'രാജ്യ'സ്‌നേഹമില്ലാത്തതാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ ശാപം

'രാജ്യ'സ്‌നേഹമില്ലാത്തതാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ ശാപം

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം അവരുടെ മാനേജ്‌മെന്റ് ഇപ്പോഴും 1960-70 കാലത്തേതില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റിട്ടില്ല

ഒരുകാലത്ത് ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചിരുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം നുറുക്കുന്നതാണ്. ക്ലൈവ് ലോയ്ഡും വിവ് റിച്ചാര്‍ഡ്‌സും ജോയല്‍ ഗാര്‍ണറും മാല്‍ക്കം മാര്‍ഷനും പാട്രിക് പാറ്റേഴ്‌സണും കര്‍ട്‌ലി ആംബ്രോസും കോര്‍ട്‌നി വാല്‍ഷും ബ്രയാന്‍ ലാറയും തുടങ്ങി എണ്ണമറ്റ അതികായന്മാരെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്ത കരീബിയന്‍ ദ്വീപ് സമൂഹം ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയോണോ?

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലാദ്യമായി വിന്‍ഡീസ് ടീം ഇല്ലാത്ത ഒരു ചാമ്പ്യന്‍ഷിപ്പിനാണ് ഈ ഒക്‌ടോബറില്‍ ഇന്ത്യ ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം കൊണ്ടുവന്ന ഇംഗ്ലീഷുകാരുടെ മണ്ണില്‍ ആദ്യ ലോകകിരീടം നേടുകയും പിന്നീട് അത് നിലനിര്‍ത്തുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഇന്നെവിടെ?

കളിക്കളത്തിന് അകത്തും പുറത്തും ആരാധകരെ കൈയിലെടുക്കുന്ന വിന്‍ഡീസ് താരങ്ങളില്ലാതെ ഒരു ലോക മാമാങ്കം, ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ലത്. എന്താണ് വിന്‍ഡീസ് ക്രിക്കറ്റിന് സംഭവിച്ചത്. ലോകത്തെ ഒട്ടുമിക്ക ടീമുകളും കൊതിക്കുന്ന മിന്നും താരങ്ങളുണ്ടായിട്ടും വിന്‍ഡീസ് ക്രിക്കറ്റ് ഇങ്ങനെ താഴേക്ക് വീണത് എന്തുകൊണ്ട്? മുന്‍ രാജ്യാന്തര ക്രിക്കറ്റ് അമ്പയറും ഐആർഎസ് ഉദ്യോഗസ്ഥനുമായ ഡോ. കെ എൻ രാഘവൻ ദ ഫോർത്തിനോട് സംസാരിക്കുന്നു.

"വെസ്റ്റ് ഇന്‍ഡീസ് എന്നൊരു രാജ്യമില്ല എന്നതാണ് സത്യം. ഉത്തര അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന്റെയും കരീബിയന്‍ കടലിടുക്കിന്റെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണത്. ക്യൂബ, ജമൈക്ക, ഹെയ്തി, ഗ്രെനഡ, പ്യൂട്ടോറിക്കോ തുടങ്ങിയ രാജ്യങ്ങളും ഇതേ ഭൂപ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ വിസ്തീര്‍ണം കൊണ്ടു ചെറുതായ 13 സ്വതന്ത്ര ദ്വീപുകളെയാണ് കരീബിയന്‍ ദ്വീപുകള്‍ എന്നു വിശേഷിപ്പിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം അവരുടെ മാനേജ്‌മെന്റ് ഇപ്പോഴും 1960-70 കാലത്തേതില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റിട്ടില്ല.

ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ബാര്‍ബഡോസ്, ആന്റിഗ്വ തുടങ്ങിയവയാണ് ഇതിലെ പ്രമുഖ ദ്വീപുകള്‍. ക്രിക്കറ്റ് എന്ന കായിക വിനോദത്തിലൂടെയാണ് വെസ്റ്റ് ഇന്‍ഡീസ് എന്ന കൂട്ടായ്മ ഉണ്ടാകുന്നതെന്നതാണ് സത്യം. എല്ലായിടത്തുമെന്നുപോലെ കരീബിയന്‍ ദ്വീപുകളിലെ 'സമ്പത്ത്' ലക്ഷ്യമിട്ട് എത്തിയ ബ്രിട്ടീഷുകാരാണ് അവിടെ ക്രിക്കറ്റിന്റെ വിത്ത് വിതയ്ക്കുന്നത്.

ഇംഗ്ലീഷുകാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു അവിടെ ക്രിക്കറ്റിന് പ്രചാരം ലഭിച്ചത്. ആകാരത്തിലും ആരോഗ്യത്തിലും ഇംഗ്ലീഷുകാരെ കവച്ചുവയ്ക്കുന്ന പ്രകടനം അന്നാട്ടുകാര്‍ പുറത്തെടുത്തതോടെ ക്രിക്കറ്റ് വളരെ വേഗം വേരുപിടിച്ചു. ഇതോടെയാണ് വിവിധ ദ്വീപുകളിലെ മികച്ച താരങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ എത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് എന്ന പേരില്‍ ക്രിക്കറ്റ് ബോർഡ് രൂപീകരിക്കുന്നത്. 1980കൾ വരെ അവിടെ വളർന്നു വരുന്ന കുട്ടികളുടെ കരിയർ രൂപീകരണത്തിന് ക്രിക്കറ്റ് ഏറെ സഹായിച്ചു. ഇംഗ്ലണ്ടിൽ പോയി കൗണ്ടി ക്രിക്കറ്റും ക്ലബ് ക്രിക്കറ്റുമൊക്കെ അവർ കളിച്ചു.

വെസ്റ്റ് ഇൻഡീസ് ടീമിലെത്തിയ സര്‍ ഗര്‍ഫീല്‍ഡ്‌ സോബേഴ്‌സ്, റിച്ചാർഡ്‌സ് എന്നിവർ ലോക ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറി

ഫ്രാങ്ക് വോറെൽ, ക്ലൈവ്‌ ലോയിഡ് എന്നിവർ ക്യപ്റ്റന്മാരായിരുന്ന കാലമായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ സുവർണ കാലഘട്ടം. 1960 വരെ ജെറി അലക്‌സാണ്ടർ എന്ന വെള്ളക്കാരൻ ആയിരുന്നു വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ. പല ഇടങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല. ഇവരെ ഒന്നിപ്പിച്ച് ഒരു ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുകയെന്നത് നല്ല ഒരു ക്യാപ്റ്റനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു. അത്തരത്തിൽ മികച്ച ഒരു ടീമിന്റെ രൂപീകരണത്തിന് സാധിച്ചിട്ടുള്ളത് ലോയിഡിന്റെ കാലത്തായിരുന്നു.

പിന്നീട് വെസ്റ്റ് ഇൻഡീസ് ടീമിലെത്തിയ സര്‍ ഗര്‍ഫീല്‍ഡ്‌ സോബേഴ്‌സ്, റിച്ചാർഡ്‌സ് എന്നിവർ ലോക ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറി. ഇന്നും അവര്‍ക്കു മുകളില്‍ മറ്റാരെങ്കിലും വന്നിട്ടുണ്ടോയെന്നതു സംശയമാണ്.

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കീഴില്‍ ടീം ഇന്ത്യക്ക് നേട്ടം കൊയ്യാനാകാതെ പോയത് നമ്മള്‍ കണ്ടതാണ്

എന്നാൽ വ്യക്തിപരമായ പ്രകടനങ്ങൾ മെച്ചപ്പെടും തോറും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മോശമായി തുടങ്ങി. മികച്ച താരങ്ങളെ 'സൃഷ്ടിക്കുമ്പോഴും' ടീമെന്ന നിലയില്‍ വിന്‍ഡീസിന്റെ വളര്‍ച്ച താഴേക്കായിരുന്നുവെന്നു വേണം പറയാന്‍. അതിനു പ്രധാനകാരണം വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നു വന്ന ഒരു കൂട്ടം ആള്‍ക്കാര്‍ മാത്രമായിരുന്നു 'വെസ്റ്റിന്‍ഡീസ് ടീം' എന്നതാണ്. ഒരു രാജ്യത്തിന്റെ പതാകയ്ക്കു കീഴിലായിരുന്നില്ല അവര്‍ ഒരുമിച്ചത്, ഒരു രാജ്യത്തിനു വേണ്ടിയായിരുന്നില്ല അവര്‍ കളിച്ചത്, മറിച്ച് തങ്ങള്‍ക്ക് കൃത്യമായി വേതനം നല്‍കുന്ന ഒരു ക്രിക്കറ്റ് ബോര്‍ഡിനു വേണ്ടിയായിരുന്നു.

മിന്നും താരങ്ങള്‍ ഉണ്ടായാല്‍ മാത്രം ഒരു ടീം വിജയം കൊയ്യില്ല. അതു എല്ലായിടത്തും അങ്ങനെയാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കീഴില്‍ ടീം ഇന്ത്യക്ക് നേട്ടം കൊയ്യാനാകാതെ പോയത് നമ്മള്‍ കണ്ടതാണ്.

സച്ചിനു കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് എന്ന് ആശങ്കപ്പെട്ട് ഇന്ത്യക്ക് നോക്കിനില്‍ക്കേണ്ടി വന്നിട്ടില്ല. കാരണം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ ചങ്കുറപ്പോടെ നില്‍ക്കാന്‍ പിന്നീട് സൗരവ് ഗാംഗുലിയും മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയുമെല്ലാം മുന്നോട്ടു വന്നു. അവരെ നയിച്ചത് ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന അഭിമാനബോധമാണ്. അതാണ് ഇന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് ഇല്ലാതെ പോയതും.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം അവരുടെ മാനേജ്‌മെന്റ് ഇപ്പോഴും 1960-70 കാലത്തേതില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റിട്ടില്ല. ക്രിക്കറ്റ് ഏറെ വളര്‍ന്നുവെന്നും പ്രൊഫഷണല്‍ ആയെന്നും അവര്‍ക്കു മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കളിക്കാരെ നിയന്ത്രിച്ചു നിർത്തുകയെന്ന രീതിയാണ് അവരിപ്പോഴും പിന്തുടരുന്നത്. കളിക്കാരും ബോർഡും തമ്മിലുള്ള നിരന്തരമായ വഴക്കിന് ഇതൊരു കാരണമാണ്.

ക്രിക്കറ്റിന്റെ കാര്യം എടുത്താൽ ആത്യന്തികമായി രണ്ടു കാര്യങ്ങളാണ് എല്ലാവരും നോക്കുന്നത്. ഒന്ന് പണം, രണ്ട് രാജ്യത്തിന് വേണ്ടി കളിക്കുക എന്ന അഭിമാനം. ഇതു രണ്ടുമാണ് ഇന്നു വിന്‍ഡീസിനെ പിന്നോട്ടടിക്കുന്നത്. കളിക്കളത്തില്‍ ഒഴുക്കുന്ന വിയര്‍പ്പിന് താരങ്ങള്‍ക്ക് അര്‍ഹിച്ച വേതനം നല്‍കാന്‍ തക്ക വളര്‍ച്ച വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ കൈവരിച്ചിട്ടില്ല. അതിനൊപ്പം ദേശീയ ബോധമില്ല എന്നത് ടീമിന്റെ കെട്ടുറപ്പിനെയും ബാധിക്കുന്നു.

ഇതുകൊണ്ടു തന്നെ ഇന്നു വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് തങ്ങളുടെ ടീം ജഴ്‌സിയില്‍ കളിക്കുന്നതിനേക്കാള്‍ താല്‍പര്യം ലോകത്തെ വിവിധ ഫ്രാഞ്ചൈസികളില്‍ ക്ലബ് ക്രിക്കറ്റ് കളിക്കാനാണ്. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി കിട്ടിയാല്‍ ആരാണ് ആ ജോലിക്ക് തയാറാകാതിരിക്കുക.

70കളിലും 80-കളിലും കണ്ട വിജയ തൃഷ്ണയും ഊര്‍ജ്ജസ്വലതയും ഇന്നത്തെ ടീമില്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം

1979-നു ശേഷം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ഉണര്‍വ് കണ്ടത് 2016-ലായിരുന്നു. അന്നു നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ എന്തു മനോഹരമായാണ് അവര്‍ കളിച്ചത്. 80-കളില്‍ കണ്ട കാലിപ്‌സോ സൗന്ദര്യം അന്നു ലോകം വീണ്ടും കണ്ടു. പക്ഷേ അതു നിലനിര്‍ത്താനോ, വളര്‍ത്തിയെടുക്കാനോ ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞില്ലെന്നതാണ് സത്യം. അവർക്ക് ഏറ്റവും മികച്ച കളിക്കാർ സ്വന്തമായുണ്ട്. പക്ഷെ അവരെയെല്ലാം ഒരുമിച്ച് കൊണ്ട് പോകാൻ കഴിയുന്നില്ല, വിവിധ സംസ്‌കാരങ്ങളില്‍ നിന്നു വരുന്ന ഒരുകൂട്ടം താരങ്ങളെ ഒന്നിച്ചൊരു സൈന്യമായി നയിക്കാന്‍ ഒരു നായകനില്ല.

അടിസ്ഥാനപരമായി അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാണ്. 70കളിലും 80-കളിലും കണ്ട വിജയ തൃഷ്ണയും ഊര്‍ജ്ജസ്വലതയും ഇന്നത്തെ ടീമില്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പക്ഷേ അവരെ എഴുതിത്തള്ളാന്‍ കഴിയില്ല.

അടിച്ചമർത്തപ്പെട്ടിരുന്ന ഒരു രാജ്യമെന്ന നിലയിൽ എപ്പോഴൊക്കെ അവരുടെ അഭിമാനത്തിന് ക്ഷതം ഏറ്റിട്ടുണ്ടോ അപ്പോഴൊക്ക അവർ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുമായുള്ള പരമ്പരയിൽ അവർ അതിശക്തമായി തിരിച്ചു വരാനുള്ള സാധ്യതയും കൂടുതലാണ്.

സ്കോട്ലൻഡിനോട് നേരിട്ട തോൽവി വെസ്റ്റ് ഇൻഡീസിന് കരണത്തേറ്റ ഒരടിയാണെന്ന് പറയാം. എന്നാൽ പണ്ട് അടിച്ചമർത്തപ്പെട്ടിരുന്ന ഒരു രാജ്യമെന്ന നിലയിൽ എപ്പോഴൊക്കെ അവരുടെ അഭിമാനത്തിന് ക്ഷതം ഏറ്റിട്ടുണ്ടോ അപ്പോഴൊക്ക അവർ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുമായുള്ള പരമ്പരയിൽ അവർ അതിശക്തമായി തിരിച്ചു വരാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ ക്രിക്കറ്റ് കൺട്രോൾ ബോർഡും വെസ്റ്റ് ഇൻഡീസിന്റെ മടങ്ങി വരവിനെ സഹായിക്കണം. അല്ലെങ്കിൽ അതിനു സാധിക്കാതെ പോകും.

നെതർലൻഡ്‌സ്‌മായിട്ടുള്ള തോൽവിയാണ് ശരിക്കും വെസ്റ്റ് ഇൻഡീസിനെ ഏറ്റവും മോശമായി ബാധിച്ചതെന്നു പറയാം. ആ മത്സരത്തിലെ ഫീൽഡിങ് ഏറ്റവും മോശമായിരുന്നു. ഫീൽഡിങ് വഴി ഒരു ഇരുപത് റൺ ഒക്കെ കുറവ് വരുകയെന്നത് കളിയുടെ ഗതിനിർണയം തന്നെ നടത്താൻ കഴിയുന്നതാണ്.

അതിനാൽ ക്രിക്കറ്റിലെ പ്രധാന ഘടകമാണ് ഫീൽഡിങ്. ആ രീതിയിലും വെസ്റ്റ് ഇൻഡീസ് ഒരു പരാജയമായിപ്പോയി. ബൗളിങ്ങിലും വെസ്റ്റ് ഇൻഡീസിന്റെ പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേഴ്‌സിനെ കൊണ്ട് നിറഞ്ഞ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്. പണ്ടൊക്കെ വെസ്റ്റ് ഇൻഡീസിന്റെ വാശിയോടെയുള്ള കളി കാണാൻ തന്നെ ഒരു രസമായിരുന്നു. തീപാറുന്ന ബൗളിങ്ങും ആരെയും കൂസാത്ത ബാറ്റിങ്ങുമായി അവര്‍ കാണികളെ ആനന്ദ നൃത്തം ചവിട്ടിച്ചിരുന്നു".

logo
The Fourth
www.thefourthnews.in