ലങ്കയ്ക്ക് 'കുശാൽ'; അയര്‍ലന്‍ഡിനെതിരെ ഒമ്പത് വിക്കറ്റ് ജയം

ലങ്കയ്ക്ക് 'കുശാൽ'; അയര്‍ലന്‍ഡിനെതിരെ ഒമ്പത് വിക്കറ്റ് ജയം

ശ്രീലങ്കയ്ക്കായി ഓപ്പണർ കുശാൽ മെൻഡിസ് അർദ്ധ സെഞ്ചുറി നേടി

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ജയം. അയര്‍ലന്‍ഡിനെ ഒമ്പത് വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. അയര്‍ലന്‍ഡ് ഉയർത്തിയ വിജയലക്ഷ്യം 30 പന്ത് ബാക്കി നിൽക്കെ അവർ മറികടന്നു. 128 റൺസ് പിന്തുടർന്ന ലങ്ക 15 ഓവറിൽ 133 റൺസെടുത്തു.

ശ്രീലങ്കയ്ക്കായി ഓപ്പണർ കുശാൽ മെൻഡിസ് അർദ്ധ സെഞ്ചുറി നേടി. അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 43 പന്തിൽ 68 റൺസെടുത്ത കുശാൽ പുറത്താകാതെ നിന്നു. 25 പന്തിൽ 31 റൺസുമായി ചരിത് അസലങ്ക ആയിരുന്നു കുശലിന് കൂട്ടായി ക്രീസിൽ. അസലങ്ക രണ്ട് ഫോറും ഒരു സിക്‌സും നേടി. 25 പന്തിൽ 31 റൺസെടുത്ത ധനഞ്ജയ ഡി സിൽവയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ ലങ്കൻ ബൗളർമാർ ചെറിയ സ്കോറിന് എറിഞ്ഞിടുകയായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ മഹീഷ് തീക്ഷ്ണയും വാനിന്ദു ഹസരങ്കയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി ബിനുര ഫെര്‍നാന്‍ഡോ, ലാഹിരു കുമാര, ചമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിന്റെയും മധ്യനിര താരം ഹാരി ടെക്ടറിന്റെയും ബാറ്റിങ്ങാണ് അയര്‍ലന്‍ഡ് സ്കോർ 128ൽ എത്തിച്ചത്. ടെക്ടര്‍ 42 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയപ്പോള്‍ 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 34 റണ്‍സായിരുന്നു സ്റ്റിര്‍ലിങ്ങിന്റെ സംഭാവന.

logo
The Fourth
www.thefourthnews.in