'ആടുജീവിതം'; കേരളത്തില്‍ നിന്ന് 22 ഫുട്‌ബോളര്‍മാരെ രക്ഷിച്ചെന്നു മണിപ്പൂര്‍ സര്‍ക്കാര്‍

'ആടുജീവിതം'; കേരളത്തില്‍ നിന്ന് 22 ഫുട്‌ബോളര്‍മാരെ രക്ഷിച്ചെന്നു മണിപ്പൂര്‍ സര്‍ക്കാര്‍

കേരളത്തിനു പുറമേ ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ഇതുപോലെയുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ദയനീയമായ താമസ-ഭക്ഷണ സൗകര്യത്തില്‍ കേരളത്തിലെ ഒരു ഫുട്‌ബോള്‍ അക്കാദമിയില്‍ കഴിഞ്ഞിരുന്ന 22 യുവ ഫുട്‌ബോള്‍ താരങ്ങളെ തങ്ങള്‍ നേരിട്ട് രക്ഷപെടുത്തിയെന്ന അവകാശവാദവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂരിലെ കോച്ചുമാരും സെലക്ടര്‍മാരും ഇടപെട്ടാണ് താരങ്ങളെ രക്ഷപെടുത്തിയതെന്നു മണിപ്പൂര്‍ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്‍.ജി. ഉത്തം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ ഏത് അക്കാദമിയാണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

താരങ്ങള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും മണിപ്പൂരികള്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളും അക്കാദമിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശം സ്ഥിതിയാണ് അക്കാദമിയിലേതെന്നും ഉത്തം കൂട്ടിച്ചേര്‍ത്തു.

അക്കാദമിയില്‍ പുഴുക്കളെ പോലെയാണ് താരങ്ങളെ കണ്ടിരുന്നതെന്നും കിടക്കാന്‍ പോലും സ്ഥലസൗകര്യമില്ലാത്ത മുറിയില്‍ നിരവധിപ്പേരെ ഒന്നിച്ചഒ താമസിപ്പിക്കുകയായിരന്നുവെന്നും ശരിയായ രീതിയില്‍ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ നിരന്തരം പരാതിപ്പെട്ടതിനേത്തുടര്‍ന്നാണ് ഇടപെടല്‍ നടത്തിയതെന്നും ഉത്തം പറഞ്ഞു. കേരളത്തിനു പുറമേ ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ഇതുപോലെയുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗൗരവമേറിയ ഈ വിഷയത്തില്‍ ഇതേവരെ സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമികള്‍ മികച്ച നിലവാരത്തിലും സൗകര്യത്തിലും ഉള്ളതാണെന്നും ചില സ്ഥലങ്ങളില്‍ ചില വ്യക്തികള്‍ പണം തട്ടുന്നതിനായി വ്യാജ അക്കാദമികള്‍ രൂപീകരിച്ചിട്ടുണ്ടാകാമെന്നും അത്തരക്കാര്‍ക്കെതിരേ പരാതി ലഭിക്കുന്നതനുസരിച്ച് അന്വേഷിച്ചു നിയമനടപടി സ്വീകരിക്കുമെന്നും കെ.എഫ്.എ. സെക്രട്ടറി അനില്‍കുമാര്‍ 'ദ ഫോര്‍ത്ത് ന്യൂസി'നോടു പറഞ്ഞു.

logo
The Fourth
www.thefourthnews.in