ചെപ്പോക്കില്‍ സൂര്യനുദിച്ചില്ല; സണ്‍റൈസേഴ്‌സിനെ തുരത്തി സൂപ്പര്‍കിങ്‌സ്

ചെപ്പോക്കില്‍ സൂര്യനുദിച്ചില്ല; സണ്‍റൈസേഴ്‌സിനെ തുരത്തി സൂപ്പര്‍കിങ്‌സ്

മൂന്നോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെയാണ് സണ്‍റൈസേഴ്‌സിനെ തകര്‍ത്തത്

റണ്‍മഴ പെയ്യിച്ച് വിജയം പിടിച്ചെടുക്കാമെന്ന സണ്‍റൈസേഴ്‌സ് മോഹങ്ങള്‍ എറിഞ്ഞൊതുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ സണ്‍റൈസേഴ്‌സിനെ 78 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്നിന് 212 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 18.5 ഓവറില്‍ 134 റണ്‍സിന് പുറത്തായി.

മൂന്നോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെയാണ് സണ്‍റൈസേഴ്‌സിനെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി മുസ്തഫിസുര്‍ റഹ്‌മാനും മതീഷ പതിരണയും മികച്ച പിന്തുണ നല്‍കി. രവീന്ദ്ര ജഡേജ, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സണ്‍റൈസേഴ്‌സ് നിരയില്‍ 26 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമിന് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളു.

നേരത്തെ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ശിവം ദുബെയുടെയും മികച്ച പ്രകടനമാണ് സൂപ്പര്‍ കിങ്‌സിനു തുണയായത്. ഗെയ്ക്ക്‌വാദ് 54 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 98 റണ്‍സാണ് നേടിയത്.

മിച്ചല്‍ 32 പന്തുകളില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സറും സഹിതം 52 റണ്‍സ് നേടിയപ്പോള്‍ ദുബെ 20 പന്തുകളില്‍ നിന്ന് ഒരു ഫോറും നാല് സിക്‌സറുകളും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പത് റണ്‍സ് നേടി പുറത്തായ ഓപ്പണര്‍ അജിന്‍ക്യ രഹാനെ നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ഗെയ്ക്ക്‌വാദ്-മിച്ചല്‍ സഖ്യമാണ് സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

ഇന്നിങ്‌സ് അവസാനിക്കും രണ്ടു പന്തുകളില്‍ നിന്ന് അഞ്ചു റണ്‍സുമായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു ദുബെയ്ക്ക് കൂട്ടായി ക്രീസില്‍. ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലും ധോണിയെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്‌സിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in