ഡല്‍ഹിയിലും സൂര്യാതപം; ക്യാപിറ്റല്‍സിനെ അടിച്ചൊതുക്കി സണ്‍റൈസേഴ്‌സ്‌

ഡല്‍ഹിയിലും സൂര്യാതപം; ക്യാപിറ്റല്‍സിനെ അടിച്ചൊതുക്കി സണ്‍റൈസേഴ്‌സ്‌

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചു കൂട്ടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും റണ്‍മഴ പെയ്യിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് അവര്‍ 250-നു മേല്‍ സ്‌കോര്‍ ചെയ്യുന്നത്.

വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും മിന്നുന്ന പ്രകടനവും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദിന്റെയും മികച്ച പ്രകടനങ്ങളാണ് സണ്‍റൈസേഴ്‌സിന് തുണയായത്. ഹെഡ് 32 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി ടോപ് സ്‌കോററായി.

അഭിഷേക് 12 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷഹബാസ് 29 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 59 റണ്‍സ് നേടി പുറത്താകാതെ നിന്നു. 27 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ തുടക്കമാണ് ഹെഡും അഭിഷേകും ചേര്‍ന്ന് സമ്മാനിച്ചത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് അവര്‍ അടിച്ചുകൂട്ടിയത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു സണ്‍റൈസേഴ്‌സ്. ഡല്‍ഹിയുടെ ബൗളര്‍മാരെല്ലാം കണക്കിന് ശിക്ഷയേറ്റുവാങ്ങുകയായിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 131-ല്‍ നില്‍ക്കെ അഭിഷേകിനെ മടക്കി കുല്‍ദീപ് യാദവാണ് ഡല്‍ഹിക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ മൂന്നാമനായി ഇറങ്ങിയ എയ്ഡന്‍ മര്‍ക്രമിനെയും അധികം വൈകാതെ ഹെഡിനെയും കുല്‍ദീപ് വീഴ്ത്തി. അപകടകാരിയായ ഹെന്റ്‌റിച്ച് ക്ലാസനെ(1) അക്‌സര്‍ പട്ടേലും മടക്കിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷഹബാസും നിതീഷും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി നാലോവറില്‍ 55 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റണ്‍മഴയ്ക്കിടയിലും നാലോവറില്‍ വെറും 29 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴത്തിയ അക്‌സര്‍ പട്ടേലും തിളങ്ങി. മുകേഷ് കുമാറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in