നാലാം നമ്പരില്‍ സൂര്യയോ ശ്രേയസോ?

ശ്രേയസ് അയ്യരുടെ മടങ്ങിവരവ് ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ നാലാം സ്ഥാനക്കാരനാവണമെങ്കില്‍ ഏഷ്യാ കപ്പില്‍ സൂര്യയ്ക്ക് മികച്ച ഫോം കണ്ടെത്തിയേ മതിയാകൂ.

സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആധി മുഴുവന്‍ ബാറ്റിങ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനത്തെച്ചൊല്ലിയാണ്. യുവ്‌രാജ് സിങ്ങിനു ശേഷം ഈ സ്ഥാനത്ത് വിശ്വസിച്ച് ഇറക്കാന്‍ ഒരു താരത്തെ ഇതുവരെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. യുവ്‌രാജിന് പകരക്കാരനായി നാലാം നമ്പറില്‍ ഇന്ത്യ കരുതി വച്ചിരിക്കുന്ന രണ്ടുപേരാണ് ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും.

എന്നാല്‍ ഇവരില്‍ ഒരാളുടെ പരുക്കും മറ്റെയാളുടെ മോശം ഫോമും വീണ്ടും തലവേദന ഉയര്‍ത്തുന്നു. ശ്രേയസ് അയ്യര്‍ക്കേറ്റ പരുക്കാണ് ആദ്യം പ്രതിസന്ധിയായത്. ശ്രേയസിനു പകരം സൂര്യയെ ഇറക്കാമെന്നു തീരുമാനിച്ചപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ താരത്തിന് ഇതുവരെ ഫോം കണ്ടെത്താനാകുന്നില്ല. ലോകകപ്പിനു മുമ്പ് ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

ഇതോടെ സൂര്യയും ശ്രേയസും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ തിരിച്ചു വരവിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെ സൂര്യകുമാര്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ്. ഏകദിന ഫോര്‍മാറ്റിലെ തന്റെ മോശം ഫോമിനെക്കുറിച്ച് താരവും തുറന്ന് സമ്മതിച്ചു.

ഏകദിനത്തില്‍ തിരിച്ചു വരവ് നടത്താന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ല

വിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 44 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ ഏകദിനത്തില്‍ തിരിച്ചു വരവ് നടത്താന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിലേറെയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ സൂര്യ അര്‍ദ്ധസെഞ്ചുറി നേടിയിട്ടില്ല. ഏകദിന ലോകകപ്പിന് മുന്നോടിയായി ഏകദിനത്തില്‍ തിരിച്ചുവരവ് നടത്താന്‍ സൂര്യയ്ക്ക് മുന്നില്‍ ഇനി ഏഷ്യാകപ്പ് മാത്രമാണ് ഉള്ളത്. ശ്രേയസ് അയ്യരുടെ മടങ്ങിവരവ് ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ നാലാം സ്ഥാനക്കാരനാവണമെങ്കില്‍ ഏഷ്യാ കപ്പില്‍ സൂര്യയ്ക്ക് മികച്ച ഫോം കണ്ടെത്തിയേ മതിയാകൂ.

ഈ വര്‍ഷം ആദ്യം ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റതിനു ശേഷമാണ് ടീം മാനേജ്‌മെന്റ് നാലാം സ്ഥാനം സൂര്യയ്ക്ക് കൈമാറിയത്. എന്നാല്‍ ആ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്നതില്‍ താരം ദയനീയമായി പരാജയപ്പെട്ടു. ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നു തവണയാണ് താരം റണ്ണെടുക്കാതെ പുറത്തായത്. അതില്‍ രണ്ട് തവണ മാത്രമേ മുപ്പത് റണ്‍സ് പിന്നിടാനും കഴിഞ്ഞുള്ളു. അങ്ങനെ ആകെ 127 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് ഏകദിനത്തില്‍ നിന്നുള്ള സമ്പാദ്യം. ഈ വര്‍ഷം കുറഞ്ഞത് 100 പന്തുകള്‍ നേരിടുകയും 10 മത്സരങ്ങള്‍ കളിക്കുകയും ചെയ്ത ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ വളരെ പിന്നിലാണ് സൂര്യ. മുന്‍നിര അടിക്കാരുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ശരാശരിയായ 14.11 മാത്രമാണ് സൂര്യയ്ക്ക് നേടാനായത്.

ഏകദിന ലോകകപ്പ്: നാലാം നമ്പരില്‍ സൂര്യയോ ശ്രേയസോ?
നാലാം ടി20യില്‍ ഒമ്പതുവിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

ലോകകപ്പ് ടീമിലേക്കുള്ള സൂര്യയുടെ പ്രവേശനത്തിന് അയ്യരെന്ന കടമ്പ മാത്രമല്ല മുന്‍പിലുള്ളത്. രാഹുലും സഞ്ജു സാംസണും കൂടി രംഗത്തുള്ളപ്പോള്‍ നാലാം സ്ഥാനത്തേക്ക് ഒരു ചതുഷ്‌കോണ പോരാട്ടമാണ് നടക്കുന്നത്. കൂടാതെ യുവ താരം തിലക് വര്‍മയെയും നാലാം സ്ഥാനത്തേക്കുള്ള ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അരങ്ങേറ്റ മത്സരം മുതല്‍ വൈറ്റ് ബോളില്‍ തിലക് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പ് ടീമിനെ അന്തിമമാക്കുന്നതിന് മുന്‍പ് അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയില്‍ രാഹുലിനെയും അയ്യരെയും പരീക്ഷിക്കാനാണ് ഇന്ത്യ തീരുമാനിക്കുന്നത്. അതിനാല്‍ ഏകദിന ഫോര്‍മാറ്റില്‍ കഴിവ് തെളിയിക്കാന്‍ ഏഷ്യാകപ്പ് മാത്രമാണ് സൂര്യയ്ക്ക് മുന്നിലുള്ളത്.

logo
The Fourth
www.thefourthnews.in