ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍
ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍

ന്യൂസിലന്‍ഡിനതിരായ ഏകദിന പരമ്പര; ശ്രേയസ് അയ്യര്‍ പുറത്ത്, രജത് പാട്ടിദാര്‍ പകരക്കാരന്‍

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന മത്സര പരമ്പരയ്ക്ക് ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ തുടക്കമാകും

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ശ്രേയസ് അയ്യര്‍ പുറത്ത്. പുറത്തേറ്റ പരുക്കിനെ തുടര്‍ന്നാണ് ശ്രേയസിനെ മാറ്റിനിർത്തുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ശ്രേയസിന് പകരം രജത് പാട്ടിദാറിനെ ടീമിൽ ഉൾപ്പെടുത്തി. ശ്രേയസിനെ കൂടുതല്‍ പരിശോധനകള്‍ക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് കൊണ്ടുപോകും. പരുക്കിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം എത്ര നാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും എന്നത് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമി അറിയിക്കും.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 28, 28, 38 റണ്‍സുകള്‍ എടുത്ത അയ്യര്‍ക്ക് പഴയ ഫോമിലേക്ക് എത്താനായില്ല. പാട്ടിദാര്‍ ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാനുള്ള അവസരം ലഭിച്ചിരുന്നില്ല. അയ്യരുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാട്ടിദാര്‍ തന്റെ ഏകദിന അരങ്ങേറ്റ മത്സരം കളിക്കും എന്നാണ് പ്രതീക്ഷ.

രജത് പാട്ടിദാർ
രജത് പാട്ടിദാർ

കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും ഇപ്പോള്‍ ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ഏകദിനത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷാന്‍. അവസാന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും ടീമില്‍ തുടരും. എന്നാല്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യുമോ മധ്യനിരയില്‍ കളിക്കുമോ എന്ന കാര്യം കണ്ടറിയണം. രാഹുലിന്റെയും അയ്യരുടെയും അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന് മധ്യനിരയില്‍ കൂടുതല്‍ അവസരമൊരുങ്ങും. ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചു വരവും ഇന്ത്യന്‍ നിരയ്ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ കഴിയാതിരുന്ന പാണ്ഡ്യ ഈ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ജനുവരി 18ന് ഹൈദരാബാദിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം. മൂന്ന് വീതം ഏകദിന പരമ്പരകളും ടി-20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യയിൽ കളിക്കുക.

logo
The Fourth
www.thefourthnews.in