ലോകകപ്പ് തോൽവി: ശ്രീലങ്കന്‍ ക്രിക്കറ്റിൽ പൊളിച്ചെഴുത്ത്; ബോർഡ് സസ്പെൻഡ് ചെയ്ത് കായിക മന്ത്രി, അർജുന രണതുംഗയ്ക്ക് ചുമതല

ലോകകപ്പ് തോൽവി: ശ്രീലങ്കന്‍ ക്രിക്കറ്റിൽ പൊളിച്ചെഴുത്ത്; ബോർഡ് സസ്പെൻഡ് ചെയ്ത് കായിക മന്ത്രി, അർജുന രണതുംഗയ്ക്ക് ചുമതല

കായിക മന്ത്രി റോഷന്‍ രണസിംഗയുടെ നടപടി രാജ്യത്ത് രാഷ്ട്രീയ പിരിമുറുക്കത്തിലേക്കും നയിച്ചതായാണ് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നത്

ശ്രീലങ്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഏകദിന ലോകകപ്പിലെ തുടർ തോല്‍വികളും ഇന്ത്യയോടേറ്റ കനത്ത പരാജയവും. കായിക മന്ത്രി റോഷന്‍ റണസിംഗെ ക്രിക്കറ്റ് ബോർഡ് സസ്പെന്‍ഡ് ചെയ്ത് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറി. മുന്‍ ശ്രീലങ്കന്‍ നായകന്‍ അർജുന രണതുംഗയാണ് സമിതിയുടെ പുതിയ തലവന്‍. കഴിഞ്ഞ വർഷം ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് സമയത്തെ ബോർഡ് അംഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ചുള്ള റിപ്പോർട്ടില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ റോഷന്‍ രണസിംഗയുടെ നടപടി രാജ്യത്ത് പുതിയ രാഷ്ട്രീയ വടംവലിയിലേക്ക് നയിച്ചതായാണ് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നത്. ഇടക്കാല ഭരണസമിതിക്ക് രണസിംഗെ ചുമതല കൈമാറിയത് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ അറിവോടയല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. കായികമന്ത്രിയുടെ നീക്കത്തില്‍ പ്രസിഡന്റിന് അതൃപ്തിയുണ്ടെന്നും ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ചർച്ചയുണ്ടായേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകകപ്പ് തോൽവി: ശ്രീലങ്കന്‍ ക്രിക്കറ്റിൽ പൊളിച്ചെഴുത്ത്; ബോർഡ് സസ്പെൻഡ് ചെയ്ത് കായിക മന്ത്രി, അർജുന രണതുംഗയ്ക്ക് ചുമതല
ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

എന്നാല്‍ മന്ത്രസഭായോഗ തീരുമാനം എന്തു തന്നെയായാലും ശ്രീലങ്കന്‍ ക്രിക്കറ്റിനെ പുനഃസ്ഥാപിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഇടക്കാല സമിതി തലവനായ അർജുന രണതുംഗ പ്രതികരിച്ചു. മന്ത്രിസഭ എന്തുവേണമെങ്കിലും തീരുമാനിക്കട്ടെ, കൊള്ളക്കാരെ ക്രിക്കറ്റിന്റെ ചുമതല ഏല്‍പ്പിക്കട്ടെ. പക്ഷേ ഞങ്ങള്‍ മുന്നിലുള്ള ദൗത്യവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. ശ്രീലങ്കന്‍ ക്രിക്കറ്റിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുമെന്നും രണതുംഗെ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ 358 റണ്‍സ് പിന്തുടരവെ കേവലം 55 റണ്‍സിന് ശ്രീലങ്ക പുറത്തായിരുന്നു. ഇതിന് പിന്നാലെ ലങ്കയില്‍ ക്രിക്കറ്റ് ബോർഡിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന നിലയിലേക്ക് പ്രതിഷേധം നീങ്ങി. #GoHomeSLCBoard എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാംപയിനും പ്രചരിക്കുകയാണ്. ശ്രീലങ്കന്‍ ബോർഡിന്റെ രാജിയും തോല്‍വികളില്‍ കൃത്യമായ വിശദീകരണവുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.

logo
The Fourth
www.thefourthnews.in