കേരളത്തിനും വേണ്ടേ ഒരു ചിദംബരമോ ചിന്നസ്വാമിയോ?

കേരളത്തിനും വേണ്ടേ ഒരു ചിദംബരമോ ചിന്നസ്വാമിയോ?

83-ലെ ലോകകപ്പ് ജയം ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരത്തിന് വിത്തുപാകിയപ്പോള്‍ ബിസിസിഐ പാകിയത് ഓരോ സംസ്ഥാനത്തും കളിത്തട്ടുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ്

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, മുംബൈ വാങ്കഡെ സ്‌റ്റേഡിയം, ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം, ചെന്നൈ ചെപ്പോക്ക് എം എ ചിദംബരം സ്‌റ്റേഡിയം... സുനില്‍ ഗാവസ്‌കറിനും കപില്‍ ദേവിനും സച്ചിന്‍ തെണ്ടുല്‍ക്കറിനും മഹേന്ദ്ര സിങ് ധോണിക്കുമൊപ്പം രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളുടെയും മനസുകളില്‍ ഈ പേരുകളുമുണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റിന് ആഗോളതലത്തില്‍ മേല്‍വിലാസമുണ്ടാക്കാന്‍ സഹായിച്ച കളിയിടങ്ങള്‍ എന്ന കാരണത്താല്‍.

1983-ല്‍ 'കപിലിന്റെ ചെകുത്താന്മാര്‍' വിശ്വം കീഴടക്കി തിരികെയെത്തിയപ്പോഴും ഇന്ത്യയില്‍ ക്രിക്കറ്റ് പിച്ചവച്ചു നടക്കുന്നതേയുണ്ടായിരുന്നുള്ളു. വിശ്വവിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ പോലും പണമില്ലാത്ത ഒരു ക്രിക്കറ്റ് ബോര്‍ഡിന് അന്ന് സാമ്പത്തികമായി തുണയായത് വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ സ്വരമാധുരിയും. ലതാജിയുടെ സംഗീത പരിപാടിയിലൂടെ സമാഹരിച്ച പണംകൊണ്ട് അന്ന് മുഖം രക്ഷിച്ച ബിസിസിഐ ഇന്ന് ലോക ക്രിക്കറ്റിനെ തന്നെ ഭരിക്കുന്നവരായി മാറി.

അതിന് അവരെ സഹായിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാട്ടിയ ദീര്‍ഘവീക്ഷണമാണ്. 83-ലെ ലോകകപ്പ് ജയം ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരത്തിനു വിത്തുപാകിയപ്പോള്‍ ബിസിസിഐ പാകിയത് ഓരോ സംസ്ഥാനത്തും കളിത്തട്ടുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ്, മുംബൈയിലും ഡല്‍ഹി-പഞ്ചാബ് മേഖലയിലും കൊല്‍ക്കത്തയിലും ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്-കര്‍ണാടക-ആന്ധ്ര എന്നിവിടങ്ങളിലും മാത്രമായി ഒതുങ്ങുമായിരുന്ന ഗെയിമിനെ ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കാന്‍ അവര്‍ക്കായി.

സച്ചിനും ധോണിക്കും കോഹ്ലിക്കും ഒപ്പം അവിടെ കളിക്കാന്‍ ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങും സ്റ്റീവന്‍ സ്മിത്തും എത്തുമ്പോള്‍ ക്രിക്കറ്റിന് പ്രചാരം കൂടുകയല്ലാതെ കുറയില്ലല്ലോ?

ഇന്ന് രാജ്യത്തെ ഓരോ മുക്കിലും മൂലയിലും ബാറ്ററെയും ബൗളറെയും കാണാമെങ്കില്‍ അതിനു കാരണം ആ ദീര്‍ഘവീക്ഷണമാണ്. അതിനു സഹായിച്ചതോ ഓരോ സംസ്ഥാനത്തും വ്യക്തമായ ലക്ഷ്യത്തോടെ അതത് സംസ്ഥാന അസോസിയേഷനുകളുടെ കീഴില്‍ സ്ഥാപിച്ച സ്‌റ്റേഡിയങ്ങളും. സച്ചിനും ധോണിക്കും കോഹ്ലിക്കുമെല്ലൊം ഒപ്പം അവിടെ കളിക്കാന്‍ ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങും സ്റ്റീവന്‍ സ്മിത്തും എത്തുമ്പോള്‍ ക്രിക്കറ്റിന് പ്രചാരം കൂടുകയല്ലാതെ കുറയില്ലല്ലോ?

ഈയൊരു കാഴ്ചപ്പാടില്‍ നിന്ന് അന്നും ഇന്നും മുഖംതിരിച്ച നില്‍ക്കുന്ന ഒരോയൊരു സംസ്ഥാനമാണ് കേരളം. സുനില്‍ വത്സനും കെ എന്‍ അനന്തപദ്മനാഭനും തുടങ്ങി ഇപ്പോള്‍ സഞ്ജു സാംസണില്‍ വരെയെത്തി നില്‍ക്കുന്ന താരനിര ഇന്ത്യന്‍ ക്രിക്കറ്റില്‍ അവഗണന നേരിടുന്നുവെന്ന് ആരാധകര്‍ ആക്രോശിക്കുമ്പോള്‍ ഒരൊറ്റ ചോദ്യമാണ് തിരിച്ചുചോദിക്കാനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം എന്താണ് നല്‍കിയത്? സ്വന്തമായി ഒരു സ്‌റ്റേഡിയം എങ്കിലും നല്‍കാനായോ? തുടക്കത്തില്‍ സൂചിപ്പിച്ച സ്‌റ്റേഡിയങ്ങളുടെ പേരുവിവരങ്ങള്‍ ഇന്ന് രാജ്യത്തെ ഓരോ കൊച്ചുകുട്ടിക്കും ഹൃദിസ്ഥമാണ്. ആ ഒരു നിരയിലേക്ക് കേരളത്തിന്റേതായ ഒരു സംഭാവന ഉയര്‍ന്നു വരാഞ്ഞത് ആരുടെ പിടിപ്പുകേട് കൊണ്ടാണ്?

രണ്ടര പതിറ്റാണ്ടിനിടെ നടന്നത്

കേരളത്തില്‍ ക്രിക്കറ്റ് വേരോടിത്തുടങ്ങിയ വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ അത് മുംബൈ ഉള്‍പ്പടെ മറ്റു പല നഗരങ്ങളുടെയും പാരമ്പര്യത്തിന് ഒപ്പം നില്‍ക്കും. എന്നാല്‍ കേരളത്തില്‍ ക്രിക്കറ്റ് വളര്‍ന്ന് തുടങ്ങിയിട്ട് എത്ര നാളായി എന്നു ചോദിച്ചാല്‍ കൃത്യം രണ്ടര പതിറ്റാണ്ടായി എന്നു മാത്രമേ പറയാനാകൂ. ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വെസ്റ്റിന്‍ഡീസ് ഒക്കെ മലയാള മണ്ണില്‍ ഏറെ നാള്‍ മുമ്പേ വന്നു കളിച്ചു പോയിട്ടുണ്ടെങ്കിലും മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ബിസിസിഐയ്ക്കും ക്രിക്കറ്റ് ലോകത്തിനും കേരളത്തില്‍ നടന്ന ആദ്യ 'രാജ്യാന്തര' മത്സരം 1998-ലെ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരമാണ്.

25 വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലേക്ക് പിന്നീടെത്തിയത് വെറും 14 രാജ്യാന്തര മത്സരങ്ങള്‍ മാത്രം

അതിനു ശേഷം ഇങ്ങോട്ട് സംസ്ഥാനത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടാന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 98-ന് ശേഷം 25 വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലേക്ക് പിന്നീടെത്തിയത് വെറും 14 രാജ്യാന്തര മത്സരങ്ങള്‍ മാത്രമാണ്. വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കില്‍പ്പോലും മത്സരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
ഈഡന്‍ ഗാര്‍ഡന്‍സിലും വാങ്കഡെയിലും ചിന്നസ്വാമിയിലുമൊക്കെ പ്രതിവര്‍ഷം 18-20 മത്സരങ്ങള്‍ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ നടക്കുമ്പോഴാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുപോയത്. അതിനു കാരണമോ, സ്വന്തമായി ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം ഇല്ലെന്നതും.

കെസിഎ ചെയ്തത്

സംസ്ഥാനത്തെ 14 ജില്ലകളിലായി രാജ്യാന്തര നിലവാരമുള്ള 12 ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കെസിഎയ്ക്കു കഴിഞ്ഞിട്ടുണ്ട്. അണ്ടര്‍ 14 വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കു മുതല്‍ ഇവിടെ കളിച്ചു പരിശീലിക്കാന്‍ സൗജന്യ അവസരവുമുണ്ട്. പക്ഷേ അതൊന്നും രാജ്യാന്തര മത്സരം അനുവദിച്ചു കിട്ടാനുള്ള ബിസിസിഐ മാനദണ്ഡത്തിന് അരികില്‍ വരില്ല.

സ്വന്തമായി ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം, അല്ലെങ്കില്‍ ചുരുങ്ങിയത് 30 വര്‍ഷത്തേക്ക് ഭരണ-കാര്യനിര്‍വഹണത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തില്‍ പാട്ടത്തിന് ഒരു സ്‌റ്റേഡിയം. ഇതില്‍ ഏതെങ്കിലും ഒന്നു സ്വന്തമായി ഉള്ള സംസ്ഥാനങ്ങള്‍ക്കു മാത്രം ടെസ്റ്റ് ക്രിക്കറ്റ് അടക്കമുള്ള രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദി അനുവദിച്ചാല്‍ മതിയെന്നാണ് ബിസിസിഐ നിയമം.

ഇതു രണ്ടും ഇന്നുവരെ പരമാവധി ശ്രമിച്ചിട്ടും കെസിഎയ്ക്ക് പാലിക്കാനായിട്ടില്ല. പുതിയ ഒരു സ്‌റ്റേഡിയം സംബന്ധിച്ച കൂടിയാലോചനകളും നീക്കങ്ങളും തുടങ്ങിയതിനൊപ്പം തന്നെ നിലവില്‍ സംസ്ഥാനത്തുള്ള ഒരു സ്‌റ്റേഡിയം പാട്ടക്കാലാവധിയില്‍ ഏറ്റെടുക്കുന്നതിനും കെസിഎ തയാറായിരുന്നു. സംസ്ഥാനത്ത് ആദ്യ രാജ്യാന്തര ഏകദിനം നടന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഏറ്റെടുക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ചില 'ഇടപെടലുകള്‍' അതിനു വിലങ്ങുതടിയായി.

ഒരു മുന്‍ കേന്ദ്രമന്ത്രിയുള്‍പ്പടെയുള്ളവരുടെ 'സ്ഥാപിത ഇടപെടല്‍' അതിനും വിലങ്ങുതടിയായി

പിന്നീട് ഇടക്കൊച്ചിയില്‍ സ്വന്തമായി സ്‌റ്റേഡിയം നിര്‍മിക്കാമെന്ന തീരുമാനത്തിലെത്തി. അതിനായി സ്ഥലവും കണ്ടെത്തി. എന്നാല്‍ ഒരു മുന്‍ കേന്ദ്രമന്ത്രിയുള്‍പ്പടെയുള്ളവരുടെ 'സ്ഥാപിത ഇടപെടല്‍' അതിനും വിലങ്ങുതടിയായി. ഏറ്റവും ഒടുവിലാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം പാട്ടത്തിനെടുക്കുന്നത്.

പണം 'വിഴുങ്ങുന്ന' ഗ്രീന്‍ഫീല്‍ഡ്

നിലവില്‍ സംസ്ഥാനത്ത് സീനിയര്‍ രാജ്യാന്തര മത്സരം നടക്കുന്ന ഏക വേദി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. സ്വന്തം സ്റ്റേഡിയം അല്ലെങ്കില്‍ കൂടി കരാര്‍ പ്രകാരം ഗ്രൗണ്ട് പരിപാലനം മാത്രം ചെയ്താല്‍ മതിയെന്നിരിക്കെ ആ സ്പോര്‍ട്സ് ഹബ്ബിന്റെ മുഴുവന്‍ അറ്റകുറ്റപ്പണികളും ഇന്ന് നിര്‍വഹിക്കുന്നത് കെസിഎയാണ്.

ഡിബിഒടി രീതിയില്‍ ഐഎല്‍ ആന്‍ഡ് എഫ്എസ് ട്രാന്‍സ്പോര്‍ട്ടേഷനാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഈ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം നിര്‍മിച്ചത്. രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണിതെന്ന പ്രത്യേകതയുമുണ്ട്. ഡിബിഒടി നിര്‍മാണ രീതി പ്രകാരം നിര്‍മാണച്ചിലവ് ഈടാക്കാന്‍ ഐഎല്‍. ആന്‍ഡ് എഫ്എസിന് 15 വര്‍ഷത്തെ കാലാവധിയാണ് അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 94 ലക്ഷം രൂപ വീതം കമ്പനിക്കു നല്‍കണം. ആ കാലയളവില്‍ സ്റ്റേഡിയത്തിന്റെയും സ്റ്റേഡിയം കോംപ്ലക്സിന്റെയും മുഴുവന്‍ മെയിന്റനന്‍സും കമ്പനിയാണ് നിര്‍വഹിക്കേണ്ടതെന്ന കരാറും നിലവിലുണ്ടായിരുന്നു.

ഈ കമ്പനിയില്‍ നിന്നാണ് കെസിഎ സ്റ്റേഡിയം ലീസിനെടുക്കുന്നത്. ലീസ് കരാറില്‍ സ്റ്റേഡിയത്തിലെ പിച്ചിന്റെ മെയിന്റനസ് മാത്രമായിരുന്നു കെസിഎയുടെ ഉത്തരവാദിത്തത്തിലുണ്ടായിരുന്നത്. പിച്ചും ഗ്രൗണ്ടും മാത്രം നോക്കി നടത്തുക എന്ന ചുമതല മാത്രം. അത് കെസിഎ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു പോന്നു. വര്‍ഷത്തില്‍ 180 ദിവസത്തെ ക്രിക്കറ്റിനു വേണ്ടി പ്രതിദിനം 4000 രൂപയ്ക്കാണ് കെസിഎ കരാര്‍ ഒപ്പിട്ടത്.

സ്റ്റേഡിയം കൃത്യമായി പരിപാലിക്കാന്‍ കെഎസ്എഫ്എല്‍ പരാജയപ്പെട്ടതോടെ ഇവിടെ മത്സരങ്ങള്‍ നടത്താന്‍ കെസിഎ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയായി

പിന്നീട് ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനി നഷ്ടത്തിലാകുകയും സ്റ്റേഡിയം കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) എന്ന കമ്പനിയുടെ കീഴിലായതോടെയുമാണ് കാര്യങ്ങള്‍ താളം തെറ്റിയത്. സ്റ്റേഡിയം കൃത്യമായി പരിപാലിക്കാന്‍ കെഎസ്എഫ്എല്‍ പരാജയപ്പെട്ടതോടെ ഇവിടെ മത്സരങ്ങള്‍ നടത്താന്‍ കെസിഎ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയായി.

സ്റ്റേഡിയം ഒരുക്കാന്‍ ബജറ്റിനു പുറത്തുനിന്ന് 12 ലക്ഷത്തോളം രൂപ കെസിഎയ്ക്ക് കണ്ടെത്തേണ്ടി വന്നു

കോവിഡിനു ശേഷം കേരളത്തിലേക്ക് ആദ്യമായി ക്രിക്കറ്റ് വന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ആ മത്സരത്തിന് സ്റ്റേഡിയം ഒരുക്കാന്‍ ബജറ്റിനു പുറത്തുനിന്ന് 12 ലക്ഷത്തോളം രൂപ കെസിഎയ്ക്ക് കണ്ടെത്തേണ്ടി വന്നു. സ്റ്റേഡിയം കൃത്യമായി പരിപാലിക്കപ്പെടാതെ കിടന്നതാണ് കാരണം.
രണ്ടു വര്‍ഷത്തോളം പരിപാലനമില്ലാതിരുന്ന സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റിന്റെ ബള്‍ബുകള്‍ എല്ലാം തന്നെ മാറ്റി സ്ഥാപിക്കാന്‍ മാത്രം 11 ലക്ഷം രൂപ മുടക്കേണ്ടി വന്നു. മഴയും വെയിലുമേറ്റ് കൃത്യമായ പരിപാലനമില്ലാതെ കിടന്ന ലൈറ്റുകള്‍ മത്സരത്തിനിടെ അണയുമെന്ന ഭീതിയില്‍ അത്രതന്നെ ബള്‍ബുകള്‍ കരുതലായി വാങ്ങി സൂക്ഷിക്കേണ്ടിയും വന്നു. അറ്റകുറ്റപ്പണി ഉള്‍പ്പടെ മൊത്തം ചിലവ് ഏകദേശം ഒരു കോടി 10.5 ലക്ഷം.

ഇതിനു പുറമേയാണ് പവലിയന്റെയും ഡ്രെസിങ് റൂമിന്റെയും തേര്‍ഡ് അമ്പയര്‍ അടക്കമുള്ളവരുടെ മുറികളുടെയും ഗ്ലാസ് വാതിലുകളും മറ്റും ശരിയാക്കിയെടുക്കാന്‍ ചെലവിട്ട 5.5 ലക്ഷം. പിച്ചൊരുക്കലിന്റെയും മറ്റും ചെലവുകള്‍ വേറെ. കരാര്‍ പ്രകാരം പിച്ചിന്റെ മാത്രം ചുമതലയുള്ള കെ.സി.എ. ഒരു ട്വന്റി 20 ക്രിക്കറ്റ് മത്സര നടത്തിപ്പിനു വേണ്ടി മാത്രം സ്വന്തം കീശയില്‍ നിന്നു ചെലവാക്കിയ പണമാണിത്.

അതില്‍ തീരുമാനമെടുക്കേണ്ടത് 'കുടിശികക്കാരെ കുടിയൊഴിപ്പിക്കാന്‍' തയാറാണ് എന്ന ഉറപ്പിച്ചു പറയാന്‍ തന്റേടമുള്ള ഒരു സര്‍ക്കാരാണ്

തൊട്ടയല്‍പക്കമായ ചെന്നൈയിലും ബെംഗളൂരുവിലും ഒരു രാജ്യാന്തര മത്സരം നടത്തി ഏഴു കോടിയിലേറെ അതത് സംസ്ഥാന അസോസിയേഷനുകള്‍ വരുമാനമുണ്ടാക്കുന്നിടത്താന് രണ്ടരക്കോടിയിലേറെ നഷ്ടം സഹിച്ച് കെസിഎ സംസ്ഥാനത്ത് ഒരു രാജ്യാന്തര മത്സരം എത്തിക്കുന്നത്. ഈ നഷ്ടക്കളി ഇനി വേണ്ടെന്ന നിലപാടിലാണ് അവര്‍. അതിന് ബദലായി അവരുടെ മുന്നില്‍ വ്യക്തമായ ഒരു പദ്ധതിയുമുണ്ട്. പക്ഷേ അതില്‍ തീരുമാനമെടുക്കേണ്ടത് 'കുടിശികക്കാരെ കുടിയൊഴിപ്പിക്കാന്‍' തയാറാണ് എന്ന ഉറപ്പിച്ചു പറയാന്‍ തന്റേടമുള്ള ഒരു സര്‍ക്കാരാണ്.

കൊടുക്കാക്കടമായി 90 കോടി, എന്നിട്ടും കുലുക്കമില്ലാതെ സര്‍ക്കാർ.

അതേക്കുറിച്ചു നാളെ.

logo
The Fourth
www.thefourthnews.in