കം ബാക്ക് മാൻ ഓഫ് ഇന്ത്യൻ ക്രിക്കറ്റ്’; ജിമ്മിയെന്ന കപിലിന്റെ 'സെക്കന്‍ഡ് ലെഫ്റ്റനെന്റ്'

കം ബാക്ക് മാൻ ഓഫ് ഇന്ത്യൻ ക്രിക്കറ്റ്’; ജിമ്മിയെന്ന കപിലിന്റെ 'സെക്കന്‍ഡ് ലെഫ്റ്റനെന്റ്'

കരിയറിൽ 69 ടെസ്റ്റ് മത്സരങ്ങളും 85 ഏകദിന മത്സരങ്ങളുമാണ് അമർനാഥ് കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 42.50 ശരാശരിയിൽ 4,000ത്തിലധികം റൺസ് നേടി. ഏകദിനത്തിൽ 1800ൽ അധികം റൺസും 46 വിക്കറ്റും നേടിയിട്ടുണ്ട്.

ഇതിഹാസതാരം സുനിൽ ഗവാസ്കർ അദ്ദേഹത്തിന്റെ ''ഐഡൽസ്'' എന്ന പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന് വിശേഷിപ്പിച്ച വ്യക്തി, 1983 ലോകകപ്പ് സെമിയിലും ഫൈനലിലും മാൻ ഓഫ് ദ മാച്ച് ആയ താരം, മൊഹീന്ദർ അമർനാഥ് ഭരദ്വാജ്. ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കി ഇന്ത്യയുടെ ചരിത്ര വിജയത്തിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായ അമർനാഥിന്റെ പങ്ക് വലുതാണ്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ അദ്ദേഹത്തിന്റെ കൃത്യമായ സീം ബൗളിങ്ങാണ് ഡേവിഡ് ഗോവറിന്റെയും മൈക്ക് ഗാറ്റിങ്ങിന്റെയും വിക്കറ്റുകൾ തെറിക്കാൻ കാരണമായത്. തന്റെ 12 ആം ഓവറിൽ 27 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ബാറ്റിങ്ങിന് മടങ്ങിയ അദ്ദേഹം 46 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നൽകി.

ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിലെ മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്സ്, ജോയൽ ഗാർണർ എന്നിവരടങ്ങുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിൽ നേരിട്ടത്. 54.4 ഓവറിൽ 183 എന്ന നിസ്സാര സ്കോറിന് പുറത്തായതോടെ ഇന്ത്യ നിരാശയിലായി. ഇവിടെയും വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളിങ്ങിനെതിരെ അമർനാഥിന്റെ കംപോസ്ഡ് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് ആവശ്യമായ അടിത്തറ നൽകിയത്. ഫൈനലിൽ ഏറ്റവും കൂടുതൽ സമയം ക്രീസിൽ നിന്ന് 26 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനും ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായ ലാലാ അമർനാഥിന്റെയും കൈലാഷ് കുമാരിയുടെയും രണ്ടാമത്തെ മകനായി 1950 സെപ്റ്റംബർ 24ന് പട്യാലയിൽ ജനനം. ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിൽ നിന്ന് വന്ന അമർനാഥും വളരെ നേരത്തെ തന്നെ കളിക്കളത്തിലിറങ്ങി. എന്നാൽ അപൂർവ കാലങ്ങളൊഴിച്ചാൽ അമർനാഥ് ഒരിക്കൽപോലും ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം മുഖമായിരുന്നില്ല. മീഡിയം പേസ് ബൗളറും ബാറ്റ്‌സ്മാനുമായിരുന്ന അദ്ദേഹം പല തവണ ടീമിൽ ഇടം കിട്ടാതെ പുറത്താവുകയും പിന്നീട് തിരികെവരികയുമുണ്ടായി. തുടർച്ചയായി ടീമിലേക്ക് നടത്തിയ റീ-എൻട്രികൾക്ക് പിന്നാലെ അദ്ദേഹത്തിനൊരു പേരും വീണു: കം ബാക്ക് മാൻ ഓഫ് ഇന്ത്യൻ ക്രിക്കറ്റ്’ (Comeback Man of Indian Cricket).

1969 ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിലൂടെയാണ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 16 റൺസ് മാത്രമാണ് അമർനാഥിന് നേടാനായത്. ഹോം പരമ്പരയിലെ അരങ്ങേറ്റത്തിന് ശേഷം ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് 1975 വരെ കാത്തിരിക്കേണ്ടി വന്നു. അസാമാന്യമായ ധീരതയും നിശ്ചയദാർഢ്യവുമാണ് അമർനാഥിനെ എന്നും കളിക്കളത്തിൽ വ്യത്യസ്തനാക്കിയത്. 1982-83 സീസണിൽ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാനായിരുന്ന സമയമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള കാലം. ശക്തരായ വിൻഡീസിനും പാകിസ്താനുമെതിരായ രണ്ട് എവേ ടെസ്റ്റ് പരമ്പരകളിൽ 1100ലധികം റൺസാണ് താരം നേടിയത്. തുടർന്നായിരുന്നു 1983 ലോകകപ്പിന്റെ സെമിഫൈനലുകളിലേയും ഫൈനലുകളിലേയും മാച്ച് വിന്നിങ് പ്രകടനങ്ങൾ. ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളിൽ ഒരു റൺസ് മാത്രം നേടിയ അമർനാഥ് വീണ്ടും ഫോം ഔട്ടായി. തുടർന്നുള്ള കഠിനാധ്വാനത്തിന്റെ ഫലമായി ബാറ്റിങ്ങിലും ഫിറ്റ്‌നസിലും വന്ന മാറ്റം മറ്റൊരു തിരിച്ചുവരവിന്റെ സൂചനയായിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ഫാസ്റ്റ് ബൗളിങ്ങിൽ പിന്നിലായിരുന്ന അദ്ദേഹം പിന്നീട് ഷോർട്ട് പിച്ച് ഡെലിവറികളിൽ മാന്ത്രികനായി മാറി. കളിക്കളത്തിൽ നിരവധി തവണ പരുക്കേൽക്കേണ്ടി വന്നെങ്കിലും ആ വേദനയൊന്നും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. അദ്ദേഹത്തിന്റെ ഈ മനോഭാവത്തെ പാകിസ്താന്റെ ഇമ്രാൻ ഖാനും വെസ്റ്റ് ഇൻഡീസിന്റെ മാൽക്കം മാർഷലുമുൾപ്പടെയുള്ളവർ പ്രശംസിച്ചിട്ടുണ്ട്.

1969 മുതൽ 1989 വരെ നീണ്ടുനിന്ന കരിയറിൽ 69 ടെസ്റ്റ് മത്സരങ്ങളും 85 ഏകദിന മത്സരങ്ങളുമാണ് അമർനാഥ് കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 42.50 ശരാശരിയിൽ 11 സെഞ്ചുറികളും 24 അർധസെഞ്ചുറികളും ഉൾപ്പെടെ 4,000ത്തിലധികം റൺസ് നേടി. ഏകദിനത്തിൽ 1800ൽ അധികം റൺസും 46 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

90കളിൽ ബംഗ്ലാദേശിനൊപ്പം പരിശീലകനായി പ്രവർത്തിച്ചു. 1996ൽ ആ വർഷത്തെ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നിന്ന് പരാജയപ്പെട്ടതോടെ പരിശീലകനെന്ന സ്ഥാനമൊഴിഞ്ഞു. 2008ൽ ബംഗാൾ രഞ്ജി ടീമിന്റെ കൺസൾട്ടന്റായി നിയമിതനായ അദ്ദേഹം ഇപ്പോൾ വിവിധ പ്രക്ഷേപണ, വാർത്താ ചാനലുകളിൽ അനലിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിന് മൊഹീന്ദർ അമർനാഥ് നൽകിയ സംഭാവനകൾ അളവറ്റതാണ്. കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സമ്മർദത്തിന് കീഴിലും മികച്ച പ്രകടനം നടത്താനുള്ള കഴിവും ക്രിക്കറ്റ് താരങ്ങളുടെ വരും തലമുറകളെയും പ്രചോദിപ്പിക്കും. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ അമർനാഥിന്റെ പേര് എന്നെന്നേക്കുമായി നിലനിൽക്കും.

logo
The Fourth
www.thefourthnews.in