ധോണി 'താഴേക്ക്' ഇറങ്ങിയതിന് കാരണമുണ്ട്; വിമര്‍ശനങ്ങള്‍ വിഴുങ്ങി ഹര്‍ഭജനും ഇര്‍ഫാനും

ധോണി 'താഴേക്ക്' ഇറങ്ങിയതിന് കാരണമുണ്ട്; വിമര്‍ശനങ്ങള്‍ വിഴുങ്ങി ഹര്‍ഭജനും ഇര്‍ഫാനും

തന്റെ കരിയറില്‍ ഇതാദ്യമായാണ് ധോണി ലോവര്‍ ഓര്‍ഡറില്‍ ഇത്രയും താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്തത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ഏവരെയും അമ്പരപ്പിക്കുന്ന തീരുമാനമാണ് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കൈക്കൊണ്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി ഒമ്പതാമനായാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. തന്റെ കരിയറില്‍ ഇതാദ്യമായാണ് ധോണി ലോവര്‍ ഓര്‍ഡറില്‍ ഇത്രയും താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്തത്.

ഇതിനു പിന്നാലെ ധോണിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനും രംഗത്തു വന്നിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ ഇത്രയും താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ധോണി ചെന്നൈയുടെ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു അവരുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ ധോണി താഴേക്ക് ഇറങ്ങാനുള്ള കാരണം വ്യക്തമാക്കിയിരക്കുകയാണ് ചെന്നൈ ടീം മാനേജ്‌മെന്റ്.

വലത് കാലിലെ മസലിന് പരുക്കേറ്റതിനാല്‍ വിക്കറ്റിനിടയില്‍ ഓടാന്‍ കഴിയാത്തതിനാലാണ് ധോണി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരുക്കില്‍ നിന്ന് താരം മുക്തനായി വരുന്നതേയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനു മുമ്പ് നടന്ന മത്സരത്തില്‍ ഡബിള്‍ ഓടിയെടുക്കാന്‍ അവസരമുണ്ടായിട്ടും നോണ്‍ സ്‌ട്രൈക്കര്‍ ഡാരില്‍ മിച്ചലിനെ ധോണി തിരിച്ചയച്ചതും വലിയ വാര്‍ത്തയായിരുന്നു. ആ മത്സരത്തില്‍ പിന്നീട് ധോണി റണ്ണൗട്ടാകുകയും ചെയ്തിരുന്നു. മസിലിനേറ്റ പരുക്കാണ് ഈ സംഭവങ്ങള്‍ക്കു പിന്നിലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

''തുറന്നു പറഞ്ഞാല്‍ ഞങ്ങള്‍ ബി ടീമിനെയാണ് ഇപ്പോള്‍ കളത്തിലിറക്കുന്നത്. ധോണിയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹം ടീമിനു വേണ്ടി ചെയ്യുന്ന ത്യാഗം എന്താണെന്ന് മനസിലാക്കുന്നില്ല''- ടീം മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. ടീമിന്റെ പരുക്കേറ്റ രണ്ടാം വിക്കറ്റ് കീപ്പറായ ഡെവണ്‍ കോണ്‍വെ ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നെങ്കില്‍ ധോണിക്ക് വിശ്രമം അനുവദിക്കാമായിരുന്നെന്നും ഇപ്പോള്‍ വേദനസംഹാരികള്‍ കഴിച്ചുകൊണ്ടാണ് ധോണി കളത്തിലിറങ്ങുന്നതെന്നും ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കോണ്‍വേയുടെ അഭാവത്തില്‍ അത് അവഗണിച്ച് ധോണിക്ക് കളത്തിലിറങ്ങേണ്ടി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്‍ സീസണിലും പരുക്ക് വകവയ്ക്കാതെ ധോണിക്ക് പല മത്സരങ്ങളിലും കളിക്കേണ്ടി വന്നിരുന്നു. അന്ന് കാല്‍മുട്ടിനേറ്റ പരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. നീ ക്യാപ്() ധരിച്ച് ധോണി ബാറ്റിങ്ങും കീപ്പിങ്ങും ചെയ്യുന്നത് അന്ന് വലിയ വാര്‍ത്തകളുമായിരുന്നു. പിന്നീട് ആ സീസണിനു ശേഷം കാല്‍മുട്ടിന്റെ പരുക്ക് ഭേദമാക്കാന്‍ ധോണി ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

logo
The Fourth
www.thefourthnews.in