'ഇല്ല ഇല്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല'; വിന്‍ഡീസിനും ഓസീസിനും ഒപ്പമെത്തുമോ ഇന്ത്യ?

'ഇല്ല ഇല്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല'; വിന്‍ഡീസിനും ഓസീസിനും ഒപ്പമെത്തുമോ ഇന്ത്യ?

ലോകകപ്പില്‍ ഇനി ഇന്ത്യക്ക് ശേഷിക്കുന്നത്‌ പരമാവധി ആറു മത്സരങ്ങള്‍. ആറിലും ജയിച്ചാല്‍ നവംബര്‍ 19-ന് രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ലോകകിരീടത്തിനൊപ്പം അപൂര്‍വനേട്ടവും സ്വന്തമാക്കും

ഐസിസി ലോകകപ്പ് കിരീടം ചൂടുകയെന്നതാണ് ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. 1975-ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഇതുവരെയുള്ള 48 വര്‍ഷത്തിനിടെ വെറും അഞ്ച് ടീമുകള്‍ക്ക് മാത്രമാണ് ആ കനകകിരീടം സ്വന്തമാക്കാനായിട്ടുള്ളത്. അതില്‍ രണ്ടു ടീമുകള്‍ മാത്രമാണ് ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടം ചൂടി 'ഇന്‍വിന്‍സിബിള്‍' നേട്ടം സ്വന്തമാക്കിയത്.

ലോകക്രിക്കറ്റിലെ ഒരു കാലത്തെ കരുത്തരായിരുന്ന വെസ്റ്റിന്‍ഡീസും എക്കാലത്തെയും കരുത്തരായ ഓസ്‌ട്രേലിയയുമാണ് ആ നേട്ടം കൈവരിച്ചവര്‍. ഇരുകൂട്ടരും രണ്ടു തവണ അത് സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. 1975-ലും 79-ലുമാണ് വിന്‍ഡീസ് ഈ നേട്ടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയാകട്ടെ 2003-ലും 2007-ലും.

1975-ല്‍ പ്രഥമ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന വെസ്റ്റിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡ്.
1975-ല്‍ പ്രഥമ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന വെസ്റ്റിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡ്.

വെസ്റ്റിന്‍ഡീസ് -1975

ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് അക്ഷരാര്‍ത്ഥത്തില്‍ എതിരാളികളേ ഉണ്ടായിരുന്നില്ലെന്നു പറയാം. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് അവര്‍ കിരീടം ചൂടിയത്. ഇതിഹാസ താരം ക്ലൈവ് ലോയ്ഡിന്റെ കീഴില്‍ കളിച്ച വിന്‍ഡീസ് ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ഓസ്‌ട്രേലിയ(രണ്ടു തവണ) എന്നിവരെ തോല്‍പിച്ചാണ് അന്ന് കിരീടം ചൂടിയത്.

1979-ല്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ടീം ലോകകിരീടവുമായി വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍.
1979-ല്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ടീം ലോകകിരീടവുമായി വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍.

വെസ്റ്റിന്‍ഡീസ് -1979

1979-ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ആധിപത്യം തുടരുകയായിരുന്നു. ഒരിക്കല്‍ക്കൂടി അപരാജിത കുതിപ്പ് നടത്തിയ ക്ലൈവ് ലോയ്ഡും സംഘവും ലോകകിരീടം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അന്ന് ഒരു മത്സരത്തില്‍ അവര്‍ ജയിച്ചിരുന്നില്ല. കാരണം ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു.

2003-ല്‍ ജൊഹാന്നസ്ബര്‍ഗിെല വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ തോല്‍പിച്ച് ലോകജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ആഹ്‌ളാദം.
2003-ല്‍ ജൊഹാന്നസ്ബര്‍ഗിെല വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ തോല്‍പിച്ച് ലോകജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ആഹ്‌ളാദം.

ഓസ്‌ട്രേലിയ -2003

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്‍വിന്‍സിബിള്‍ നേട്ടം കൊയ്യുന്ന രണ്ടാമത്തെ ടീമായി ഓസ്‌ട്രേലിയ മാറിയത് 2003-ലാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടന്ന പ്രഥമ ലോകകപ്പില്‍ അന്ന് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചായിരുന്നു അവരുടെ കിരീടധാരണം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ ടൂര്‍ണമെന്റില്‍ ഫൈനലുള്‍പ്പടെ കളിച്ച 11 മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചുകയറി. റിക്കി പോണ്ടിങ് ആയിരുന്നു നായകന്‍.

2007-ല്‍ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടുന്തൂണുകളായ നായകന്‍ റിക്കി പോണ്ടിങ്, പേസര്‍ ഗ്ലെന്‍ മക്ഗ്രാത്ത്, വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ കിരീടവുമായി.
2007-ല്‍ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടുന്തൂണുകളായ നായകന്‍ റിക്കി പോണ്ടിങ്, പേസര്‍ ഗ്ലെന്‍ മക്ഗ്രാത്ത്, വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ കിരീടവുമായി.

ഓസ്‌ട്രേലിയ -2007

വെസ്റ്റിന്‍ഡീസിന് സമാനമായി ഓസ്‌ട്രേലിയയും ഇന്‍വിന്‍സിബിള്‍ നേട്ടം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് 2007-ല്‍ കണ്ടത്. വിന്‍ഡീസിന്റെ സ്വന്തം കരീബിയന്‍ ദ്വീപുകളില്‍ നടന്ന ആ ലോകകപ്പിലും 11 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ചാണ് കംഗരുപ്പട് കിരീടമണിഞ്ഞത്. അന്നും കപ്പിത്താനായി പോണ്ടിങ് ആയിരുന്നു മുന്നില്‍ നിന്ന് നയിച്ചത്.

2023 ക്രിക്കറ്റ് ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ച ആഹ്‌ളാദത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍.
2023 ക്രിക്കറ്റ് ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ച ആഹ്‌ളാദത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍.Matt Roberts

ഇന്ത്യ -2023?

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടു തവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. എന്നാല്‍ അപരാജിതരായി ആ നേട്ടം സ്വന്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് പാതിദൂരം പിന്നിടുമ്പോള്‍ ടീം ഇന്ത്യ ആ നേട്ടം സ്വന്തമാക്കുമെന്ന് സ്വപ്‌നം കാണുകയാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ ടീമിന്റെ മിന്നുന്ന ഫോമാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളും ഇന്ത്യ ജയിച്ചു കഴിഞ്ഞു. ഈ ലോകകപ്പില്‍ ഇതുവരെ പരാജയമറിയാത്ത ടീമും ഇന്ത്യയാണ്.

ഗ്രൂപ്പ് റൗണ്ടില്‍ ഇനി നാലു മത്സരങ്ങള്‍ കൂടിയാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഏഷ്യന്‍ ശക്തികളായ ശ്രീലങ്ക, കരുത്തരായ ദക്ഷിണാഫ്രിക്ക, താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയാണ് ഇനിയുള്ള മത്സരങ്ങള്‍. ഇവ നാലും ജയിച്ചാല്‍ പിന്നീട് സെമിഫൈനല്‍-ഫൈനല്‍ എന്നിങ്ങനെ രണ്ടു മത്സരങ്ങള്‍ കൂടി. ആകെ ആറു മത്സരങ്ങള്‍ക്കപ്പുറം ഇന്ത്യക്ക് ഇന്‍വിന്‍സിബിള്‍ പട്ടം സ്വന്തമാക്കാം. രോഹിത് ശര്‍മയ്ക്കും സംഘത്തിനും അത് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in