കൗമാരക്രിക്കറ്റ് പൂരം; അണ്ടര്‍ 19 ലോകകപ്പിന് ഇന്ന് തുടക്കം, ഇന്ത്യ നാളെ ഇറങ്ങും

കൗമാരക്രിക്കറ്റ് പൂരം; അണ്ടര്‍ 19 ലോകകപ്പിന് ഇന്ന് തുടക്കം, ഇന്ത്യ നാളെ ഇറങ്ങും

ബ്ലുംഫൊണ്ടെയ്‌നില്‍ നാളെ ഇന്ത്യക്ക് അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം. ഫെബ്രുവരി 11-നാണ് ഫൈനല്‍

ലോകക്രിക്കറ്റിലെ വരുംകാല സൂപ്പര്‍ താരങ്ങളുടെ പോരാട്ടവോദിയായ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ നേരിടും. അതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡും യുഎസ്എയും കൊമ്പുകോര്‍ക്കും. അഞ്ചു തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. ബ്ലുംഫൊണ്ടെയ്‌നില്‍ നാളെ ഇന്ത്യക്ക് അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം. ഫെബ്രുവരി 11-നാണ് ഫൈനല്‍.

ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പാണ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത്. ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ അനധികൃതമായി ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി വിലക്കിയതിനേത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് നറുക്ക് വീണത്. ഇതുമൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക യുവ ക്രിക്കറ്റ് പൂരത്തിന് വേദിയാകുന്നത്. ഇതിനു മുമ്പ് 1998-ലും 2020-ലുമാണ് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചത്.

ഇക്കുറി ഫോര്‍മാറ്റില്‍ അടിമുടി മാറ്റം വരുത്തിയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. പങ്കെടുക്കുന്ന 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് ഘട്ടം നടക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ മൂന്നു സ്ഥാനക്കാര്‍ സൂപ്പര്‍ സിക്‌സ് റൗണ്ടിലേക്ക് മുന്നേറും. സൂപ്പര്‍ സിക്‌സിലെത്തുന്ന 12 ടീമുകള്‍ പിന്നീട് രണ്ടുടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

ഗ്രൂപ്പില്‍ പുറത്താകുന്ന ടീമുകള്‍ക്ക് അവിടം കൊണ്ട് ടൂര്‍ണമെന്റ് അവസാനിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. അവര്‍ക്ക് 13 മുതല്‍ 16 വരെയുള്ള സ്ഥാനങ്ങള്‍ക്കായി മത്സരിക്കാം. ഇക്കുറി ടൂര്‍ണമെന്റില്‍ നവാഗതരായി ആരുമില്ല. പങ്കെടുക്കുന്ന 16 ടീമുകളും ഒരിക്കലെങ്കിലും ലോകകപ്പ് കളിച്ചവരാണ്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിങ് ഓള്‍റൗണ്ടര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഏറ്റവും ശ്രദ്ധപിടിച്ചുപറ്റുന്ന താരം. ഇന്ത്യക്കു വേണ്ടി ബാറ്റിങ്ങും ബൗളിങ്ങും ഓപ്പണ്‍ ചെയ്യുക അര്‍ഷിനാണ്. മഹാരാഷ്ട്രയ്ക്കു വേണ്ടി ആഭ്യന്തര തലത്തില്‍ അരങ്ങേറിയ താരം ഇതുവരെ ആറ് ടി20 മത്സരങ്ങളാണ് കളിച്ചിട്ടുളളത്. അതില്‍ നിന്ന് 121 റണ്‍സും നാലു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അര്‍ഷിനു പുറമേ ന്യൂസിലന്‍ഡിന്റെ അഫ്ഗാന്‍ വംശജനായ ലെഗ് സ്പിന്നര്‍ റഹ്മാന്‍ ഹെക്മത്, പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഉബൈദ് ഷാ, അഫ്ഗാനിസ്താന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അല്ലാഹ് മുഹമ്മദ് ഗസ്‌നഫര്‍, ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ലൂക് മാര്‍ട്ടിന്‍ ബെന്‍കെന്‍സ്‌റ്റെയ്ന്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ താരമാകാന്‍ മത്സരിക്കുന്ന യുവതാരങ്ങള്‍.

പാഡ് കെട്ടാനൊരുങ്ങുന്ന മകനും സഹോദരനും

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഏതാനും താരങ്ങള്‍ ഇക്കുറി ലോകകപ്പ് കളിക്കാന്‍ ഇറങ്ങുന്നുണ്ട്. അതില്‍ ഏറെ ശ്രദ്ധ നേടുന്ന രണ്ടു താരങ്ങള്‍ പാകിസ്താന്റെ ഉബൈദ് ഷായും അഫ്ഗാനിസ്താന്റെ ഹസന്‍ ഐസഖിലുമാണ്. പാകിസ്താന്‍ സീനിയര്‍ ടീം പേസര്‍ നസീം ഷായുടെ സഹോദരനാണ് ഉബൈദ് ഷാ.

അഫ്ഗാനിസ്താന്‍ സീനിയര്‍ ടീം താരം മുഹമ്മദ് നബിയുടെ മകനാണ് അഫ്ഗാനു വേണ്ടി ഓപ്പണിങ് ബാറ്റിങ്ങിനായി കളത്തിലിറങ്ങുന്ന ഹസന്‍ ഐസഖില്‍. ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് മറ്റു രണ്ടു താരങ്ങള്‍ കൂടി അഫ്ഗാന്‍ നിരയിലുണ്ട്. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്റെ അനന്തിരവന്‍ ഉസ്മാന്‍ ഖാന്‍ ഷിന്‍വാരിയും അഫ്ഗാന്‍ നിരയിലുണ്ട്.

logo
The Fourth
www.thefourthnews.in