സിറാജിന് അഞ്ച് വിക്കറ്റ്, വിന്‍ഡീസ് 255-ന് പുറത്ത്; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

സിറാജിന് അഞ്ച് വിക്കറ്റ്, വിന്‍ഡീസ് 255-ന് പുറത്ത്; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ ലീഡ്. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് രാവിലെ ആദ്യ സെഷനില്‍ തന്നെ വിന്‍ഡീസിനെ 255 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 183 റണ്‍സിന്റെ ലീഡാണ് നേടിയത്. അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ആതിഥേയരുടെ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ നായകനും ഓപ്പണറുമായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 235 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 75 റണ്‍സാണ് ബ്രാത്‌വെയ്റ്റ് നേടിയത്.

നായകനു പുറമേ അലിക് അഥാന്‍സെ(37), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍(33), കിര്‍ക് മക്കെന്‍സി(32), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്(20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി സിറാജിനു പുറമേ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ പുതുമുഖ താരം മുകേഷ് കുമാറും സ്പിന്നര്‍ രവീന്ദ്ര ജഡേജയും തിളങ്ങി. രവിചന്ദ്രന്‍ അശ്വിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

മഴ ബഹുഭൂരിപക്ഷം സമയം അപഹരിച്ച മൂന്നാം ദിനത്തിനു ശേഷം ഇന്ന് അഞ്ചിന് 229 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച വിന്‍ഡീസിന് വെറും 7.4 ഓവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 26 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ന് എറിഞ്ഞ നാലാം പന്തില്‍ തന്നെ അഥാന്‍സയെ വീഴ്ത്തി മുകേഷ് കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

പിന്നാലെ ജേസണ്‍ ഹോള്‍ഡര്‍(15), അല്‍സാരി ജോസഫ്(4), കെമര്‍ റോഷ്(4), ഷാനോണ്‍ ഗബ്രിയേല്‍(0) എന്നിവരെ പുറത്താക്കി കരിയറിലെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് വിന്‍ഡീസ് ഇന്നിങ്‌സിനും വിരാമമിട്ടു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സ് എന്ന നിലയിലാണ്. 30 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 41 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും 19 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സുമായി യശ്വസി ജയ്‌സ്വാളുമാണ് ക്രീസില്‍.

logo
The Fourth
www.thefourthnews.in