കോണ്‍സ്റ്റന്‍ന്റൈന്‍ മനസില്‍ കണ്ടത് 'ആശാന്‍' മാനത്ത് കണ്ടു

കോണ്‍സ്റ്റന്‍ന്റൈന്‍ മനസില്‍ കണ്ടത് 'ആശാന്‍' മാനത്ത് കണ്ടു

'യുദ്ധ'ത്തില്‍ സ്വന്തം തന്ത്രം മിനുക്കുന്നതിനേക്കാള്‍ എതിരാളിയുടെ തന്ത്രം മണത്തറിഞ്ഞ് മറുതന്ത്രമൊരുക്കുകയാണ് നല്ലതെന്നു സെര്‍ബിയക്കാരനായ വുകുമനോവിച്ചിനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ.
Updated on
4 min read

ആചാര വെടിക്ക് അല്ലേലും ഇതാണ് ബെസ്റ്റ്... സ്വന്തം ഡയലോഗല്ല, കൊച്ചി പഴയ കൊച്ചിയല്ലെന്നു പറഞ്ഞവരോടു 'കലിപ്പ്' കാട്ടിയ ബിലാലിന്റെ വാക്കുകള്‍ കടമെടുത്തതാണ്. പക്ഷേ, ഇനി ബിലാലും സമ്മതിക്കും, കൊച്ചി പഴയ കൊച്ചി അല്ലെന്ന്. കാരണം ഇവാന്‍ വുകുമനോവിച്ചും കുട്ടികളും അത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചു കൊടുത്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തിയ ഈസ്റ്റ് ബംഗാള്‍ ടീമിന് സ്വന്തം താരങ്ങളെക്കാള്‍ വിശ്വാസം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈനിലായിരുന്നു. ഏഴു വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച കോണ്‍സ്റ്റന്‍ന്റൈന് അറിയാത്ത ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കമാണെന്നതു തന്നെ കാരണം.

ഇക്കഴിഞ്ഞ ഡ്യൂറന്‍ഡ് കപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയില്ലെങ്കിലും വെറും റിസവര്‍വ് നിരയെ വച്ച് മുംബൈ സിറ്റി എഫ് സിയെ വരെ വിറപ്പിക്കാന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞത് കോണ്‍സ്റ്റന്‍ന്റൈന്റെ തന്ത്രങ്ങള്‍ കാരണമാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നത് ശരി. പക്ഷേ ഒരു റിസര്‍വ് നിരയെ വച്ചു കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ തകര്‍ത്ത ഒരൊറ്റ മത്സരം മതിയാകും ആ തന്ത്രങ്ങള്‍ മനസിലാക്കാന്‍.

അതിനാലാകാണം പ്രീ മാച്ച് വാര്‍ത്താ സമ്മേളനത്തില്‍ തെല്ല് അഹങ്കാരത്തോടെ തന്നെ ''ബ്ലാസ്‌റ്റേഴ്‌സിന് ഞങ്ങള്‍ ഗുഡ് ലക്ക്'' പറയില്ലെന്ന് കോണ്‍സ്റ്റന്‍ന്റൈന്‍ പറഞ്ഞത്. നാലു വിദേശ താരങ്ങളെ ഓരോ ടീമിനും അണിനിരത്താന്‍ കഴിയുന്ന ഐ എസ് എല്ലില്‍ അവരിലേക്ക് പന്തെത്തുന്നത് തടയുന്ന തരത്തില്‍ ഇന്ത്യന്‍ താരങ്ങളെ പൂട്ടുന്ന തന്ത്രമാണ് കോണ്‍സ്റ്റന്‍ന്റൈന്‍ മുംബൈയ്‌ക്കെതിരേ പുറത്തെടുത്തത്.

അതേ തന്ത്രം ഇന്നലെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേയു അദ്ദേഹം പയറ്റുമെന്നു വിശ്വസിച്ചവര്‍ ഏറെയാണ്. ആ ധാരണ തെറ്റിയെന്നും പറയാനാകില്ല. മത്സരത്തിന്റെ ആദ്യ 45 മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയെ അനങ്ങാന്‍ വിടാതെ ദിമിത്രി ഡയമെന്റോസും അപ്പോസ്തലോസ് ഗിയാന്നുവുമടങ്ങിയ മുന്നേറ്റ നിരയെ 'ഉണ്ടായില്ലാ വെടി'യാക്കിയത് ആ തന്ത്രമാണ്.

ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, പൂട്ടിയ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ലൂണയ്ക്ക് യഥേഷ്ട 'റോമിങ്' അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് വുകുമനോവിച്ച് തന്ത്രത്തിന്റെ ഭാഗമാണെന്നത് ഏവര്‍ക്കും അറിയാവുന്നതുമാണ്. ഇതു മനസിലാക്കി തന്നെയാണ് കോണ്‍സ്റ്റന്‍ന്റൈന്‍ മറുതന്ത്രം മെനഞ്ഞത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ സഹലിനെയും പൂട്ടിയയെയും 'പൂട്ടാന്‍' മെനക്കെട്ട ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിര ഇടതുവിങ്ങില്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് ഹരമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് നായകനും പ്രതിരോധ താരവുമായ ജസല്‍ കാര്‍നെയ്‌റോയെ വെറുതേ വിട്ടു. ജസല്‍ വിങ്ങില്‍ ഇരമ്പിക്കയറുമ്പോള്‍ ലൂണ സ്വാഭാവികമായും പിന്നോക്കം നീങ്ങുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

അതു തന്നെ സംഭവിച്ചു. ആദ്യ പകുതിയില്‍ ബഹുഭൂരിപക്ഷം സമയത്തും ലൂണ കളിച്ചത് ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ റോളില്‍. ഓവര്‍ലാപ്പ് ചെയ്ത ജസലില്‍ നിന്ന് ഒരു ക്രോസും ദിമിത്രിയിലേക്കോ, അപ്പോസ്തലോസിലേക്കോ വരാതെ നോക്കാനും ഈസ്റ്റ് ബംഗാളിനായി. ജസല്‍ ഇരമ്പിക്കയറുമ്പോള്‍ സഹായിക്കാനെത്തുന്ന സഹലില്‍ നിന്നും പൂടിയയില്‍ നിന്നും പന്ത് റാഞ്ചാനും അവര്‍ കൃത്യത പാലിച്ചു.

ബോള്‍ ഹോള്‍ഡിങ്ങില്‍ ഏറ്റവും പരാജയമായിരുന്നത് പൂട്ടിയയും സഹലുമായിരുന്നുവെന്നത് തന്നെ ഇതിന്റെ തെളിവ്. വിദേശ താരങ്ങള്‍ക്കു പിന്നാലെ നീങ്ങി ഭാഗ്യപരീക്ഷണം നടത്തുന്നതിനു പകരം അവരെ 'നിരായുധരാക്കുന്ന' തന്ത്രം. കോണ്‍സ്റ്റന്‍ന്റൈന്‍ അതില്‍ ഭാഗികമായി വിജയിക്കുക തന്നെ ചെയ്തു.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ എന്തിന് ഈ മുന്നേറ്റ നിര, മിഡ് എന്തു ചെയ്യുന്നു എന്ന ചോദ്യങ്ങ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മനസില്‍ ഉയര്‍ന്നതിനും കാരണം അതുതന്നെ. പക്ഷേ ഒരു 'യുദ്ധത്തിന്' ഇറങ്ങുമ്പോള്‍ സ്വന്തം തന്ത്രം മിനുക്കുന്നതിനേക്കാള്‍ എതിരാളിയുടെ തന്ത്രം മണത്തറിഞ്ഞ് അതിനു മറു തന്ത്രമൊരുക്കുകയാണ് ഏറ്റവും മികച്ച നീക്കം എന്നത് സെര്‍ബിയയില്‍ നിന്ന് വരുന്ന വുകുമനോവിച്ചിനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ.

കളിയുടെ രണ്ടാം പകുതി കണ്ടത് ആ മറുതന്ത്ര പ്രയോഗമാണ്. മിഡ്ഫീല്‍ഡ് വഴി നീക്കങ്ങള്‍ നടക്കില്ലെന്നു കണ്ട വുകുമനോവിച്ച് തന്റെ 'കുട്ടികളെ' അങ്ങ് അഴിച്ചുവിട്ടു. തല്ലിയിട്ടു വരാന്‍ പറഞ്ഞാല്‍ കൊന്നിട്ടു വരുന്ന അവര്‍ അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.ആദ്യ പകുതിയില്‍ മധ്യനിരയില്‍ കളി മെനയാന്‍ നോക്കിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ കളിച്ചത് അതിവേഗ ഫുട്‌ബോള്‍. ഇടവേളയ്ക്കു ശേഷം അക്ഷരാര്‍ത്ഥത്തില്‍ ഗിയര്‍ മാറ്റുകയായിരുന്നു. പ്രതിരോധ നിരയില്‍ ആര്‍ക്ക് പന്ത് കിട്ടിയാലും ഷോര്‍ട്ട് പാസുകള്‍ ഇല്ല. മധ്യനിരയ്ക്കു മുകളിലൂടെ ലോങ് പാസുകള്‍. അവിടെ കോണ്‍സ്റ്റന്‍ന്റൈന് മറുപടിയുണ്ടായില്ല.

രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളില്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണം ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. അപകടം മനസിലാക്കും മുമ്പേ അവര്‍ക്ക് കനത്ത വില നല്‍കേണ്ടി വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ തന്നെ ഉദാഹരണം. ആ ഗോളിനു വഴിയൊരുക്കിയ പ്രതിരോധ താരം ഹര്‍മന്‍ ജ്യോത് ഖാബ്രയുടെ കാലില്‍ പന്തു കിട്ടുമ്പോള്‍ മധ്യനിരയില്‍ പൂട്ടിയയും സഹലിനു പകരം കെ പി രാഹുല്‍ എത്തിയപ്പോള്‍ താഴേക്ക് ഇറങ്ങിയ ജീക്‌സണ്‍ സിങ്ങും എല്ലാം നിശ്ചയമായും ഖാബ്രയുടെ പാസിങ് പരിധിയിലായിരുന്നു.

മാത്രമല്ല. അര മിനിറ്റ് മുമ്പ് കളത്തിലിറങ്ങിയ രാഹുല്‍ പോലും ഖാബ്രയുടെ പാസ് സ്വീകരിക്കാനെന്ന നിലയിലാണ് നിന്നത്. നിശ്ചയമായും ഫ്രഷ് ലെഗിലേക്കായിരിക്കും പാസെന്ന് എതിരാളികള്‍ കരുതും. പക്ഷേ അങ്ങനെ മധ്യനിരയില്‍ തട്ടിക്കളിക്കാനായിരുന്നില്ല വുകുമനോവിച്ച് നല്‍കിയ നിര്‍ദേശം. ലക്ഷ്യത്തിലെത്തുമെന്ന് 50-50 ശതമാനം മാത്രം സാധ്യതയുള്ള ഹൈബോളാണ് ഖാബ്ര കളിച്ചത്.

മധ്യവരയില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് ഒരു ഹൈ ലോബ്. ഒരു നേരിയ വ്യത്യാസം വന്നാല്‍ കൃത്യമായി ആ പന്ത് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്തിന്റെ കൈകളില്‍ വിശ്രമിക്കുമായിരുന്നു. പക്ഷേ കോച്ചിന്റെ നിര്‍ദേശം കൃത്യമായി അറിയാവുന്ന ലൂണയും ബ്ലാസ്‌റ്റേഴ്‌സിന്റെ നിറംമാറ്റം മനസിലാകാതെ പോയ കമല്‍ജിത്തും മത്സരിച്ചപ്പോള്‍ ജയം ലൂണയ്‌ക്കൊപ്പം നിന്നു. ഖാബ്രയുടെ ലോബ് നിലംതൊടും മുമ്പേ ലൂണയുടെ ബൂട്ട് അവിടെയെത്തിയിരുന്നു. പ്രതീക്ഷിക്കാതെയുള്ള വോളി കമല്‍ജിത്തിന്റെ പ്രതിരോധം തകര്‍ത്തു.

ആ ഒരൊറ്റ ഗോളില്‍ കോണ്‍സ്റ്റന്‍ന്റൈന്റെ ബുദ്ധി മന്ദിച്ചുപോയെന്നു വേണം കരുതാന്‍. കാരണം പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങക്ക് മറുതന്ത്രമൊരുക്കാന്‍ അദ്ദേഹം അല്‍പം വൈകി. അപ്പോഴേക്കും രണ്ടാം ഗോളും നേടി ആതിഥേയര്‍ നിര്‍ണായക ലീഡ് നേടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളിനു മുമ്പും വുകുമനോവിച്ച് നടത്തിയ സബ്‌സ്റ്റിറ്റിയൂഷനുകളും ശ്രദ്ധേയമായി.

സ്‌ട്രൈക്കര്‍ അപ്പോസ്തലോസിനെയും മധ്യനിര താരം പൂട്ടിയയെയും പിന്‍വലിച്ച് വിദേശ മധ്യനിര താരം ഇവാന്‍ കലൂഷ്‌നിയെയും ഈസ്റ്റ് ബംഗാള്‍ യൂത്ത് ടീമിലൂടെ വളര്‍ന്ന് ഇന്ത്യന്‍ യുവ സ്‌ട്രൈക്കര്‍ ബിദ്യാ സാഗറിനെയുമാണ് വുകുമനോവിച്ച് ഇറക്കിവിട്ടത്. ഈസ്റ്റ് ബംഗാളിന്റെയും ബംഗളുരു എഫ് സിയുയെും മുന്‍ താരമായ ബിദ്യാസാഗര്‍ ആക്രമിച്ചു കയറുന്നതില്‍ മിടുക്കനാണ്.

സ്വാഭാവികമായും ബിദ്യയിലേക്ക് പന്തെത്തിക്കാനാകും ബ്ലാസ്‌റ്റേഴ്‌സ് നീക്കമെന്ന് ഏവരും കരുതി. പക്ഷേ ബിദ്യയുടെ വേഗം വുകുമനോവിച്ച് ഉപയോഗിച്ചത് പാസിങ്ങിനായാണ്. ബിദ്യയിലേക്ക് ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ശ്രദ്ധ നല്‍കിയപ്പോള്‍ സ്വതന്ത്രനായത് കലൂഷ്‌നി. തുടര്‍ ആക്രമണങ്ങളില്‍ നടുങ്ങിയിരുന്ന ഈസ്റ്റ് ബംഗാളിന് തടുക്കാനാകും മുമ്പേ രണ്ടാം തവണയും വലകുലുങ്ങി.

സര്‍വതും മറന്ന് ആക്രമിച്ചു സമനില തെറ്റിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മറു തന്ത്രമെന്ന് കോണ്‍സ്റ്റന്‍ന്റൈന്‍ മനസിലാക്കി വന്നപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. എങ്കിലും അവസാന ശ്രമമെന്ന പോലെ വേഗത്തിലുള്ള കൗണ്ടര്‍ നടത്തി ഒരു ഗോള്‍ മടക്കിയെങ്കിലും കലൂഷ്‌നിയെ മാര്‍ക്ക് ചെയ്യാന്‍ മറന്നത് പിഴച്ച്. യുക്രെയ്ന്‍ താരത്തിന്റെ ബൂട്ടില്‍ നിന്നു പിറന്ന രണ്ടാം ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ പെട്ടിയിലെ അവസാന ആണിയായി.

ആത്മവിശ്വാസം നല്ലതാണ്, പക്ഷേ അത് അമിതമായാല്‍ വിനയാകുമെന്ന് കോണ്‍സ്റ്റന്‍ന്റൈന്‍ മനസിലാക്കിക്കാണും. അതുകൊണ്ട് തന്നെ ഇനി ഈ മഞ്ഞക്കോട്ടയിലേക്കു വരുന്ന ഓരോ ടീമിനും നല്‍കാന്‍ അദ്ദേഹം കാത്തുവച്ചിരിക്കുന്ന ഉപദേശം ഇതായിരിക്കും... കൊച്ചി പഴയ കൊച്ചിയല്ല, ബ്ലാസ്‌റ്റേഴ്‌സും. കാരണം വുകുമനോവിച്ചും പിള്ളേരും സ്‌ട്രോങ്ങാണ്, ഡബിള്‍ സ്‌ട്രോങ്.

logo
The Fourth
www.thefourthnews.in