വാങ്ക്‌ഡെയില്‍ ടോസ് ഇന്ത്യയ്ക്ക്, ന്യൂസിലന്‍ഡിനെതിരേ ബാറ്റിങ്

വാങ്ക്‌ഡെയില്‍ ടോസ് ഇന്ത്യയ്ക്ക്, ന്യൂസിലന്‍ഡിനെതിരേ ബാറ്റിങ്

ടീമില്‍ മാറ്റങ്ങളൊന്നും കൂടാതെയാണ് ഇന്ത്യ ഇറങ്ങുക

ടോസ് ഏറെ നിര്‍ണായകമായ മത്സരത്തില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ടീമില്‍ മാറ്റങ്ങളൊന്നും കൂടാതെയാണ് ഇന്ത്യ ഇറങ്ങുക. ന്യൂസിലന്‍ഡ് ടീമിലും മാറ്റമില്ല.

2019 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ ജയം കിവീസിനൊപ്പമായിരുന്നു. അതിന് പകരം വീട്ടുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ടീം ഇന്ത്യ- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ടീം ന്യൂസിലന്‍ഡ്- ഡെവണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, 9 ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

ടൂര്‍ണമെന്റില്‍ അജയ്യരായാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒമ്പത് മത്സരങ്ങളും ജയിച്ച ഏക ടീം ഇന്ത്യയാണ്. ആ ഫോം തുടരാനാണ് ടീമിന്റെ ലക്ഷ്യം. മറുവശത്ത് ഗ്രൂപ്പ് തലത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്ക് ചോദിക്കാനാണ് കെയ്ന്‍ വില്യംസന്റെ നേതൃത്വത്തിലുള്ള കിവീസ് ടീം ഉന്നമിടുന്നത്.

ലോകകപ്പ് ചരിത്രത്തില്‍ ഇത് ഇന്ത്യയുടെ ഏഴാം സെമിഫൈനല്‍ പോരാട്ടമാണിത്. ഇതിനു മുമ്പ് 1983, 1987, 1996, 2003, 2011, 2015, 2019 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ സെമി കളിച്ചത്. ഇതില്‍ 83, 2003, 2011 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ് സെമി കടന്ന് മുന്നേറാന്‍ ഇന്ത്യക്ക് കഴിഞ്ഞത്.

87-ല്‍ ഇംഗ്ലണ്ടിനു മുന്നിലും, 96-ല്‍ ശ്രീലങ്കയ്ക്കു മുന്നിലും തലകുനിച്ച ഇന്ത്യക്ക് 2015-ല്‍ ഓസ്ട്രേലിയയും 2019-ല്‍ ന്യൂസിലന്‍ഡുമാണ് നിരാശ സമ്മാനിച്ചത്. ഇക്കുറി അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ടീമിന്റെ ശ്രമം.

ബാറ്റിങ്-ബൗളിങ്-ഫീല്‍ഡിങ് തുടങ്ങി സമസ്ത മേഖലകളിലും ഇന്ത്യ മികച്ച ഫോമിലാണ്. റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ടോപ് ഫൈവില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം കാണാനാകും. അതുതന്നെയാണ് ഇന്ത്യയുടെ കരുത്തും.

ബാറ്റിങ്ങില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനവുമായി ഫോം തെളിയിച്ചു കഴിഞ്ഞു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബാറ്ററിക്കും വീര്യം കൂടുതലാണ്. ബുംറ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുമ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും വിക്കറ്റ് കൊയ്യുന്നുമുണ്ട്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മികച്ച് സ്പിന്‍ബൗളിങ്ങിലൂടെ എതിരാളികളെ വട്ടംകറക്കുന്നു. ഇതെല്ലാം കണക്കിലെടുത്താല്‍ ഇന്ത്യക്കാണ് മത്സരത്തില്‍ മേല്‍കൈ.

എന്നാല്‍ മറുവശത്ത് ന്യൂസിലന്‍ഡ് ഏത് സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്നും തിരിച്ചുവരാന്‍ കെല്‍പുള്ളവരാണ്. പ്രത്യേകിച്ച് നോക്കൗട്ട് മത്സരങ്ങളില്‍ അവരുടെ വിജയശതമാനം ഏറെ ഉയര്‍ന്നതാണ്. കിവീസിനും കാര്യമായ ഫോം പ്രശ്നങ്ങള്‍ ഒന്നുമില്ല.

ബാറ്റിങ് നിരയില്‍ പുത്തന്‍ താരോദയം രചിന്‍ രവീന്ദ്ര, നായകന്‍ കെയ്ന്‍ വില്യംസണ്‍, ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ, മധ്യനിര താരങ്ങളായ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഉപനായകനുമായ ടോം ലാതത്തിന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് മാത്രമാണ് അവരെ വലയ്ക്കുന്നത്.

ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയിലാണ് കിവീസിന്റെ പ്രതീക്ഷയത്രയും. ബോള്‍ട്ടിനൊപ്പം ടിം സൗത്തി, ലോക്കീ ഫെര്‍ഗൂസന്‍ എന്നിവര്‍ ചേരുമ്പോള്‍ ബൗളിങ് യൂണിറ്റ് അതിശക്തമാകും. സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ഗ്രൂപ്പ് റൗണ്ടിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയതാണ്.

logo
The Fourth
www.thefourthnews.in