തീയുണ്ട തന്നെ! സ്‌ട്രേക്കറുടെ ഏറില്‍ തകര്‍ന്നത് റബാഡ

തീയുണ്ട തന്നെ! സ്‌ട്രേക്കറുടെ ഏറില്‍ തകര്‍ന്നത് റബാഡ

48.5 ഓവറില്‍ പാക് ഇന്നിങ്‌സിന് തിരശീല വീഴുമ്പോള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണ് സ്‌ട്രേക്കറുടെ പേരില്‍ കുറിക്കപ്പെട്ടത്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ പാകിസ്താനെതിരായ സെമിഫൈനലിനു മുമ്പുള്ള ഓസ്‌ട്രേലിയയുടെ മൂന്നു മത്സരങ്ങളിലും മീഡിയം പേസര്‍ ടോം സ്‌ട്രേക്കറിന് ആദ്യ ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. എന്നാല്‍ സെമിയില്‍ ലഭിച്ച അവസരം പാഴാക്കാന്‍ സ്‌ട്രേക്കര്‍ ഒരുക്കമായിരുന്നില്ല. 9.5 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി പാകിസ്താന്റെ ആറു വിക്കറ്റുകള്‍ എറിഞ്ഞിട്ട സ്‌ട്രേക്കറിന്റെ മാച്ച് വിന്നിങ് പെര്‍ഫോമന്‍സിന്റെ മികവിലാണ് ഓസീസ് തങ്ങളുടെ ആറാം ഫൈനലില്‍ ഇന്ത്യന്‍ നേരിടാന്‍ ഇറങ്ങുന്നത്.

മുന്‍നിര പേസര്‍ ചാര്‍ലി ആന്‍ഡേഴ്‌സന്റെ പകരക്കാരനായാണ് സ്‌ട്രേക്കര്‍ ഇന്നലെ ടീമില്‍ ഇടംനേടിയത്. എന്നാല്‍ പകരക്കാരന്റെ റോളില്‍ നിന്ന് മാറി ടീമിന്റെ പ്രധാന ആയുധമായി മാറുകയായിരുന്നു താരം ഇന്നലെ. തന്റെ ആദ്യ സ്‌പെല്ലില്‍ പാകിസ്താന്റെ മുന്‍നിരയെ തകര്‍ത്ത സ്‌ട്രേക്കര്‍ തിരിച്ചുവരവില്‍ അവരുടെ വാലറ്റത്തെയും തുടച്ചുനീക്കി.

48.5 ഓവറില്‍ പാക് ഇന്നിങ്‌സിന് തിരശീല വീഴുമ്പോള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണ് സ്‌ട്രേക്കറുടെ പേരില്‍ കുറിക്കപ്പെട്ടത്. 2014-ലെ സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ കുറിച്ച ആറിന് 25 എന്ന റെക്കോഡ് പഴങ്കഥയായി.

ഇന്നലെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 48.5 ഓവറില്‍ 179 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് താരതമ്യേന ദുര്‍ബല വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്‌സന്റെയും 49 റണ്‍സ് നേടിയ മധ്യനിര താരം ഒളിവര്‍ പീക്കിന്റെയും പ്രകടനമാണ് ഓസീസിന് ജയമൊരുക്കിയത്. ഡിക്‌സണ്‍ 75 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റണ്‍സ് നേടിയപ്പോള്‍ പീക് 75 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതമാണ് 49 റണ്‍സ് അടിച്ചെടുത്തത്. 25 റണ്‍സ് നേടിയ ടോം ക്യാംപെല്‍, 19 റണ്‍സ് നേടി പുറത്താകാതെ നിന്ന റാഫ് മക്മില്ലന്‍ എന്നിവരാണ് മറ്റ് പ്രധാനസ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in