ഏഷ്യാകപ്പ് ഫൈനല്‍: ലങ്കയില്‍ ആഞ്ഞടിച്ച് സിറാജ്; ഇന്ത്യയ്ക്ക്  51 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാകപ്പ് ഫൈനല്‍: ലങ്കയില്‍ ആഞ്ഞടിച്ച് സിറാജ്; ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയലക്ഷ്യം

ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ അടിത്തറയിളക്കിയത്

ഏഷ്യാകപ്പ് ഫൈനലില്‍ മുഹമ്മദ് സീറാജിന്റെ തീയുണ്ടകള്‍ക്കുമുന്നില്‍ തവിടുപൊടിയായി ശ്രീലങ്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ട് ആയി. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണംകെട്ട റെക്കോര്‍ഡും അവര്‍ സ്വന്തം തട്ടകത്തില്‍വച്ച് തലയിലേറ്റി. മാത്രമല്ല ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണ് ഇത്. കിരീടം മോഹിച്ചിറങ്ങിയ ലങ്കന്‍ ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞു. ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ അടിത്തറയിളക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കിരീടം മോഹിച്ചിറങ്ങിയ ലങ്കന്‍ ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞു

പാതും നിസങ്ക(2), സധീര സമര വിക്രമ(0), ചരിത് അസലങ്ക (0), ക്യാപ്റ്റന്‍ ദസുന്‍ ഷനക(0), കുശാല്‍ മെന്‍ഡിസ്(17) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഏകദിന ചരിത്രത്തില്‍ അതിവേഗം അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. 1 പന്തുകളില്‍ നിന്ന് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ സിറാജ് എറിഞ്ഞ അഞ്ച് ഓവറുകളിലെ 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

ആദ്യ ഓവര്‍ മെയ്ഡന്‍ ആക്കി തുടങ്ങിയ സിറാജ് നാലാം ഓവറില്‍ ലങ്കയുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഓവറില്‍ ഓപ്പണര്‍ കുശാല്‍ പെരേരയെ സംപൂജ്യനാക്കി മടക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടക്കം കടക്കും മുന്‍പ് ലങ്കയുടെ നാല് വിക്കറ്റുകളാണ് വീണു. ഇതോടെ സ്വന്തം തട്ടകത്തില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ ലങ്കന്‍ സ്വപ്‌നങ്ങള്‍ ഇന്ത്യയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്പിന്നിനെ തുണച്ച പിച്ച് ഫൈനലില്‍ പേസര്‍മാര്‍ക്ക് അനുകൂലമാവുകയായിരുന്നു. ദനഞ്ജയ ഡി സില്‍വ(4), ദുനിത് വെല്ലലെഗ(8), പ്രമോദ് മധുശന്‍(1), മതീശ പതിരണ(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ദുശന്‍ ഹേമന്ത 15 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. 16ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ശ്രീലങ്കയുടെ കഥകഴിച്ചത്.

logo
The Fourth
www.thefourthnews.in