എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഏഴു സ്ഥാനങ്ങളിലേക്ക് താരങ്ങളായിക്കഴിഞ്ഞു. ശേഷിക്കുന്ന എട്ട് ഒഴിവുകള്‍ക്കായാണ് സെലക്ടര്‍മാര്‍ ഐപിഎല്ലിലേക്ക് കണ്ണുനടുന്നത്

ദേശീയ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിന് ആഭ്യന്തര ക്രിക്കറ്റ് മാനദണ്ഡമാക്കണോ അതോ ഐപിഎല്ലിന് പരിഗണന കൊടുക്കണോ? സമീപദിവസങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്ന സജീവ ചര്‍ച്ച ഇതേക്കുറിച്ചാണ്. ജൂണില്‍ യുഎസിലും കരീബിയന്‍ ദ്വീപിലുമായി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തിലാണ് ബിസിസിഐ. ടി20 ലോകകപ്പായതിനാല്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനങ്ങള്‍ക്കാണോ, അതോ രണ്ടു ദിവസത്തിനപ്പുറം ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ 2024-ലെ പ്രകടനങ്ങള്‍ക്കായിരിക്കുമോ ബിസിസിഐ പ്രാമുഖ്യം നല്‍കുക?

ജൂണ്‍ ഒന്നിനാണ് ലോകകപ്പിന് തുടക്കമാകുക. ഈ മാസം 22-ന് ആരംഭിക്കുന്ന ഐപിഎല്‍ അവസാനിക്കുന്നത് മേയ് 26-നാണ്. പിന്നീട് ലോകകപ്പിലേക്ക് വെറും ആറു ദിവസം മാത്രമാണ് ശേഷിക്കുന്നത്. 2023-24 സീസണ്‍ സയിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത് നവംബറിലാണ്. അതിനുശേഷം ഇന്ത്യ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ മാത്രമാണ് ടി20 ക്രിക്കറ്റ് കളിച്ചത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനി രാജ്യാന്തര മത്സരങ്ങള്‍ ഒന്നും ശേഷിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ തന്നെയാകും സെലക്ടര്‍മാരുടെ പ്രധാന പരിഗണനയില്‍ വരിക.

നിലവില്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളത് നായകന്‍ രോഹിത് ശര്‍മയ്ക്കും മധ്യനിര താരം സൂര്യകുമാര്‍ യാദവിനും പേസര്‍ ജസ്പ്രീത് ബുംറയ്ക്കും മാത്രമാണ്. റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും നിരയിലുണ്ടാകുമെന്ന് ഉറപ്പാണ്. ഓപ്പണിങ്ങില്‍ രോഹിതിന്റെ പങ്കാളിയായി യുവതാരം യശ്വസി ജയ്‌സ്വാളും ഏറെക്കുറെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പക്ഷേ, രോഹിത് തിരിച്ചെത്തിയ സാഹചര്യത്തില്‍ കോഹ്ലിയെ തഴയാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല, പ്രത്യേകിച്ച് കോഹ്ലിയുടെ ബാറ്റിങ് മികവും പരിചയസമ്പത്തും കണക്കിലെടുക്കുമ്പോള്‍.

ഇതോടെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഏഴു സ്ഥാനങ്ങളിലേക്ക് താരങ്ങളായിക്കഴിഞ്ഞു. ശേഷിക്കുന്ന എട്ട് ഒഴിവുകള്‍ക്കായാണ് സെലക്ടര്‍മാര്‍ ഐപിഎല്ലിലേക്ക് കണ്ണുനടുന്നത്. ബുംറയുടെ പേസ് ബൗളിങ് പങ്കാളിയെയും വിക്കറ്റ് കീപ്പറെയുമടക്കം കണ്ടെത്താന്‍ ഐപിഎല്ലിലെ 74 മത്സരങ്ങളാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്.

'സ്പിന്‍ ദൗര്‍ബല്യം' മാറ്റാന്‍ ദുബെ

രോഹിതിനെയും കോഹ്ലിയെയും ഒരുമിച്ച് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതിന് പിന്നില്‍ ടീം ഇന്ത്യയുടെ സ്പിന്‍ പേടിയാണ്. നിലവിലെ ടീമില്‍ ഇവരോളം മികച്ച രീതിയില്‍ സ്പിന്നിനെ നേരിടുന്ന മറ്റു താരങ്ങളില്ല. ടി20 ക്രിക്കറ്റിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാറിനു പോലും പേസ് ബൗളര്‍മാരെ കളിക്കുന്ന മികവ് സ്പിന്നര്‍മാര്‍ക്കെതിരേയില്ല, പ്രത്യേകിച്ച് ഇടംകൈയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ.

രോഹിത് ശര്‍മയ്‌ക്കൊപ്പം ശിവം ദുബെ
രോഹിത് ശര്‍മയ്‌ക്കൊപ്പം ശിവം ദുബെ

മറ്റു ടീമുകള്‍ ഇടംകൈയ്യന്‍ സ്പിന്നര്‍മാരെ ഇന്ത്യക്കെതിരേ മികച്ച ആയുധമായി ഉപയോഗിക്കാറുണ്ട്. ഇത് ലോകകപ്പില്‍ തിരിച്ചടിയാകാതിരിക്കാന്‍ ഇടംകൈ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡുള്ള ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ നോക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ ഐപിഎല്ലില്‍ ദുബെ അവരുടെ റഡാറിലായിരിക്കും. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ റോളിലാണ് ദുബെയെ ഉപയോഗിച്ചത്.

ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരും സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ ഇരുവരും ഐപിഎല്ലില്‍ ഓപ്പണിങ് റോളില്‍ കളിക്കുന്നവരായതിനാല്‍ ന്യൂബോള്‍ ആയിരിക്കും കൂടുതല്‍ നേരിടേണ്ടി വരിക. ഓപ്പണിങ് പൊസിഷനില്‍ രോഹിതും ജയ്‌സ്വാളും സ്ഥാനം ഉറപ്പിച്ചതിനാല്‍ പകരക്കാരായി മാത്രമേ ഇവരില്‍ ഒരാളെ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍ ദുബെയിലായിരിക്കും പ്രധാന ശ്രദ്ധ.

ഹാര്‍ദ്ദിക് പാണ്ഡ്യ
ഹാര്‍ദ്ദിക് പാണ്ഡ്യ

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍

ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചാല്‍ ഈ സ്ഥാനത്തേക്ക് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അല്ലാതെ മറ്റൊരു പേര് സെലക്ടര്‍മാരുടെ ലിസ്റ്റിലുണ്ടാകാൻ സാധ്യതയില്ല. എന്നാല്‍ കായികക്ഷമത ഹാര്‍ദ്ദിക്കിന് വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഈ സീസണില്‍ ഹാര്‍ദ്ദിക് മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഏതു റോളായിരിക്കും കൈകാര്യം ചെയ്യുകയെന്നാണ് സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്നത്.

നാലോവര്‍ തികച്ചും ബൗള്‍ ചെയ്യാന്‍ ഹാര്‍ദ്ദിക്കിന് സാധിക്കുമോയെന്നാണ് അറിയേണ്ടത്. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ ദുബെയെ ടീം ഇന്ത്യ പരീക്ഷിച്ചിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടറാണെന്നതും സ്പിന്നിനെ കളിക്കാന്‍ പ്രത്യേക മികവുണ്ടെന്നതും ഹാര്‍ദ്ദിക്കിനു പകരം ദുബെയെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചേക്കും. അതിനാല്‍ ഐപിഎല്ലില്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.

വിക്കറ്റ് കീപ്പര്‍ റോള്‍ ആര്‍ക്ക്?

കീപ്പിങ്ങിനു മാത്രമായി ഒരു താരമെന്നത് ഇന്ന് ഒരു ടീമും പരിഗണിക്കുന്ന കാര്യമല്ല. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാനാകുന്ന ഒരു കീപ്പറിനെയാണ് എല്ലാ ടീമും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ പൊസിഷനില്‍ ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചോയ്‌സ്. എന്നാല്‍ പന്തിന് കാറപകടത്തില്‍ പരുക്കേറ്റതിനു ശേഷം ബിസിസിഐ മാസങ്ങളായി പകരക്കാരനു വേണ്ടിയുള്ള പരീക്ഷണങ്ങളിലായിരുന്നു.

നിലവില്‍ ജിതേഷ് ശര്‍മയാണ് ലോകകപ്പ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറേ ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ജിതേഷ് വെല്ലുവിളിയായി മലയാളി താരം സഞ്ജു സാംസണ്‍, യുവതാരം ധ്രൂവ് ജൂറല്‍ എന്നിവരുമുണ്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഋഷഭ് ഫിറ്റ്‌നെസ് വീണ്ടെടുത്തു കഴിഞ്ഞു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി ഐപിഎല്‍ കളിക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.

ഇതോടെ 2024 ഐപിഎല്ലിലെ പ്രകടനമായിരിക്കും ഇന്ത്യയുടെ ലോകകപ്പ് വിക്കറ്റ് കീപ്പര്‍ ആരെന്ന് കണ്ടെത്താനുള്ള അവസാന അവസരം. കെ എല്‍ രാഹുല്‍ പരിഗണനയിലുള്ള താരമാണ്. എന്നാല്‍ മധ്യനിരയില്‍ കളിക്കാന്‍ രാഹുല്‍ തയാറായാല്‍ മാത്രമേ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ വഴിയുള്ളു. 2016 ഐപിഎല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുകയും മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത അതേ പ്രകടനം ഇത്തവണത്തെ ഐപിഎല്ലില്‍ രാഹലിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ രാഹുലില്‍ തന്നെ സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചേക്കും.

റിങ്കു സിങ്
റിങ്കു സിങ്

ഡെത്ത് ഓവര്‍ പിഞ്ച് ഹിറ്റര്‍

അവസാന ഓവറുകളില്‍ കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ്! ടി20 മത്സരങ്ങളില്‍ ഇത്തരമൊരു താരം ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. 17 മുതല്‍ 20 വരെയുള്ള നാലോവറില്‍ കുറഞ്ഞത് 50 റണ്‍സ് എങ്കിലും അടിക്കാന്‍ കഴിഞ്ഞാല്‍ ടീമിന് അതൊരു വലിയ നേട്ടമാണ്. അതിനുശേഷിയുള്ള ഒരു താരത്തെ ഇന്ത്യ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു - റിങ്കു സിങ്! ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തുന്നതിനു മുമ്പ് ഈ സീസണിലെ പ്രകടനം കൂടി വിലയിരുത്തിയേക്കാം.

വേണം, ബുംറയ്ക്ക് കൂട്ടാകാന്‍ രണ്ട് പേസര്‍മാര്‍

പേസ് ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയ്ക്ക് ആരു പിന്തുണ നല്‍കും? ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനും ഈ ഐപിഎല്‍ സീസണ്‍ സെലക്ടര്‍മാരെ സഹായിച്ചേക്കും. നിലവില്‍ ആരും സ്ഥാനം ഉറപ്പിച്ചിട്ടില്ല. നാലു പേരാണ് ഈ രണ്ട് സ്ഥാനത്തേക്ക് വാശിയോടെ മത്സരിക്കുന്നത്. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണത്. ഐപിഎല്ലില്‍ ഇവരുടെ പ്രകടനവും സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്നു.

റിസര്‍വ് നിരയിലേക്ക് ആര്?

റിസര്‍വ് താരങ്ങളായി നാലു പേരെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാകുക? ഒരു നാലാം പേസറെയും ഒരു റിസ്റ്റ് സ്പിന്നറെയും ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെയും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയുമാകും പ്രധാനമായും സെലക്ടര്‍മാര്‍ ഉന്നമിടുന്നത്. നാലാം പേസറായി മൊഹ്‌സിന്‍ ഖാന്‍, സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍, റിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയ് എന്നിവരെ പരിഗണിച്ചേക്കാം. റിസര്‍വ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണോ ജൂറലോ വരാന്‍ സാധ്യതയുണ്ട്. ഇനി ഇതിനു പകരം റിസര്‍വ് ടോപ്ഓര്‍ഡര്‍ ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ ശുഭ്മാന്‍ ഗില്ലിനും സാധ്യതയുണ്ട്.

എട്ടു സ്ഥാനങ്ങളിലേക്കാണ് ഇന്ത്യക്ക് കൃത്യമായി ആളെ വേണ്ടത്. യോജിച്ച താരങ്ങളെ കണ്ടെത്താന്‍ ഐപിഎല്‍ അല്ലാതെ മറ്റൊരു വേദിയും ഇനി സെലക്ടര്‍മാരുടെ മുന്നിലില്ല. ലോകകപ്പിന് മികച്ച സ്‌ക്വാഡിനെത്തന്നെ അയയ്ക്കുമെന്ന് മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കുമ്പോള്‍ ഐപിഎല്‍ കളിക്കുന്ന എല്ലാ താരങ്ങളിലും അവര്‍ കണ്ണുവയ്ക്കന്നുണ്ടെന്നു വ്യക്തം. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ഏറെ ആവേശകരമാകാന്‍ തന്നെയാണ് സാധ്യത.

logo
The Fourth
www.thefourthnews.in