ടീം ഇന്ത്യയുടെ ജെന്റില്‍മാന്‍ ക്രിക്കറ്റര്‍; റോജര്‍ ബിന്നിയെന്ന 'അജാതശത്രു'

ടീം ഇന്ത്യയുടെ ജെന്റില്‍മാന്‍ ക്രിക്കറ്റര്‍; റോജര്‍ ബിന്നിയെന്ന 'അജാതശത്രു'

റോജർ മൈക്കൽ ഹംഫ്രി ബിന്നിയെ വിശേഷിപ്പിക്കാന്‍ ഒരൊറ്റപ്പേരാണ് ഉള്ളത്- 'അജാതശത്രു'. കളത്തിലുള്ള കാലത്തും അതിനുശേഷവും ഇന്ത്യന്‍ ക്രിക്കറ്റില്‍ ശത്രുക്കളില്ലാത്ത, വിമര്‍ശകര്‍ ഇല്ലാത്ത ഏകയാള്‍!

1980-കളില്‍ ബിസിസിഐ തങ്ങളുടെ താരങ്ങള്‍ക്കിടയില്‍ ഒരു 'ജെന്റില്‍മാന്‍' അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഓരോ വര്‍ഷത്തെയും ജേതാവ് റോജര്‍ മൈക്കല്‍ ഹംഫ്രി ബിന്നി ആയിരുന്നേനെ. അത്രകണ്ട് ക്ലീന്‍ ഇമേജായിരുന്നു കളത്തിന് അകത്തും പുറത്തും ബിന്നി കാത്ത്‌സൂക്ഷിച്ചിരുന്നത്. ഇന്ന് ഇപ്പോള്‍ ബിസിസിഐയുടെ 36-ാമത് പ്രസസിഡന്റായിരിക്കുന്ന ബിന്നിയെ വിശേഷിപ്പിക്കാന്‍ ഒരൊറ്റപ്പേരാണ് ഉള്ളത്- 'അജാതശത്രു'. കളത്തിലുള്ള കാലത്തും അതിനുശേഷവും ഇന്ത്യന്‍ ക്രിക്കറ്റില്‍ ശത്രുക്കളില്ലാത്ത, വിമര്‍ശകര്‍ ഇല്ലാത്ത ഏകയാള്‍!

1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് രാജ്യാന്തര തലത്തില്‍ മേല്‍വിലാസമുണ്ടാക്കിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച് കപിലിന്റെ ചെകുത്താന്‍ പടയിലുണ്ടായിരുന്ന താരമാണ് റോജര്‍ ബിന്നി.18 വിക്കറ്റുകൾ വീഴ്ത്തി കൊണ്ട് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു അദ്ദേഹം. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് പ്രകടിപ്പിച്ച ബിന്നി 1983 ലെ ലോകകപ്പ് വിജയത്തിന്റെ സുപ്രധാന ഭാഗമായി മാറി.

1979ൽ ബോംബെയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ മജിദ് ഖാനെയും സഹീർ അബ്ബാസിനെയും മിയാൻദാദിനെയും ആദ്യ ഇന്നിംഗ്‌സിൽ തന്നെ പുറത്താക്കി ബിന്നി പാക്കിസ്ഥാനെ നിലംപരിശാക്കി.

1955 ജൂലൈ 19 നു ബെംഗളൂരു ആണ് ജനനം. 1977-78ലെ രഞ്ജി ട്രോഫി മത്സരത്തിൽ സഞ്ജയ് ദേശായിയുമായി ചേർന്ന് ഒന്നാം വിക്കറ്റിൽ 451 റൺസെന്ന റെക്കോർഡ് കൂട്ടുകെട്ടിലൂടെയാണ് ബിന്നി കരിയർ ജീവിതത്തിലെ ആദ്യത്തെ മുദ്ര പതിപ്പിക്കുന്നത്. 211 റൺസാണ് ഈ വലം കയ്യൻ ബാറ്റ്‌സ്മാൻ അന്നത്തെ മത്സരത്തിൽ അടിച്ചു കൂട്ടിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 1979 പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാനെതിരെയാണ് ബിന്നി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ ബോംബെയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ മജിദ് ഖാനെയും സഹീർ അബ്ബാസിനെയും മിയാൻദാദിനെയും ആദ്യ ഇന്നിംഗ്‌സിൽ തന്നെ പുറത്താക്കി കൊണ്ട് ബിന്നി പാക്കിസ്ഥാനെ നിലംപരിശാക്കി. മത്സരത്തിൽ അന്ന് ഇന്ത്യ 131 റൺസിന് വിജയിച്ചു.

1983-ൽ പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ സ്വന്തം നഗരമായ ബാംഗ്ലൂരിൽ മദൻ ലാലിനൊപ്പം പുറത്താകാതെ 83 റൺസ് നേടിയ ബിന്നിയെ ആരും മറക്കാനിടയില്ല. അന്ന് ആറിന് 85 എന്ന നിലയില്‍ നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ രക്ഷിച്ചത് ഏഴാം വിക്കറ്റില്‍ ബിന്നി-മദന്‍ലാല്‍ കൂട്ടുകെട്ട് നേടിയ 155 റണ്‍സാണ്. അതേ വര്‍ഷം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അതികായന്മാരായ ഗ്രീനിഡ്ജിനെയും ഹെയ്‌നസിനെയും റിച്ചാർഡ്‌സിനെയും പുറത്താക്കിയതും ശ്രദ്ധേയമായിരുന്നു.

ഓൾറൗണ്ടറായ ബിന്നിയുടെ ബൗളിംഗ് മികവാണ് അദ്ദേഹത്തെ ദേശീയ ടീമിൽ നിലനിർത്തിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാൻ മാത്രമല്ല ബിന്നി മികച്ച ഒരു ഫീൽഡറും കൂടിയായിരുന്നു. 1986-ൽ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിര നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം നേടിയ 58 റൺസ് 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ തോൽക്കാതെ പിടിച്ചു നിർത്താൻ സഹായിച്ചു.

ഓൾറൗണ്ടറായ ബിന്നി ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റുകളും 72 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റവും വിടവാങ്ങലുമെല്ലാം ബെംഗളൂരുവിലെ മണ്ണിൽ തന്നെയായിരുന്നു. ലോകകപ്പ് മാത്രമല്ല, 1985-ൽ ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു. 27 ടെസ്റ്റുകളിൽ നിന്ന് 32.63 ന് 47 വിക്കറ്റും 61 സ്‌ട്രൈക്ക് റേറ്റുമാണ് ബിന്നിയുടേത്.

2000ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഡ്മിനിസ്ട്രേറ്ററാകുന്നതിന് മുമ്പ് 2007-ൽ ബംഗാളിന്റെ പരിശീലകനായിരുന്നു. പിന്നീട് 2012 സെപ്റ്റംബർ 27ന് ദേശീയ സെലക്ടറായും ബിന്നി നിയമിതനായി. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി 2022 ഒക്ടോബർ 18 ന് അദ്ദേഹം ബിസിസിഐ പ്രസിഡന്റായി. എതിരില്ലാതെയായിരുന്നു അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

logo
The Fourth
www.thefourthnews.in