കിര്‍മാനിയെന്ന സമ്മര്‍സോള്‍ട്ടര്‍

കിര്‍മാനിയെന്ന സമ്മര്‍സോള്‍ട്ടര്‍

ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വാഴ്ത്തിപ്പാടലുകള്‍ക്ക് പാത്രമാകുന്ന കപിലിന്റെ ആ മാസ്മരിക ഇന്നിങ്‌സിന് കാരണം കിര്‍മാനി നല്‍കിയ ഉറച്ച പിന്തുണയാണെന്ന് പക്ഷേ പലരും വിസ്മരിക്കുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരായിരിക്കും? രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ക്രിക്കറ്റ് കണ്ടു തുടങ്ങിയവര്‍ ചിലപ്പോള്‍ ദത്താറാം ഹിന്‍ഡേല്‍ക്കറുടെ പേര് പറയുമായിരിക്കും. ആറുപതുകളിലെയും എഴുപതുകളുടെ തുടക്കത്തിലെയും ക്രിക്കറ്റ് ആസ്വദിച്ചവരുടെ വോട്ട് ചിലപ്പോള്‍ ഫറൂഖ് എന്‍ജിനീയറുടെ ചടുലതയ്ക്കാകും. ഇന്നത്തെ തലമുറയ്ക്ക് മഹേന്ദ്ര സിങ് ധോണിയെന്ന പേരല്ലാതെ മറ്റൊരു പേര് ചിന്തിക്കാനാകില്ല. എന്നാല്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച കണ്ടറിഞ്ഞ 80-കളിലെ ആരാധകര്‍ക്ക് ഇവരാരുമല്ല മികച്ച താരം, അത് സയ്യദ് മുജ്തബ ഹുസൈന്‍ കിര്‍മാനി എന്ന സയ്യദ് കിര്‍മാനിയാണ്. കപിലിന്റെ ചെകുത്താന്‍ പടയിലെ 'കിരി' എന്ന കഷണ്ടിത്തലയന്‍.

83-ലെ ഐതിഹാസിക വിജയത്തില്‍ കിര്‍മാനിയുടെ പങ്ക് ചെറുതല്ല. ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വാഴ്ത്തിപ്പാടലുകള്‍ക്ക് പാത്രമാകുന്ന കപിലിന്റെ ആ മാസ്മരിക ഇന്നിങ്‌സിന് കാരണം കിര്‍മാനി നല്‍കിയ ഉറച്ച പിന്തുണയാണെന്ന് പക്ഷേ പലരും വിസ്മരിക്കുന്നു. അന്ന് സിംബാബ്‌വെയ്‌ക്കെതിരേ ടീം 140-ന് എട്ട് എന്ന നിലയില്‍ പതറുമ്പോഴാണ് നായകനു കൂട്ടായി കിര്‍മാനി ക്രീസില്‍ എത്തുന്നത്.

ടീം പ്രതിസന്ധിയിലായ ആ സന്ദര്‍ഭത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ ഒരറ്റത്ത് പിടിച്ചു നിന്ന 'കിരി' കപിലിന് തകര്‍ത്തടിക്കാനുള്ള ലൈസന്‍സായി മാറുകയായിരുന്നു. കപില്‍ പുറത്താകാതെ 175 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 266-ന് എട്ട നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അന്ന് 56 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടി ഒരറ്റം കാത്തുസൂക്ഷിച്ച കിര്‍മാനിയോടാണ് കപില്‍ നന്ദി പറഞ്ഞത്.

83- ലോകകപ്പ് ഫൈനലിലും കിര്‍മാനി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചിരുന്നു. വെസ്റ്റിന്‍ഡീസിന്റെ മാസ്മരിക ബൗളിങ്ങിനു മുന്നില്‍ തകര്‍ന്ന ഇന്ത്യക്ക് അവസാന വിക്കറ്റില്‍ സന്ധുവുമൊത്ത് കിര്‍മാനി കൂട്ടിച്ചേര്‍ത്ത 22 റണ്‍സിന് കിരീടത്തോളം പ്രാധാന്യമുണ്ട്. അതേ മത്സരത്തില്‍ വിന്‍ഡീസ് താരം ഫൗദ് ബാഷസിനെ പുറത്താക്കാന്‍ ഡൈവ് ചെയ്ത് ഒറ്റകൈയില്‍ കിര്‍മാനിയെടുത്ത ക്യാച്ചും ആരാധകര്‍ മറക്കില്ല.

ആ ലോകകപ്പില്‍ വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനമായിരുന്നു കിര്‍മാനിയുടേത്. ലോകകപ്പിലെ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള പുരസ്‌കാരവും മറ്റാര്‍ക്കുമായിരുന്നില്ല. വേഗവും സ്‌പങ്കി കീപ്പിംഗുമാണ് കിർമാനിയെ എന്നും വ്യത്യസ്തനാക്കിയിരുന്നത്. ക്യാച്ചെടുക്കാൻ ഡൈവ് ചെയ്യുന്ന രീതിയും സൊമർസോൾട്ട് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് എപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിസന്ധി സമയത്ത് ബാറ്റ്‌കൊണ്ടും ടീമിന്റെ രക്ഷയ്‌ക്കെത്തിയിരുന്ന കിര്‍മാനിയില്‍ അന്ന് ആപത്ബാന്ധവനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടിരുന്നത്.

1944 ഡിസംബർ 29 ന് മദ്രാസിൽ ജനിച്ച കിർമാനിയുടെ അരങ്ങേറ്റം 1976 ൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിലൂടെയായിരുന്നു. ന്യൂസിലൻഡ് പര്യടനത്തിൽ 65.33 എന്ന ബാറ്റിംഗ് ശരാശരിയിൽ ഒന്നാമതെത്തിയ അദ്ദേഹം ഓസ്‌ട്രേലിയൻ പര്യടനത്തിൽ 305 റൺസ് നേടി. എന്നാൽ 1978-79 കാലയളവിൽ പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ അദ്ദേഹത്തിന് മികച്ച രീതിയിലൊരു പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല.

1979ലെ ലോകകപ്പിലും പിന്നീട് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലും കിർമാനിയെ ഒഴിവാക്കി. പകരം ഭരത് റെഡ്ഡിയ്ക്കായിരുന്നു കീപ്പര്‍. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സുനിൽ ഗവാസ്കറും പുറത്താക്കപ്പെട്ടു. പ്രകടനം മോശമായതാണ് കിർമാനിയെ ഒഴിവാക്കാൻ കാരണമെന്ന് പറഞ്ഞിരുന്നതെങ്കിലും കെറി പാക്കറുടെ വേൾഡ് സീരീസ് ക്രിക്കറ്റ് സംഘാടകർ കിർമാനിയെയും ഗവാസ്‌കറെയും സമീപിച്ചതാണ് ഒഴിവാക്കാനുള്ള യഥാർഥ കാരണമെന്നായിരുന്നു ഒരു കിംവദന്തി.

1979-80ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് പിന്നീട് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അതേ സീസണിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 17 ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങുകളും കരസ്ഥമാക്കി, നരേൻ തംഹാനെയുടെ ഇന്ത്യൻ റെക്കോഡിനൊപ്പമെത്തി.

ലോകകപ്പിനു ശേഷം അധികകാലം ടീം ഇന്ത്യയില്‍ തുടരാന്‍ കിര്‍മാനിക്കായില്ല. കാലിനേറ്റ പരുക്കായിരുന്നു കാരണം. കിര്‍മാനിയുടെ കരിയര്‍ ഇത്രവേഗം അവസാനിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യക്കു വേണ്ടി 88 ടെസ്റ്റുകളും 49 ഏകദിനങ്ങളും മാത്രമാണ് കിര്‍മാനി കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 160 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമടക്കം 198 ഇരകളെ വീഴ്ത്തിയ കിര്‍മാനി ഏകദിനത്തില്‍ 36 ഇകരകളെയും സ്വന്തമാക്കിയിട്ടുണ്ട്.

വിരമിക്കലിനു ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1982-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കിര്‍മാനിക്ക് 2016-ല്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ബിസിസിഐ നല്‍കി.

logo
The Fourth
www.thefourthnews.in