ഹർമന്‍ 'തണ്ടർ' കൗർ; അസാധ്യം പോലും അനായാസം സാധ്യം!

ഹർമന്‍ 'തണ്ടർ' കൗർ; അസാധ്യം പോലും അനായാസം സാധ്യം!

വനിത പ്രീമിയർ ലീഗിന്റെ രണ്ട് സീസണ്‍ മാത്രമുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് അടിവരയിട്ടു പറയാനാകും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹർമന്‍പ്രീതിന്റെ പ്രകടനത്തെ

''When the going gets tough, the tough get going''

ദുർഘടമായ സാഹചര്യങ്ങളില്‍ നിന്ന് ടീമിനെ താരങ്ങള്‍ ഒറ്റയ്ക്ക് ചുമലിലേറ്റുമ്പോള്‍ പലപ്പോഴും കമന്ററി ബോക്സില്‍ നിന്ന് ഉയർന്നു കേട്ടിട്ടുള്ള വാചകമാണിത്. ഇന്നലെ രാത്രി ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലും അത്തരമൊന്ന് സംഭവിച്ചു.

പതിഞ്ഞ തുടക്കം, ആദ്യ 20 പന്തുകളില്‍ സ്ട്രൈക്ക് റേറ്റ് 100ന് താഴെ. പതിയെ സ്കോറിങ്ങിന്റെ വേഗത വർധിപ്പിക്കുന്നു. ക്ലൈമാക്സില്‍ എതിരാളികളെ നിശ്ചലരാക്കി ഒരു എക്‌സ്പ്ലോസിവ് ഫിനിഷ്.

ബെത്ത് മൂണിയും ആഷ് ഗാർഡ്‌നറും ഉള്‍പ്പെട്ട ഗുജറാത്ത് ജയന്റ്സ് ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മറുതലയ്ക്കല്‍ ഒരു ചെറുപുഞ്ചിരിയൊടെ ഹർമന്‍പ്രീത് കൗർ.

വനിത പ്രീമിയർ ലീഗിന്റെ രണ്ട് സീസണ്‍ മാത്രമുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് അടിവരയിട്ടു പറയാനാകും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹർമന്‍പ്രീതിന്റെ പ്രകടനത്തെ. കാരണം, അസാധ്യമെന്ന് തോന്നിച്ചതാണ് ഹർമന്‍ സാധ്യമാക്കിയത്.

ഗുജറാത്ത് ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 14 ഓവർ പൂർത്തിയാകുമ്പോള്‍ മുംബൈ 100-3 എന്ന നിലയിലായിരുന്നു. വിജയത്തിലേക്ക് 36 പന്തുകളും 91 റണ്‍സും. 21 പന്തില്‍ 20 റണ്‍സുമായി താളം കണ്ടെത്താന്‍ നന്നെ പാടുപെടുന്ന ഹർമനെയായിരുന്നു അതുവരെ കണ്ടത്.

ഹർമന്‍ 'തണ്ടർ' കൗർ; അസാധ്യം പോലും അനായാസം സാധ്യം!
ജെയിംസ് ആന്‍ഡേഴ്‌സണ്‍: എ ടൈംലെസ് മാസ്റ്റർ ഓഫ് റെഡ് ബോള്‍

15-ാം ഓവറിന്റെ ആദ്യ പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ പാഞ്ഞു. ഒരു ബോളിന്റെ ഇടവേളയ്ക്ക് ശേഷം മിഡ് ഓഫിലൂടേയും സ്ക്വയർ ലെഗിലൂടേയും ഓരോ ബൗണ്ടറികള്‍ കൂടി. ഹർമന്‍ സ്കോറിങ്ങിന്റെ ഗിയർ മാത്രമായിരുന്നില്ല ഷിഫ്റ്റ് ചെയ്തത് കളിയുടേതുകൂടിയായിരുന്നു.

അനായാസം ഫീല്‍ഡിങ്ങിലെ വിടവുകളിലുടെ പന്തു പായിക്കുന്ന അമീലി കേറിന് മികവ് ആവർത്തിക്കാനാകാതെ പോയെങ്കിലും ഹർമന് സ്ട്രൈക്ക് നല്‍കി കാഴ്ചക്കാരിയുടെ റോള്‍ ഏറ്റെടുത്തു. അവസാന നാല് ഓവറില്‍ വിജയിക്കാന്‍ ആവശ്യമായിരുന്നത് 64 റണ്‍സായിരുന്നു.

ലെഗ് സൈഡ് പ്രിയയായ ഹർമനെ കുടുക്കാന്‍ ബെത്ത് മൂണി വലവിരിച്ചെങ്കിലും പിടികൊടുക്കാന്‍ മുംബൈ ക്യാപ്റ്റന്‍ തയ്യാറായിരുന്നില്ല. മുംബൈയെ സംബന്ധിച്ച് ഏറ്റവും പ്രൊഡക്ടീവായത് 18-ാം ഓവറായിരുന്നു. ലോങ് ഓണ്‍, ലോങ് ഓഫ്, മിഡ് വിക്കറ്റ്, കവർ, എക്സ്ട്രാ കവർ...മൈതാനമറിഞ്ഞുള്ള ഹർമന്‍ ഹിറ്റിങ്ങില്‍ പിറന്നത് മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 24 റണ്‍സ്.

19-ാം ഓവറില്‍ 10 റണ്‍സുകൂടി വന്നു. ഒടുവില്‍ ഇക്വേഷന്‍ ആറ് പന്തില്‍ 13 റണ്‍സ്. വിശ്വസ്തയായ ആഷ് ഗാർഡ്‌നറിനെ പന്തേല്‍പ്പിച്ച ബെത്ത് മൂണിയുടെ വിജയ പ്രതീക്ഷകള്‍ ആദ്യ രണ്ട് പന്തില്‍ തന്നെ ഹർമന്‍ 'തല്ലി'ക്കെടുത്തി.

ആകാശത്തേക്ക് ലോഞ്ച് ചെയ്ത ആദ്യ പന്ത് 90 മീറ്റർ സഞ്ചരിച്ചു, രണ്ടാം പന്ത് കവറിന് മുകളിലൂടെ ഫോർ. അവശേഷിക്കുന്ന മൂന്ന് റണ്‍സ് കേവലം ഫോർമാലിറ്റി മാത്രമായിരുന്നു മുംബൈക്ക്.

മുംബൈക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്ത് കളം വിടുമ്പോള്‍ ഹർമന്റെ സമ്പാദ്യം 48 പന്തില്‍ 95 റണ്‍സ്, പത്ത് ഫോറും അഞ്ച് സിക്സും.

2017 ഏകദിന ലോകകപ്പ് സെമി ഫൈനലിലെ ആ ക്ലാസിക്ക് ഹർമന്റെ ഗ്ലിംപ്‌സ് ഒരിക്കല്‍ക്കൂടി കാണാന്‍ ബെത്ത് മൂണിക്കും ഗാർഡ്‌നറിനും സാധിച്ചു!

logo
The Fourth
www.thefourthnews.in