വനിതാ പ്രീമിയർ ലീഗിലും 'ടാറ്റ'

വനിതാ പ്രീമിയർ ലീഗിലും 'ടാറ്റ'

വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സിന്റെ മൂല്യം എത്രയാണെന്നത് പുറത്ത് വന്നിട്ടില്ല.

പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർമാരായി 'ടാറ്റ' എത്തുന്നു. അഞ്ച് വർഷത്തേക്കാണ് കരാർ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്റർ വഴിയാണ് വിവരം പുറത്തുവിട്ടത്. വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സിന്റെ മൂല്യം എത്രയാണെന്നത് പുറത്ത് വന്നിട്ടില്ല. നിലവിൽ ടാറ്റ തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെയും ടൈറ്റിൽ സ്‌പോൺസർമാർ. കഴിഞ്ഞ വർഷമാണ് ചൈനീസ് കമ്പനിയായ വിവോയെ മാറ്റി ഇന്ത്യൻ കമ്പനി അവകാശം നേടിയെടുത്തത്. ടാറ്റ മോട്ടോഴ്സിന്റെയും ടാറ്റ ഫിനാന്‍ഷ്യൽ സര്‍വീസിന്റെയും പ്രൊമോഷനാണ് കൂടുതലായും ഉണ്ടാകുക എന്നാണ് അറിയുന്നത്.

നേരത്തെ വനിതാ ഐപിഎല്‍, ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം 951 കോടി രൂപയ്ക്ക് വയകോം 18 സ്വന്തമാക്കിയിരുന്നു. അഞ്ച് വര്‍ഷക്കാലയളവിലേക്കാണ് മുംബൈയില്‍ നടന്ന ലേലത്തില്‍ ഡിസ്‌നി സ്റ്റാറിനെ പിന്തള്ളി വയകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

മാർച്ച് നാലിന് മുംബൈയിലാണ് വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ. ഉദ്‌ഘാടന മത്സരത്തിൽ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഇവർക്ക് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, യു പി വാരിയേഴ്‌സ് എന്നെ ടീമുകളാണ് ടൂർണമെന്റിന്റെ ആദ്യ പതിപ്പിൽ മാറ്റുരയ്ക്കുന്നത്. ആദ്യ മൂന്ന് സീസണുകൾക്ക് ശേഷം 2026 മുതല്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ലീഗ് വിപുലപ്പെടത്താനാണ് ബിസിസിഐയുടെ പദ്ധതി.

മൊത്തം 22 മത്സരങ്ങളാണ് വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിലുണ്ടാവുക. ലീഗ് റൗണ്ടില്‍ അഞ്ച് ടീമുകളും ഹോം-എവേ അടിസ്ഥാനത്തില്‍ രണ്ട് തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ആദ്യമെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലൂടെയാകും രണ്ടാം ഫൈനലിസ്റ്റിനെ നിശ്ചയിക്കുക. മാർച്ച് 26ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഫൈനൽ.

logo
The Fourth
www.thefourthnews.in