ഏഷ്യാ കപ്പ്: മിന്നും ജയവുമായി ലങ്കയും, ബംഗ്ലാദേശ് ഏറെക്കുറേ പുറത്തേക്ക്

ഏഷ്യാ കപ്പ്: മിന്നും ജയവുമായി ലങ്കയും, ബംഗ്ലാദേശ് ഏറെക്കുറേ പുറത്തേക്ക്

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മഹീഷ് തീക്ഷ്ണ, മതീഷ പതിരണ, ദസുന്‍ ഷനക എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ മിന്നും ജയം നേടി ശ്രീലങ്കയും ഫൈനല്‍ ബെര്‍ത്തിലേക്ക് കണ്ണെറിഞ്ഞു. കൊളംബോയില്‍ ഇന്നു നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാപ്പടയെ 236-ന് എറിഞ്ഞിട്ടാണ് ലങ്കന്‍ ജയം.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മഹീഷ് തീക്ഷ്ണ, മതീഷ പതിരണ, ദസുന്‍ ഷനക എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 97 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 82 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരങ്ങളായ സദീര സമരവിക്രമയുടെയും കുശാല്‍ മെന്‍ഡിസിന്റെയും മികച്ച ബാറ്റിങ്ങാണ് ലങ്കയ്ക്കു തുണയായത്. 72 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 93 റണ്‍സ് നേടിയ സമരവീരയാണ് ടോപ്സ്‌കോറര്‍. 73 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്സറുകളും സഹിതം 50 റണ്‍സായിരുന്നു മെന്‍ഡിസിന്റെ സംഭാവന.

ഇവര്‍ക്കു പുറമേ 60 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 40 റണ്‍സ് നേടിയ ഓപ്പണര്‍ പാഥും നിസാങ്കയും ലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. നായകന്‍ ദസുന്‍ ഷനക(24), ഓപ്പണര്‍ ദിമുത് കരുണരത്നെ(18), മധ്യനിര താരങ്ങളായ ചരിത് അസലങ്ക(10), ധനഞ്ജയ ഡിസില്‍വ(6) എന്നിവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്‌മൂദ് എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഷൊറിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in