കാനഡ കടന്ന് അര്‍ജന്റീന ഫൈനലില്‍; ഗോള്‍വേട്ടയില്‍ ലോകത്തെ രണ്ടാമനായി മെസി

കാനഡ കടന്ന് അര്‍ജന്റീന ഫൈനലില്‍; ഗോള്‍വേട്ടയില്‍ ലോകത്തെ രണ്ടാമനായി മെസി

മത്സരത്തിന്റെ ഇരുപകുതികളിലുമായി യൂലിയന്‍ അല്‍വാരസും നായകന്‍ ലയണല്‍ മെസിയുമാണ് അവരുടെ ഗോളുകള്‍ നേടിയത്.

അപരാജിത കുതിപ്പുമായി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ഇന്നു നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ലയണല്‍ മെസിയുടെയും സംഘത്തിന്റെയും മുന്നേറ്റം. മത്സരത്തിന്റെ ഇരുപകുതികളിലുമായി യൂലിയന്‍ അല്‍വാരസും നായകന്‍ ലയണല്‍ മെസിയുമാണ് അവരുടെ ഗോളുകള്‍ നേടിയത്.

ഇന്നത്തെ ഗോള്‍ നേട്ടത്തിലൂടെ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനും മെസിക്കായി. അര്‍ജന്റീന ജഴ്‌സിയില്‍ 185 മത്സരങ്ങളില്‍ നിന്ന് തന്റെ 109-ാം ഗോളാണ് മെസി ഇന്നു കുറിച്ചത്. ഇതോടെ 108 ഗോള്‍ നേടിയ ഇറാന്‍ താരം അലി ദേയിയെയാണ് മെസി മറികടന്നത്. 212 മത്സരങ്ങളില്‍ നിന്ന് 130 ഗോളുകളുള്ള പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസിക്കു മുന്നിലുള്ള ഏക താരം.

ഇന്ന് ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 22, 51 മിനിറ്റുകളിലാണ് അര്‍ജന്റീനയുടെ ഗോളുകള്‍ പിറന്നത്. തുടക്കത്തിലേ ആക്രമിച്ചു കളിച്ച അര്‍ജന്റീനയ്ക്കായി അല്‍വാരസാണ് ആദ്യം വലകുലുക്കിയത്. മൈതാന മധ്യത്തു നിന്ന് റോഡ്രിഗോ ഡി പോള്‍ നല്‍കിയ അളന്നുതൂക്കിയ ക്രോസ് ഫസ്റ്റ് ടച്ചില്‍ തന്നെ നിയന്ത്രിച്ചു നിര്‍ത്തിയ ശേഷം തടയാനെത്തിയ പ്രതിരോധ താരത്തെയും ഗോള്‍കീപ്പറെയും മറികടന്ന് അല്‍വാരസ് ലക്ഷ്യം കാണുകയായിരുന്നു.

ആദ്യപകുതിയില്‍ ഈ ഗോളില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയ്ക്കു വേണ്ടി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെസി ലീഡ് ഉയര്‍ത്തി. സ്വന്തം ഹാഫില്‍ നിന്നു ആരംഭിച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെനാല്‍റ്റി ബോക്‌സിനു തൊട്ടുപുറത്തു നിന്ന് എന്‍സോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് മെസി ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം അലസത കാട്ടിയ അര്‍ജന്റീന പിന്നീട് കാര്യമായ ഗോള്‍ശ്രമങ്ങള്‍ നടത്തിയില്ല. അതേസമയം മറുവശത്ത് ഗോള്‍ മടക്കാനായി കാനഡ നടത്തിയ നീക്കങ്ങള്‍ ക്രോസ് ബാറിനു കീഴില്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ കൈകളില്‍ ഒതുങ്ങി. അതോടെ അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം അനായാസമാകുകയും ചെയ്തു.

നാളെ രാവിലെ നടക്കുന്ന യുറുഗ്വായ് - കൊളംബിയ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. 15-ന് പുലര്‍ച്ചെയാണ് കലാശപ്പോരാട്ടം. അവസാന എട്ട് കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇത് ആറാം തവണയാണ് അര്‍ജന്റീന ഫൈനല്‍ കളിക്കുന്നത്.

logo
The Fourth
www.thefourthnews.in