റാഞ്ചിയില്‍ കറങ്ങി വീണ് ടീം ഇന്ത്യ; മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ 134 റണ്‍സ് പിന്നില്‍

റാഞ്ചിയില്‍ കറങ്ങി വീണ് ടീം ഇന്ത്യ; മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ 134 റണ്‍സ് പിന്നില്‍

നാലു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ഷോയ്ബ് ബാഷിറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ടോം ഹാര്‍ട്‌ലിയും ഒരു വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണും മികച്ച പിന്തുണ നല്‍കി

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. സന്ദര്‍ശകരുടെ ഒന്നാമിന്നിങ്‌സ് 353 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിന് ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 134 റണ്‍സ് കൂടി വേണം. 58 പന്തുകളില്‍ നിന്ന് 30 റണ്‍സുമായി യുവതാരം ധ്രൂവ് ജൂറലും 72 പന്തുകളില്‍ നിന്ന് 17 റണ്‍സുമായി വാലറ്റ താരം കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

നാലു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ഷോയ്ബ് ബാഷിറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ടോം ഹാര്‍ട്‌ലിയും ഒരു വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണും മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനും മധ്യനിര താരങ്ങളായ ശുഭ്മാന്‍ ഗില്ലിനും ജൂറലിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.

ജയ്‌സ്വാള്‍ 117 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 73 റണ്‍സ് നേടിയപ്പോള്‍ 65 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികള്‍ സഹിതം 38 റണ്‍സായിരുന്നു ഗില്‍ നേടിയത്. ജൂറല്‍ 58 പന്ത് നേരിട്ട ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടും. നായകന്‍ രോഹിത് ശര്‍മ(2), മധ്യനിര താരങ്ങളായ രജത് പാട്ടീദാര്‍(17), രവീന്ദ്ര ജഡേജ(12), സര്‍ഫറാസ് ഖാന്‍(14) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 353-ല്‍ പിടിച്ചുകെട്ടിയത്. സെഞ്ചുറി നേടിയ മുന്‍ നായകന്‍ ജോ റൂട്ടി(122)ന്റെ തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ക്ക് തുണയായത്. ഒലി റോബിന്‍സണ്‍(58), ബെന്‍ ഫോക്‌സ്(47) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ജഡേജയ്ക്കു പുറമേ ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, ഒരു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും മികച്ച പ്രകടനം നടത്തി.

logo
The Fourth
www.thefourthnews.in