ബ്രസീലിന്റെ സിംഹാസനം ഇളകി; ഫിഫ റാങ്കിങ്ങിലും അര്‍ജന്റീന ഒന്നാമത്

ബ്രസീലിന്റെ സിംഹാസനം ഇളകി; ഫിഫ റാങ്കിങ്ങിലും അര്‍ജന്റീന ഒന്നാമത്

1840.93 പോയിന്റുമായാണ് അര്‍ജന്റീന തലപ്പത്തെത്തിയത്. 1838.45 പോയിന്റുമായി ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങിലും ഒന്നാമത്. ഇന്നു പുറത്തു വന്ന പുതിയ റാങ്കിങ്ങിലാണ് ചിരവൈരികളായ ബ്രസീലിനെ മറികടന്ന അര്‍ജന്റീന ഒന്നാം സ്ഥാനത്ത് എത്തിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ലോക കിരീടം ചൂടിയിരുന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ അര്‍ജന്റീന ബ്രസീലിനു പിന്നില്‍ രണ്ടാമത് തുടരുകയായിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ രാജ്യാന്തര ബ്രേക്കില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനം മഞ്ഞപ്പടയെ പിന്നോട്ടടിച്ചു റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ അര്‍ജന്റീനയെ സഹായിച്ചു. പാനമയ്ക്കും കുറുക്കാവോയ്ക്കുമെതിരേ വന്‍ ജയം നേടി അര്‍ജന്റീന മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മൊറോക്കോയ്‌ക്കെതിരേ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമാകുകയായിരുന്നു.

ഇന്നു പുതുക്കിയ റാങ്കിങ്ങില്‍ 1840.93 പോയിന്റുമായാണ് അര്‍ജന്റീന തലപ്പത്തെത്തിയത്. 1838.45 പോയിന്റുമായി ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. മൊറോക്കോയോടേറ്റ തോല്‍വി ബ്രസീലിനെ ഒന്നില്‍ നിന്നു മൂന്നാം സ്ഥാനത്തേക്കാണ് തെറിപ്പിച്ചത്. 1834.21 പോയിന്റാണ് അവര്‍ക്കുള്ളത്.

1792.53 പോയിന്റുമായി ബെല്‍ജിയം നാലാം സ്ഥാനത്തും 1792.43 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമുണ്ട്. ഹോളണ്ട്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ചുഗല്‍, സ്‌പെയിന്‍ എന്നിങ്ങനെയാണ് ആറു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍.

രാജ്യാന്തര ബ്രേക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയും റാങ്കിങ്ങില്‍ മികവ് കാട്ടി. നേരത്തെ 106-ാം റാങ്കിലായിരുന്ന ഇന്ത്യ അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി 101-ാം റാങ്കിലെത്തി.

logo
The Fourth
www.thefourthnews.in