ഇല്ല, ആരും കരുതിയില്ല ഛേത്രി ചരിത്രം സൃഷ്ടിക്കുമെന്ന്

ഇല്ല, ആരും കരുതിയില്ല ഛേത്രി ചരിത്രം സൃഷ്ടിക്കുമെന്ന്

തൊണ്ണൂറാം ഗോൾ നേടി ചരിത്രം സൃഷ്ടിച്ച സുനിൽ ഛേത്രിയുടെ ആദ്യ അന്താരാഷ്ട്ര ഗോളിന് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മയുമായി മുൻ ഇന്ത്യൻ സ്‌ട്രൈക്കർ അബ്ദുൾ ഹക്കീം

ആരവങ്ങൾ നിലയ്ക്കുന്നു. ഇരമ്പുന്ന ഗാലറികളിൽ നിശ്ശബ്ദത പടരുന്നു. സ്വന്തം ടീമിനെതിരെ അപ്രതീക്ഷിതമായി വീണ ഗോളിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ചിരിക്കുന്നു ക്വെറ്റ അയൂബ് സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് പാക് ഫുട്ബോൾ പ്രേമികൾ.

ഗോളടിച്ചത് ഇന്ത്യ. വഴങ്ങിയത് പാകിസ്താൻ. പതിനെട്ട് വർഷങ്ങൾക്കിപ്പുറവും കാതടപ്പിക്കുന്ന ആ നിശ്ശബ്ദത അബ്ദുൾ ഹക്കീമിന്റെ ഓർമ്മയിലുണ്ട്. അതിന് നിമിത്തമായ ഗോളടിച്ച കൗമാരതാരത്തിന്റെ കുസൃതി നിറഞ്ഞ മുഖഭാവവും. സുനിൽ ഛേത്രി എന്നായിരുന്നു ആ ഇരുപതുകാരൻ പയ്യന്റെ പേര്.

അബ്ദുൾ ഹക്കീം
അബ്ദുൾ ഹക്കീംമുൻ ഇന്ത്യൻ സ്‌ട്രൈക്കർ

ഛേത്രിയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ പാകിസ്താനെതിരായ സാഫ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ തൊണ്ണൂറാം ഗോളും നേടി ആഗോള സ്‌കോറർമാരുടെ പട്ടികയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും (123) അലി ദേയിക്കും (109) ലയണൽ മെസ്സിക്കും (103) മാത്രം പിന്നിൽ ഛേത്രി നാലാമനായി വന്നെത്തിനിൽക്കുമ്പോൾ 2005ലെ ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച ഒരേയൊരു മലയാളി ഫുട്ബോളറായ ഹക്കീമിനോടൊരു ചോദ്യം: "പ്രതീക്ഷിച്ചിരുന്നോ അന്നത്തെ ഗോളടിക്കാരൻ ഇത്രയും ഉയരങ്ങൾ കീഴടക്കുമെന്ന്?"

ഒരിക്കലുമില്ലെന്ന് ചിരിയോടെ ഹക്കീമിന്റെ മറുപടി. "ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു ഛേത്രി. ടീമിലെ ബേബി. കുസൃതി കലർന്ന ബന്ധമായിരുന്നു എല്ലാവരോടും. തരം കിട്ടിയാൽ അവനെ കളിയാക്കും സീനിയർ കളിക്കാർ. പിന്നെ, ഇന്നത്തെയത്ര ഫാസ്റ്റ് അല്ല. ഉയരക്കുറവിന്റെ പ്രശ്നവുമുണ്ട്. എങ്കിലും ഒന്നാന്തരം കഠിനാധ്വാനി. അല്ലെങ്കിൽ ഇതുപോലൊരു വളർച്ച ഛേത്രിക്ക് ഉണ്ടാവില്ലായിരുന്നല്ലോ."

പാക് ടീം മാത്രമല്ല ഞങ്ങളും ഞെട്ടിപ്പോയ നിമിഷമായിരുന്നു അത്. അരങ്ങേറ്റത്തിൽ തന്നെ പയ്യൻ തകർക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ
അബ്ദുൾ ഹക്കീം, മുൻ ഇന്ത്യൻ സ്‌ട്രൈക്കർ

പാകിസ്താനുമായി സൗഹൃദ മത്സര പരമ്പര കളിക്കാൻ എത്തിയതായിരുന്നു ഷൺമുഖം വെങ്കടേഷ് നയിച്ച ഇന്ത്യൻ ടീം. ആ ടീമിലെ കളിക്കാരിൽ സുനിൽ ഛേത്രി ഒഴിച്ച് ആരും ഇന്ന് കളിക്കളത്തിലില്ല. മുന്നേറ്റനിരയിൽ ഛേത്രിക്കൊപ്പം അഭിഷേക് യാദവ്, ക്ലിഫോർഡ് മിറാൻഡ, ക്ലൈമാക്സ് ലോറൻസ്, മധ്യനിരയിൽ വെങ്കടേഷ്, സയ്യദ് റഹിം നബി, ഹബീബുർ റഹ്‌മാൻ മണ്ഡൽ, പ്രതിരോധത്തിൽ ഫിലിപ്പ് ഗോംസ്, മഹേഷ് ഗാവ്ളി, സുർകുമാർ സിംഗ്, ഗോളിൽ വി പി സതീഷ് കുമാർ എന്നിങ്ങനെയായിരുന്നു ലൈനപ്പ്. യാദവിന്റെ പകരക്കാരനായാണ് രണ്ടാം പകുതിയിൽ ഹക്കീം കളത്തിലിറങ്ങിയത്.

ഇടവേളക്ക് ശേഷമായിരുന്നു പാകിസ്താനെ ഞെട്ടിച്ച ഗോൾ. വിംഗിലേക്ക് ഒഴുകിയിറങ്ങിവന്ന ഒരു ക്രോസ്സ് ഓടുന്ന ഓട്ടത്തിൽ കുടുക്കിയെടുത്ത് ബോക്സിൽ കട്ട് ചെയ്തു കയറി എതിർ ഡിഫൻഡർമാരെ കബളിപ്പിച്ച് വലയിലേക്ക് തൊടുക്കുന്നു ഛേത്രി. "പാക് ടീം മാത്രമല്ല ഞങ്ങളും ഞെട്ടിപ്പോയ നിമിഷമായിരുന്നു അത്. അരങ്ങേറ്റത്തിൽ തന്നെ പയ്യൻ തകർക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ.." പാലക്കാട്ട് സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗസ്ഥനായ ഹക്കീം ചിരിക്കുന്നു.

പക്ഷേ ഛേത്രി എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പാകിസ്താൻ സമനില വരുത്തി മാനം കാത്തെങ്കിലും താരമായത് ഛേത്രി തന്നെ

തുടക്കക്കാരനായ ഛേത്രിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് തന്നെ മനസ്സില്ലാമനസ്സോടെയാണെന്ന് അന്നത്തെ ഇന്ത്യൻ കോച്ച് സുഖ്‌വീന്ദർ സിങ് പറഞ്ഞിട്ടുണ്ട്. "ബൈച്ചുംഗ് ബൂട്ടിയയുടെ അഭാവമായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. പകരം അതുപോലെ തന്ത്രശാലിയായ ഒരു കളിക്കാരനെ ഇറക്കിയില്ലെങ്കിൽ പാകിസ്താനോട് അവരുടെ മണ്ണിൽ പിടിച്ചുനിൽക്കുക ദുഷ്കരമാകും. ജെ സി ടിയിൽ എന്റെ കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും സുനിലിന് ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ സമ്മർദം ഉൾക്കൊള്ളാൻ കഴിയും എന്ന് പ്രതീക്ഷയില്ലായിരുന്നു. പാകിസ്താനെതിരെ പ്രത്യേകിച്ചും. മത്സരം വൈകാരികമാണല്ലോ."-- സുഖ്‌വീന്ദറിന്റെ വാക്കുകൾ. "പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിൽ അധികം റിസ്‌ക്കെടുക്കാതെ സുനിലിനെ തിരിച്ചുവിളിക്കണം എന്നുറപ്പിച്ചിരുന്നു ഞാൻ."

ഓട്ടം അവസാനിപ്പിച്ച ശേഷം ഛേത്രി തിരിഞ്ഞുനോക്കിയപ്പോൾ ഒരാൾപോലും കൂടെയില്ല. ഒറ്റപ്പെടലിന്റെ ഭയപ്പാടിൽ ഒരു നിമിഷം പകച്ചുപോയി അയാൾ എന്നത് സത്യം. പിന്നെയാണ് ഞങ്ങളെല്ലാം ആഘോഷത്തിൽ പങ്കുചേർന്നത്

പക്ഷേ ഛേത്രി എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പാകിസ്താൻ സമനില വരുത്തി മാനം കാത്തെങ്കിലും താരമായത് ഛേത്രി തന്നെ. ഗോളടിച്ച ശേഷമുള്ള ഛേത്രിയുടെ നിഷ്കളങ്കമായ ആഘോഷം ക്യാപ്റ്റൻ വെങ്കടേഷിന്റെ ഓർമ്മയിലുണ്ട്. " കൈകളുയർത്തി ആവേശപൂർവം കാണികളുടെ മുന്നിലേക്ക് ഓടിച്ചെല്ലുകയാണ് സുനിൽ ചെയ്തത്. ആരും അയാളെ അനുഗമിക്കേണ്ട എന്നായിരുന്നു ടീമിലെ മറ്റു കളിക്കാർക്കുള്ള എന്റെ നിർദേശം - വെറുതെ ഒരു രസത്തിന്. ഓട്ടം അവസാനിപ്പിച്ച ശേഷം ഛേത്രി തിരിഞ്ഞുനോക്കിയപ്പോൾ ഒരാൾപോലും കൂടെയില്ല. ഒറ്റപ്പെടലിന്റെ ഭയപ്പാടിൽ ഒരു നിമിഷം പകച്ചുപോയി അയാൾ എന്നത് സത്യം. പിന്നെയാണ് ഞങ്ങളെല്ലാം ആഘോഷത്തിൽ പങ്കുചേർന്നത്.." ഇന്നും ആ കഥ പറഞ്ഞു ചിരിക്കാറുണ്ട് ഛേത്രിയും താനും എന്ന് വെങ്കടേഷ്. ആ അനർഘ നിമിഷങ്ങളുടെ ഓർമ്മക്കായി അന്നണിഞ്ഞ ഇന്ത്യൻ ജേഴ്‌സി ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു ഛേത്രി.

ഛേത്രിയുടെ ആദ്യ അന്താരാഷ്ട്ര ഗോളിന് പ്രായം പതിനെട്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞപോലെ

സംസ്ഥാന ജൂനിയർ, സീനിയർ ടീമുകൾക്ക് കളിച്ച ശേഷം 2001 ലെ പ്രീവേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലാണ് പാലക്കാട്ടുകാരൻ അബ്ദുൾ ഹക്കീം ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ബെംഗളൂരുവിൽ ബ്രൂണെക്കെതിരെ ഗോളടിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. അതേ വർഷം ജൂണിൽ നീണ്ട ഇടവേളയ്ക്കു ശേഷം മലേഷ്യയിലെ മെർദേക്ക ടൂർണമെന്റിൽ പങ്കെടുത്ത ജോ പോൾ അഞ്ചേരിയുടെ ഇന്ത്യൻ ടീമിലും കളിച്ചു ഹക്കീം. പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച 2005 ലെ സാഫ് കപ്പിൽ ഹക്കീമിന്റെ കൂടി സ്കോറിംഗ് മികവിലാണ് ഇന്ത്യ ജേതാക്കളായത്. ബൂട്ടിയ നയിച്ച ടീം ഫൈനലിൽ തോൽപ്പിച്ചത് ബംഗ്ളാദേശിനെ. എം സുരേഷ്, എൻ പി പ്രദീപ്, അജയൻ എന്നീ മലയാളികളുമുണ്ടായിരുന്നു നയീമുദ്ദീൻ പരിശീലിപ്പിച്ച ടീമിൽ.

"ഛേത്രിയുടെ ആദ്യ അന്താരാഷ്ട്ര ഗോളിന് പ്രായം പതിനെട്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞപോലെ."-- ഹക്കീം പറയുന്നു. അത്ഭുതമില്ല. മുപ്പത്തെട്ടാം വയസ്സിലും കുതിപ്പ് തുടരുകയാണല്ലോ ഛേത്രി; ഗോളടിച്ചു കൊതിതീരാതെ.

logo
The Fourth
www.thefourthnews.in