സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം സ്ട്രീക്ക് അന്തരിച്ചു

1990 കളിലും 2002നും ഇടയില്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സുവണകാലഘട്ടത്തില്‍ തിളങ്ങിനിന്ന ഓള്‍ റൗണ്ടറായിരുന്നു അദ്ദേഹം

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. ഭാര്യ നാദീന്‍ സ്ട്രീക്കാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. 1990 കളിലും 2002നും ഇടയില്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സുവണകാലഘട്ടത്തില്‍ തിളങ്ങിനിന്ന ഓള്‍ റൗണ്ടറായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ട്രീക്ക് ടീമിനായി 65 ടെസ്റ്റുകളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലും സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ എക്കാലത്തെയും മികച്ച പേസറാണ് സ്ട്രീക്ക്.

1993 നവംബറില്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച 2005 ലാണ് വിരമിക്കുന്നത്. 1993ല്‍ പാകിസ്താനെതിരെ സിംബാബ്‌വെ കുപ്പായത്തില്‍ അരങ്ങേറിയ സ്ട്രീക്ക് അതിവേഗമാണ് ടീമിന്റെ ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുന്ന തലത്തിലേക്ക് വളര്‍ന്നത്. പാകിസ്താനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ സ്ട്രീക്ക് സിംബാബ്‌വെയുടെ ബൗളിംഗ് കുന്തമുനയായി മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സിംബാബ്‌വെ ഇന്ത്യയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയിരുന്നു

സിംബാബ്‌വെയുടെ ബൗളിങ് ആക്രമണത്തെ സ്വന്തം ചുമലിലേറ്റിയാണ് പലപ്പോഴും കളിക്കാനിറങ്ങിയത്. 2000 ല്‍ ആണ് ദേശീയ ടെസ്റ്റ്, ഏകദിന ടീമിന്റെ ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് 2001 ല്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സിംബാബ്‌വെ ഇന്ത്യയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയിരുന്നു.

2002ല്‍ അദ്ദേഹത്തെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചു. 2003 ലോകകപ്പില്‍ സിംബാബ്‌വെയെ നയിച്ചത് സ്ട്രീക്കാണ്. 2004 ല്‍ കലാപങ്ങളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സിംബാബ്‌വെ ക്രിക്കറ്റ് യൂണിയന്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കി. നാല് വിജയങ്ങളോടെ സിംബാബ്‌വെയെ ഏറ്റവും കൂടുതൽ തവണ വിജയത്തിലെത്തിച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന പദവിയും സ്വന്തമായി. 18 ഏകദിന വിജയങ്ങളോടെ ടീമിനെ ഏറ്റവും കൂടുതൽ തവണവിജയം രുചിപ്പിച്ച രണ്ടാമത്തെ ഏകദിന ക്യാപ്റ്റന്‍ കൂടിയായി മാറി അദ്ദേഹം. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്ണും 455 വിക്കറ്റുമാണ് സ്ട്രീക്കിന്റെ സമ്പാദ്യം.

സിംബാബ്‌വെയ്ക്കായി ടെസ്റ്റില്‍ 100 വിക്കറ്റ് വീഴത്തിയിട്ടുള്ള ഏക ബൗളറാണ് അദ്ദേഹം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരിച്ചെന്ന വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുകയും വന്‍ വിവാദമാകുകയും ചെയ്തിരുന്നു. പിന്നാലെ സ്ട്രീക്ക് നേരിട്ടെത്തി മരണവാര്‍ത്ത നിഷേധിക്കുകയായിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നുമായിരുന്നു അന്ന് അദ്ദേഹം അറിയിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സിംബാബ്‌വെയ്ക്കായി ടെസ്റ്റില്‍ 100 വിക്കറ്റ് വീഴത്തിയിട്ടുള്ള ഏക ബൗളറാണ് അദ്ദേഹം. 65 ടെസ്റ്റില്‍ 216 വിക്കറ്റും 189 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റുമാണ് വീഴ്ത്തിയത്. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തില്‍ 32 റണ്‍സിൽ അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ്. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടിയ സ്ട്രീക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹരാരെയില്‍ ടെസ്റ്റ് സെഞ്ചുറിയും നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in