'പണക്കളി'യിൽ തോറ്റ് പുറത്ത്; ഒടുവിൽ സാൽഗോക്കർ എഫ് സി കളമൊഴിയുന്നു

'പണക്കളി'യിൽ തോറ്റ് പുറത്ത്; ഒടുവിൽ സാൽഗോക്കർ എഫ് സി കളമൊഴിയുന്നു

ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ പണക്കൊഴുപ്പിന്‌റെ മേളയാക്കുന്ന കാലത്താണ് ലോകോത്തര താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ഒരു ക്ലബ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കളിനിർത്തുന്നത്

കാല്‍പ്പന്തില്‍ ഇന്ത്യയുടെ മേല്‍വിലാസങ്ങളിലൊന്നായ സാല്‍ഗോക്കര്‍ എഫ് സി ചരിത്രത്താളുകളിലേക്ക് ഒതുങ്ങുകയാണ്. ഗോവന്‍ ഫുട്ബോളിന്റെ പ്രൗഢിയും തോളിലേറ്റി മൈതാനത്ത് ആവേശം വിതറിയ ആറര പതിറ്റാണ്ട് ഇനി കാല്‍പ്പന്ത് നെഞ്ചേറ്റിയവരുടെ ഓര്‍മകളെ ഊഷ്മളമാക്കും. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ പണക്കൊഴുപ്പിന്‌റെ മേളയാക്കുന്ന കാലത്താണ് ലോകോത്തര താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ഒരു ക്ലബ് കളമൊഴിയുന്നത്. അതും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും അമ്പരപ്പിച്ച ചരിത്രമുണ്ട് സാല്‍ഗോക്കറിന്

ഗോവ ഫുട്‌ബോള്‍ ലീഗില്‍ പങ്കെടുക്കാന്‍ സാല്‍ഗോക്കര്‍ എഫ് സി ഈ വര്‍ഷം നല്‍കിയ അപേക്ഷ ഫോം പരിശോധിച്ച അധികൃതര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സീനിയര്‍, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളില്‍ സാല്‍ഗോക്കര്‍ ടീമിനെ അയക്കുന്നില്ല. 1956 ല്‍ ക്ലബ് രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഈ പിന്മാറ്റം. സാമ്പത്തിക പ്രതിസന്ധിമൂലം പ്രവര്‍ത്തനം ജൂനിയര്‍ തലത്തിലേക്ക് ഒതുങ്ങുകയാണെന്ന് സാല്‍ഗോക്കറിന്‌റെ പ്രഖ്യാപനം കൂടിയായിരുന്നു അത്.

ടീം അംഗങ്ങള്‍  പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനൊപ്പം.
ടീം അംഗങ്ങള്‍ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനൊപ്പം.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭൂതകാലം പരിശോധിക്കുമ്പോള്‍ അതില്‍ സമ്പന്നമായ ചരിത്രം എഴുതി ചേർത്ത ടീമാണ് സാല്‍ഗോക്കര്‍ എഫ്‌സി. ഗോവന്‍ ലീഗിലും ഫെഡറേഷന്‍ കപ്പിലും നാഷണല്‍ ലീഗിലും ഐ ലീഗിലും റോവേഴ്‌സ് കപ്പിലുമടക്കം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഓരോ മുക്കിലും മൂലയിലും മുഴങ്ങിക്കേട്ട പേര്. എതിരാളികളുടെ കോട്ടകളെ വിറപ്പിക്കുന്ന ആരെയും ഹരം കൊള്ളിക്കുന്ന കളിയഴകിന്റെ പേരിലായിരുന്നു സാല്‍ഗോക്കര്‍ അറിയപ്പെട്ടിരുന്നത്. ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കര്‍, ബ്രൂണോ കുടീന്യോ, മെനീനോ ഫിഗ്വെയ്‌റെഡോ തുടങ്ങി ആ കളരിയിൽ മാറ്റുരച്ച് തെളിഞ്ഞവർ നിരവധി.

1956 മുതലാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഗോവയില്‍ സാല്‍ഗോക്കറിന്റെ യാത്ര ആരംഭിക്കുന്നത്. വ്യവസായിയായ വി എം സാല്‍ഗോക്കറാണ് 'വിംസണ്‍' എന്ന ക്ലബ്ബ് ആരംഭിച്ചത്. ഫുട്ബോളിനോടുള്ള ഭ്രമം മൂലം വാസ്‌കോ ഇലവന്‍ എന്ന ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. പിന്നീട് സ്വന്തമായി ക്ലബ് രൂപീകരിച്ചു. വി.എം. സാല്‍ഗോക്കര്‍ ആന്‍ഡ് സണ്‍സ് എന്നതിന്റെ ചുരുക്കപ്പേരായിരുന്നു വിംസണ്‍. അരങ്ങേറ്റ സീസണിൽ ഒരു മത്സരം പോലും തോല്‍ക്കാതെ രണ്ടാം ഡിവിഷന്‍ കിരീടം നേടി ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി.

'പണക്കളി'യിൽ തോറ്റ് പുറത്ത്; ഒടുവിൽ സാൽഗോക്കർ എഫ് സി കളമൊഴിയുന്നു
നൂറാം സ്ഥാനത്ത് ഇന്ത്യ; ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം

നാല് വർഷത്തിന് ശേഷം 1961 ല്‍ ഗോവന്‍ ലീഗിലെ ചാമ്പ്യന്‍മാരായി സാല്‍ഗോക്കര്‍ എഫ് സി. ഗോവന്‍ കാല്പന്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ഒരു ക്ലബ്ബിന്റെ നീണ്ട ജൈത്രയാത്രയുടെ ആദ്യ വഴിത്തിരിവായിരുന്നു അത്. അവിടെ നിന്ന് ഇങ്ങോട്ട് ഒരു ഓരോ കാല്പന്ത് പ്രേമിയുടെയും കണ്ണും മനസ്സും നിറച്ച ആറ് പതിറ്റാണ്ട്. നാഷണല്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ് എന്നിവ ആദ്യം ഏറ്റുവാങ്ങി ചരിത്രം കുറിച്ച ഗോവന്‍ ടീമാണ് സാല്‍ഗോക്കര്‍. ഗോവന്‍ ലീഗില്‍ 21 തവണയും ഫെഡറേഷന്‍ കപ്പില്‍ നാല് തവണയും സാല്‍ഗോക്കര്‍ കിരീടമുയര്‍ത്തി. ഡ്യൂറന്റ് കപ്പിലും റോവേഴ്‌സ് കപ്പിലും മൂന്ന് തവണ വീതം ജേതാക്കളായി. ചുവപ്പും കറുപ്പ് ജേഴ്‌സിയില്‍ തുടങ്ങിയ സാല്‍ഗോക്കർ 1977 ല്‍ പച്ചക്കുപ്പായമണിഞ്ഞു. തുലക്കനം ഷണ്‍മുഖം എന്ന പോലീസുകാരന്റെ ചിട്ടയായ പരിശീലനത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും സാല്‍ഗോക്കര്‍ ഇന്ത്യൻ ഫുട്ബോളിലെ അനിഷേധ്യശക്തിയായി.

ഒരു ഗോള്‍കീപ്പറിലൂടെയും ടീമിന്റെ യശസ്സ് വാനോളമുയര്‍ത്താമെന്ന് കണിച്ചു തന്ന ക്ലബ്ബാണ് സാല്‍ഗോക്കര്‍. വായുവിലേക്ക് പറന്നുയര്‍ന്നും വശങ്ങളിലേക്ക് ഡൈവ് ചെയ്തും മുട്ടുകുത്തിയും സാല്‍ഗോക്കറിന്റെ ഗോള്‍വലകാത്ത 'ചലിക്കുന്ന മതില്‍', ഗോള്‍ കീപ്പര്‍ ബ്രഹ്‌മാനന്ദ് ശംഖ്വള്‍ക്കര്‍. എതിരാളികളുടെ ഉള്ളില്‍ പോലും ആരാധനയുടെ മുളപൊട്ടിക്കുന്ന ആ കാവല്‍ക്കാരനെ കടന്ന് ഒരു പന്ത് സാല്‍ഗോക്കറിന്റെ വലയ്ക്കകത്തേയ്ക്ക് കടക്കണമെങ്കില്‍ ചില്ലറപ്പാടൊന്നുമല്ല. ആ ഒറ്റപ്പേരില്‍ തീരുന്നില്ല സാല്‍ഗോക്കറിന്റെ ശക്തമായ താരനിര.

മുന്‍ ഇന്ത്യന്‍ താരം റിനോ ആന്റോയും എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ അച്ഛന്‍ എ.സി. ചന്ദ്രന്‍ നായരും സാല്‍ഗോക്കറിന്റെ പച്ചക്കുപ്പായമിട്ട് മൈതാനത്തിലിറങ്ങിയ മലയാളികളാണ്. പ്രമുഖ മലയാളി പരിശീലകന്‍ ടി എസ് ചാത്തുണ്ണി സാല്‍ഗോക്കറിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾ ബാധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായി. മേജര്‍ ലീഗുകളില്‍ പഴയ പ്രകടനം കാഴ്ച്ചവയ്ക്കാതെ അവര്‍ വീണുപോയി. 2014 ലെ ഡ്യൂറന്‌റ് കപ്പാണ് ക്ലബിന്‌റെ ഒടുവിലെ എടുത്തു പറയാവുന്ന നേട്ടം. ഇന്ത്യയിലെ ഒന്നാം നിര ഫുട്‌ബോള്‍ ടൂര്‍ണമെന്‌റായി ഐ ലീഗിലെ നിത്യസാന്നിധ്യമായിരുന്ന സാല്‍ഗോക്കര്‍ ഐഎസ്എല്ലിനെ ഒന്നാംനിര ടൂര്‍ണമെന്‌റാക്കിയതോടെ 2016 ലാണ് ലീഗില്‍ നിന്ന് പിന്മാറുന്നത്. ഏഴ് വർഷത്തിനിപ്പുറം ഗോവ ലീഗും ഉപേക്ഷിക്കുകയാണ് സാൽഗോക്കർ, ഇനിയൊരു മടങ്ങി വരവില്ലെന്ന് പ്രഖ്യാപിച്ച്.

logo
The Fourth
www.thefourthnews.in