കോഹ്ലിക്ക് സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ആറിന് 373

കോഹ്ലിക്ക് സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ആറിന് 373

തന്റെ 500-ാം രാജ്യാന്തര മത്സരം കളിക്കുന്ന കോഹലിയുടെ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 76-ാം രാജ്യാന്തര സെഞ്ചുറിയും

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. പോര്‍ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് എന്ന നിലയിലാണ്. 18 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ആറു റണ്‍സുമായി ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വനുമാണ് ക്രീസില്‍.

നേരത്തെ നാലിന് 288 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയാണ് കരുത്തായത്. വ്യക്തിഗത സ്‌കോര്‍ 87-ല്‍ ബാറ്റിങ് പുനഃരാരംഭിച്ച കോഹ്ലി ഇന്നെറിഞ്ഞ ഏഴാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ മൂന്നക്കം തികച്ചു. സ്‌ക്വയര്‍ ഡ്രൈവിലൂടെ തകര്‍പ്പനൊരു ബൗണ്ടറി പായിച്ചായിരുന്നു കോഹ്ലിയുടെ സെഞ്ചുറി നേട്ടം. കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. തന്റെ 500-ാം രാജ്യാന്തര മത്സരം കളിക്കുന്ന കോഹലിയുടെ 76-ാം രാജ്യാന്തര സെഞ്ചുറിയും. അതേ ഓവറില്‍ തന്നെ കോഹ്ലിക്കു മികച്ച പിന്തുണ നല്‍കി വന്ന രവീന്ദ്ര ജഡേജ അര്‍ധസെഞ്ചുറിയും തികച്ചു.

ഇരുവരും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ആ കൂട്ടുകെട്ട് തകരുന്നത്. ഇല്ലാത്ത റണ്ണിനോടിയ കോഹ്ലിയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. പുറത്താകുമ്പോള്‍ 206 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 121 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 159 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു കോഹ്ലിയുടെ മടക്കം. പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം കൂട്ടുകെട്ടുയര്‍ത്താന്‍ ജഡേജ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സഖ്യം 19 റണ്‍സ് കൂട്ടച്ചേര്‍ത്തപ്പോഴേക്കും ജഡേജലെയ മടക്കി കെമര്‍ റോഷ് ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. 152 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 61 റണ്‍സായിരുന്നു ജഡേജ നേടിയത്.

പിന്നീടാണ് ഇഷാന് കൂട്ടായി അശ്വിന്‍ എത്തിയത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ ഒന്നാം ദിനം നായകന്‍ രോഹിത് ശര്‍മയുടെയും യുവതാരം യശ്വസി ജയ്‌സ്വാളിന്റെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രോഹിത് 143 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 80 റണ്‍സ് നേടിയപ്പോള്‍ 74 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സായിരുന്നു ജയ്‌സ്വാളിന്റെ സംഭാവന.

logo
The Fourth
www.thefourthnews.in