സ്റ്റാര്‍ക്കിന്റെ വഴിയെ ഋതുരാജ്; ആരാണ് യുവതാരത്തിന്റെ പ്രതിശ്രുത വധു?

സ്റ്റാര്‍ക്കിന്റെ വഴിയെ ഋതുരാജ്; ആരാണ് യുവതാരത്തിന്റെ പ്രതിശ്രുത വധു?

വാര്‍ത്ത വന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കൂടുതല്‍ അന്വേഷിച്ചത് ആരാണ് ഋതുരാജിന്റെ പ്രതിശ്രുത വധു എന്നാണ്.

മികച്ച ഒരു സീസണായിരുന്നു ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും യുവതാരം ഋതുരാജ് ഗെയ്ക്ക്‌വാദിനെ സംബന്ധിച്ചു കടന്നുപോയത്. ചെന്നൈ തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായി ഋതുരാജ് അതില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്നു.

2021-ല്‍ ചെന്നൈ ചാമ്പ്യന്മാരായപ്പോള്‍ 635 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടിയിരുന്ന ഋതുരാജ് ഇക്കുറി 590 റണ്‍സാണ് സ്വന്തം പേരില്‍ കുറിച്ചത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനം താരത്തിനെ ടീം ഇന്ത്യയിലും എത്തിച്ചിരുന്നു. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് നിരയില്‍ ഇടംപിടിക്കാനും ഋതുരാജിന് കഴിഞ്ഞു.

പക്ഷേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഋതുരാജ് അവസാന നിമിഷം പിന്മാറുകയാണ് ചെയ്തത്. കാരണം മറ്റൊന്നുമായിരുന്നില്ല. ഈ മാസം മൂന്നിന് വിവാഹിതനാകുന്ന ഋതുരാജിന് ടീം ഇന്ത്യക്കൊപ്പം ചേരാന്‍ കഴിയില്ലെന്നതായിരുന്നു പിന്മാറ്റത്തിനു പിന്നില്‍. ഈ വാര്‍ത്ത വന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കൂടുതല്‍ അന്വേഷിച്ചത് ആരാണ് ഋതുരാജിന്റെ പ്രതിശ്രുത വധു എന്നാണ്.

മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഋതുരാജും ഉത്കര്‍ഷയും.
മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഋതുരാജും ഉത്കര്‍ഷയും.

ഐപിഎല്‍ ഫൈനലിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡഗ്ഗൗട്ടില്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഋതുരാജിന്റെയും പ്രതിശ്രുത വധുവിന്റെയും ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകര്‍ ഋതുരാജിന്റെ പ്രതിശ്രുത വധു ഉത്കര്‍ഷ പവാറിനെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

1998 ഒക്‌ടോബര്‍ 13-ന് മഹാരാഷ്ട്രയിലെ പുനെയില്‍ ജനിച്ച ഉത്കര്‍ഷ ക്രിക്കറ്റ് താരമാണെന്നത് ആരാധകര്‍ക്ക് അമ്പരപ്പിക്കുന്ന വിവരമായിരുന്നു. ആഭ്യന്തര വനിതാ ക്രിക്കറ്റില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന ഈ 24-കാരി മധ്യനിര ബാറ്ററും വലംകൈ പേസറുമാണ്. എന്നാല്‍ 18 മാസമായി ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് കളത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുനെയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസിലെ വിദ്യാര്‍ഥിനിയായ ഉത്കര്‍ഷ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ്. ജൂണ്‍ മൂന്നിനാണ് ഋതുരാജും ഉത്കര്‍ഷയും തമ്മിലുള്ള വിവാഹം. ഉത്കര്‍ഷയും ക്രിക്കറ്റ് കരിയറായി സ്വീകരിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ക്രിക്കറ്റ് താര ദമ്പതികളാകും ഇവര്‍.

മിച്ചല്‍ സ്റ്റാര്‍ക്കും അലീസ ഹീലിയും.
മിച്ചല്‍ സ്റ്റാര്‍ക്കും അലീസ ഹീലിയും.

ഉത്കര്‍ഷയുടെ വിവരങ്ങള്‍ തേടിപ്പിടിച്ചതോടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പാതയിലാണ് ഋതുരാജ് എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗമായ അലീസാ ഹീലിയെയാണ് സ്റ്റാര്‍ക്ക് വിവാഹം കഴിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ മത്സരങ്ങളില്‍ ഭാര്യയെ പ്രോത്സാഹിപ്പിക്കാന്‍ ഗ്യാലറിയില്‍ എത്താറുള്ള സ്റ്റാര്‍ക്കിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഋതുരാജിനെയും ഭാവിയില്‍ ഇങ്ങനെ കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in