ഇന്‍ജുറി ടൈമില്‍ സമനില, പിന്നീട് ഷൂട്ടൗട്ടില്‍ ജയം; കമ്മ്യൂണിറ്റി ഷീല്‍ഡ് ആഴ്‌സണലിന്

ഇന്‍ജുറി ടൈമില്‍ സമനില, പിന്നീട് ഷൂട്ടൗട്ടില്‍ ജയം; കമ്മ്യൂണിറ്റി ഷീല്‍ഡ് ആഴ്‌സണലിന്

ഇന്‍ജുറി ടൈമിന്റെ പത്താം മിനിറ്റിലാണ് ആഴ്‌സണല്‍ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ സിറ്റിയുടെ രണ്ടു കിക്കുകള്‍ പാഴായപ്പോള്‍ നാലു കിക്കും ലക്ഷ്യത്തിലെത്തിച്ച് ആഴ്‌സണല്‍ കിരീടം നേടി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് കിരീടത്തോടെ ആഴ്‌സണല്‍ പുതിയ സീസണിനു തുടക്കമിട്ടു. 2023-24 സീസണിന് തുടക്കം കുറിച്ച് നടന്ന കമ്യൂണിറ്റി ഷീല്‍ഡിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ആഴ്‌സണില്‍ സീസണിലെ ആദ്യ കിരീടം ചൂടി.

വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്കു നീങ്ങിയത്. ഇന്‍ജുറി ടൈമിന്റെ പത്താം മിനിറ്റിലാണ് ആഴ്‌സണല്‍ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ സിറ്റിയുടെ രണ്ടു കിക്കുകള്‍ പാഴായപ്പോള്‍ എടുത്ത നാലു കിക്കും ലക്ഷ്യത്തിലെത്തിച്ച് ആഴ്‌സണല്‍ കിരീടം നേടുകയായിരുന്നു.

ഇരുടീമുകളും കരുതലോടെ കളിച്ച മത്സരത്തില്‍ ഗോള്‍രഹിരതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. മത്സരത്തിന്റെ 77-ാം മിനിറ്റില്‍ കോള്‍ പാല്‍മറിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. മനോഹരമായ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെയായിരുന്നു ഫിനിഷിങ്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ അവര്‍ ലീഡ് ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഫില്‍ ഫോഡന്റെ ശ്രമം ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്‌ഡേല്‍ തട്ടിയകറ്റി.

സമനിലയ്ക്കു വേണ്ടി ആഴ്‌സണല്‍ കിണഞ്ഞു പൊരുതിയെങ്കിലും സിറ്റി പ്രതിരോധം വഴങ്ങാന്‍ കൂട്ടാക്കാതെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ മത്സരം അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ബുകായോ സാക്കയുടെ പാസില്‍ നിന്ന് ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ആഴ്‌സണലിന് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ അവര്‍ ജീവന്‍ നീട്ടിയെടുത്തു. മത്സരം ഷൂട്ടൗട്ടിലേക്കും നീണ്ടു.

അപ്രതീക്ഷിതമായി ലഭിച്ച സമനില ഗോള്‍ നല്‍കിയ ആവേശം പിന്നീട് ഷൂട്ടൗട്ടിലും പ്രതിഫലിച്ചു. ആഴ്‌സണലിനു വേണ്ടി കിക്കെടുത്ത മാര്‍ട്ടിന്‍ ഒഡീഗാര്‍ഡ്, ട്രൊസാര്‍ഡ്, ബുകായോ സാക്ക, റാംസേ്‌ഡേല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രുയ്ന്‍, റോഡ്രി ഹെര്‍ണാണ്ടസ് എന്നിവര്‍ക്കു പിഴച്ചു. ബെര്‍നാഡോ സില്‍വയ്ക്കു മാത്രമാണ് ലക്ഷ്യം കാണാനായത്.

logo
The Fourth
www.thefourthnews.in