തോല്‍പ്പിച്ചത് മധ്യനിര തന്നെ; ക്രെഡിറ്റ് പ്രോട്ടിയാസ് പേസ് ത്രയത്തിന്

തോല്‍പ്പിച്ചത് മധ്യനിര തന്നെ; ക്രെഡിറ്റ് പ്രോട്ടിയാസ് പേസ് ത്രയത്തിന്

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ സായ് സുദർശനും (62) കെ എല്‍ രാഹുലും (56) മാത്രമായിരുന്നു തിളങ്ങിയത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പരാജയം ആദ്യ ഇന്നിങ്സ് പൂർത്തിയായപ്പോള്‍തന്നെ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. സെന്റ് ജോർജ് പാർക്കിലെ പതിവ് സ്വഭാവത്തില്‍നിന്ന് വ്യതിചലിച്ച് വേഗതകൂടിയ വിക്കറ്റ് ഇന്ത്യ ബാറ്റർമാർക്ക് അപ്രതീക്ഷിതമായിരുന്നു. പേസർമാരായ ലിസാഡ് വില്യംസിനെയും ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയശേഷമായിരുന്നു നായകന്‍ എയ്‌ഡന്‍ മാർക്രം ഇന്ത്യയെ ബാറ്റിങ്ങിനയച്ചത്.

വിജയമൊരുക്കിയ പേസ് ത്രയം

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദുർബലത തുറന്നുകാട്ടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം ഒരുക്കിയത് ബൗളിങ് നിരയായിരുന്നു. ലിസാഡ് വില്യംസ്-ബ്യൂറന്‍ ഹെന്‍ഡ്രിക്സ്-നന്ദ്രെ ബർഗർ പേസ് ത്രയം 28.2 ഓവറില്‍ 113 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് നേടിയത്. വിക്കറ്റില്‍നിന്ന് ലഭിച്ച അപ്രതീക്ഷിത ബൗണ്‍സും സീം മൂവ്‌മെന്റും പേസർമാർ ഉപയോഗിച്ചു. വാണ്ടറേഴ്സിലെ വിക്കറ്റില്‍ നിന്ന് ആദ്യ പത്ത് ഓവറില്‍ 1.6 ഡിഗ്രി സ്വിങ്ങായിരുന്നു ലഭിച്ചതെങ്കില്‍ ഇവിടെ 0.6 ഡിഗ്രി മാത്രമായിരുന്നു. സ്വിങ്ങായിരുന്നില്ല, സീം മൂവ്മെന്റായിരുന്നു ഇന്ത്യന്‍ ബാറ്റർമാരെ പരീക്ഷിച്ചത്.

ലിസാഡ് വില്യംസ്-ബ്യൂറന്‍ ഹെന്‍ഡ്രിക്സ്-നന്ദ്രെ ബർഗർ പേസ് ത്രയം 28.2 ഓവറില്‍ 113 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് നേടിയത്

ഇന്ത്യന്‍ മധ്യനിരയുടെ തകർച്ച

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ സായ് സുദർശനും (62) കെ എല്‍ രാഹുലും (56) മാത്രമായിരുന്നു തിളങ്ങിയത്. ഇന്ത്യന്‍ ബാറ്റർമാർ അമിത ചെറുത്തുനില്‍പ്പ് നടത്തിയതാണ് തിരിച്ചടിയായത്. അവസാന 20 ഓവറില്‍ ഏഴ് വിക്കറ്റ് പക്കലുണ്ടായിട്ടും ഇന്ത്യയ്ക്ക് 211 എന്ന ചെറിയ സ്കോറുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കരുതലോടെ തുടങ്ങിയശേഷം ഒരിക്കല്‍ക്കൂടി സഞ്ജു സാംസണ്‍ (12) ലഭിച്ച അവസരം പാഴാക്കി. റിങ്കു സിങ് (17), തിലക് വർമ (10), റുതുരാജ് ഗെയ്‌ക്വാദ് (4) എന്നിവരും നിരാശപ്പെടുത്തി. അവസാന 14 ഓവറില്‍ അവശേഷിച്ചത് അക്സർ പട്ടേലും വാലറ്റവും മാത്രമായിരുന്നു. അവസാന നാല് വിക്കറ്റില്‍ ചേർക്കാനായത് കേവലം 42 റണ്‍സും.

അർഷദീപ് സിങ് സ്ഥിരതയോടെ സ്വിങ്ങും സീമും കണ്ടെത്തുകയും പലപ്പോഴും ദക്ഷിണാഫ്രിക്കാന്‍ ബാറ്റർമാരെ കുഴപ്പിക്കുകയും ചെയ്തിരുന്നു

കരുതലോടെ പ്രോട്ടിയാസ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിലേതുപോലെ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിർന്ന് വിക്കറ്റ് വലിച്ചെറിയാന്‍ തയാറായിരുന്നില്ല. അർഷദീപ് സിങ് സ്ഥിരതയോടെ സ്വിങ്ങും സീമും കണ്ടെത്തുകയും പലപ്പോഴും ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാരെ കുഴപ്പിക്കുകയും ചെയ്തിരുന്നു. പവർപ്ലെയില്‍ അർഷദീപും മുകേഷും ഒന്‍പത് ഓവറില്‍ 26 റണ്‍സ് മാത്രമായിരുന്നു വഴങ്ങിയത്. റീസ ഹെന്‍ഡ്രിക്സിനെ മുകേഷ് ഒരു തവണ ഗെയ്‌ക്വാദിന്റെ കൈകളിലെത്തിച്ചു. പക്ഷേ, ഗെയ്ക്വാദ് അവസരം പാഴാക്കിയത് ഇന്ത്യയുടെ ഏർലി ബ്രേക്ക് ത്രൂ സ്വപ്നങ്ങള്‍ക്കും തിരിച്ചടിയായി.

തോല്‍പ്പിച്ചത് മധ്യനിര തന്നെ; ക്രെഡിറ്റ് പ്രോട്ടിയാസ് പേസ് ത്രയത്തിന്
കോളടിച്ചത്‌ ഓസീസ് താരങ്ങള്‍; അമ്പരപ്പിച്ച് സമീര്‍ റിസ്‌വിയും കുമാര്‍ കുശാഗ്രയും

സിംഗിളുകളെടുത്ത് സ്കോറിങ് മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് പ്രോട്ടിയാസ് ഓപ്പണർമാരായ റീസയും ടോണി ഡി സോർസിയും ആദ്യ ഘട്ടത്തില്‍ ചെയ്തത്. അർഷദീപിനെയും മുകേഷിനെയും അതിജീവിച്ചശേഷം കുല്‍ദീപിനെയും ആവേശിനെയും ഇരുവരും ലക്ഷ്യം വച്ചു. ഒന്നാം വിക്കറ്റില്‍ 130 റണ്‍സ് പിറന്നതോടെ ഇന്ത്യയുടെ തിരിച്ചുവരവ് അസാധ്യമായി. 119 റണ്‍സുമായി പുറത്താകാതെ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കിയാണ് ഡി സോർസി കളം വിട്ടത്.

അർഷദീപും മുകേഷും പവർപ്ലെയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർക്ക് നല്‍കിയ സമ്മർദം തുടരാന്‍ പിന്നാലെ എത്തിയവർക്ക് സാധിക്കാതെ പോയി

പാളിയ പരീക്ഷണങ്ങള്‍

എട്ട് ബൗളർമാരെയാണ് നായകന്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരീക്ഷിച്ചത്. അർഷദീപും മുകേഷും പവർപ്ലേയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർക്ക് നല്‍കിയ സമ്മർദം തുടരാന്‍ പിന്നാലെ എത്തിയവർക്ക് സാധിക്കാതെ പോയി. കുല്‍ദീപിനും അക്സറിനും വിക്കറ്റില്‍നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതോടെയാണ് മറ്റ് ഓപ്ഷനുകളിലേക്ക് രാഹുലിന് പോകേണ്ടി വന്നത്.

അക്സർ-കുല്‍ദിപ് സ്പിന്‍ ദ്വയം 14 ഓവറില്‍ 70 റണ്‍സാണ് വഴങ്ങിയത്. സ്പിന്നർമാർ എറിഞ്ഞ 18.3 ഓവറില്‍ 98 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർ നേടി. 24 ഓവറില്‍ 117 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റാണ് പേസർമാർ വീഴ്ത്തിയത്. മറുവശത്ത് ദക്ഷിണാഫ്രിക്കന്‍ പേസ് നിര ആറ് ഇന്ത്യന്‍ ബാറ്റർമാരെ പവലിയനിലേക്ക് അയക്കുകയും ചെയ്തു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ജയത്തോടെ ഇന്ത്യയ്ക്കൊപ്പമെത്തി. അവസാന മത്സരം നാളെയാണ്.

logo
The Fourth
www.thefourthnews.in