'CWC 2023|മൈറ്റി ഓസീസ് ഈ ബാക്ക്'; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത് 309 റണ്‍സിന്‌

'CWC 2023|മൈറ്റി ഓസീസ് ഈ ബാക്ക്'; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത് 309 റണ്‍സിന്‌

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ വെറും 90 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടക്കത്തിലെ പതര്‍ച്ചകള്‍ എല്ലാം പരിഹരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യ രണ്ടു തോല്‍വികള്‍ക്കു പിന്നാലെ തുടര്‍ച്ചയായി മൂന്നു ജയം നേടി അവര്‍ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 309 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ വെറും 90 റണ്‍സിന് ഓസീസ് എറിഞ്ഞിടുകയായിരുന്നു. മൂന്നോവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയാണ് ഓറഞ്ച് പടയെ തകര്‍ത്തത്.

സാംപയ്ക്കു പുറമേ രണ്ടു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മാര്‍ഷ്, ഓരോ വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. 25 റണ്‍സ് നേടിയ ഓപ്പണര്‍ വിക്രംജിത്ത് സിങ്ങാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ്‌സ്‌കോറര്‍.

നേരത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ മാക്സ്വെല്ലിന്റെയും ലോകകപ്പില്‍ ആറ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെയും മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മാക്സ്വെല്‍ വെറും 44 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും എട്ട് സിക്സറുകളും സഹിതം 106 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 93 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 104 റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

40 പന്തുകളില്‍ നിന്ന് 100 തികച്ചാണ് മാക്സ്വെല്‍ ലോകകപ്പിലെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രഫിക്കന്‍ താരം എയ്ഡന്‍ മര്‍ക്രം 49 പന്തുകളില്‍ നിന്ന് നേടിയ സെഞ്ചുറിയാണ് ഇതോടെ പഴങ്കഥയായത്.

വാര്‍ണറിനും മാക്സ്വെല്ലിനും പുറമേ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും മധ്യനിര താരം മാര്‍നസ് ലബുഷെയ്നുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്മിത്ത് 68 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്സറും സഹിതം 71 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 62 റണ്‍സായിരുന്നു ലബുഷെയ്ന്റെ സമ്പാദ്യം.

അതേസമയം ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്(9), ജോഷ് ഇന്‍ഗ്ലിസ്(14), കാമറൂണ്‍ ഗ്രീന്‍(8) എന്നിവര്‍ നിരാശപ്പെടുത്തിയതോടെയാണ് 400-നു മേല്‍ സ്‌കോര്‍ എന്ന ഓസീസ് ലക്ഷ്യം തകര്‍ന്നത്. നെതര്‍ലന്‍ഡ്സിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ലോഗന്‍ വാന്‍ബീക്കാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ബാസ് ഡി ലീഡ് രണ്ടു വിക്കറ്റും ആര്യന്‍ ദത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in