പ്ലേഓഫ് ഉറപ്പിക്കാനാകാതെ റോയല്‍സ്; സ്ഥാനം 'സേഫാക്കി' സൂപ്പര്‍ കിങ്‌സ്

പ്ലേഓഫ് ഉറപ്പിക്കാനാകാതെ റോയല്‍സ്; സ്ഥാനം 'സേഫാക്കി' സൂപ്പര്‍ കിങ്‌സ്

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ട് പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാറനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അഞ്ച് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ട് പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

41 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദാണ് ചെന്നൈയെ വിജയതീരമണിയിച്ചത്. 27 റണ്‍സ് നേടിയ ഓപ്പണര്‍ രചിന്‍ രവീന്ദ്ര, 22 റണ്‍സ് നേടിയ മധ്യനിര താരം ഡാരില്‍ മിച്ചല്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. മൊയീന്‍ അലി(10), ശിവം ദുബെ(18), സമീര്‍ റിസ്‌വി(15നോട്ടൗട്ട്) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നേരത്തെ മുന്‍നിര ബാറ്റിങ് അപ്പാടെ തകര്‍ന്നടിഞ്ഞപ്പോള്‍ അവസാന ഓവറുകളില്‍ പിടിച്ചുനിന്ന മധ്യനിര താരം റിയാന്‍ പരാഗിന്റെ ബാറ്റിങ്ങാണ് രാജസ്ഥാന്റെ മാനം കാത്തത്. 35 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്ന പരാഗാണ് അവരുടെ ടോപ് സ്‌കോറര്‍.

പരാഗിനു പുറമേ 18 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുകളും സഹിതം 28 റണ്‍സ് നേടിയ ധ്രൂവ് ജൂറല്‍, 21 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ സഹിതം 21 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നായകന്‍ സഞ്ജു സാംസണ്‍ 19 പന്തുകളില്‍ നിന്ന് 15 റണ്‍സ് നേടി പുറത്തായി. നാലോവറില്‍ വെറും 26 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴത്തിയ സിമര്‍ജീത് സിങ്ങാണ് ചെന്നൈയ്ക്കു വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയും ബൗളിങ്ങില്‍ തിളങ്ങി.

logo
The Fourth
www.thefourthnews.in