ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍; ഇന്ത്യക്ക് വമ്പന്‍ തോല്‍വി

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍; ഇന്ത്യക്ക് വമ്പന്‍ തോല്‍വി

കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യക്ക് ഇനിയും നോക്കൗട്ട് പ്രതീക്ഷകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പിലെ ശേഷിച്ച രണ്ടു മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് നോക്കൗട്ടില്‍ കടക്കാം.

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. പുരുഷ വിഭാഗത്തില്‍ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ടീം ഇന്ത്യ ആതിഥേയരായ ചൈനയോട് ഒന്നിനെതിരേ അഞ്ചു ഗോളുകളുടെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കരുത്തരായ എതിരാളികളെ 1-1 എന്ന സ്‌കോറില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ചൈന നാലു ഗോള്‍ ഇന്ത്യന്‍ വലയില്‍ നിറച്ചത്. ചൈനീസ് ആധിപത്യത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ വിസില്‍ മുതല്‍ ഇന്ത്യയുടെ പ്രതിരോധ നിരയെ പരീക്ഷിച്ച ചൈനീസ് താരങ്ങള്‍ ഒടുവില്‍ 17-ാം മിനിറ്റില്‍ ലീഡ് നേടി. കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്‌സില്‍ വന്നുവീണ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. തക്കംപാര്‍ത്തു നിന്ന ഗാവോ ടിയാനിയാണ് സ്‌കോര്‍ ചെയ്തത്.

23-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ ചൈനയ്ക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. ചൈനീസ് താരം ടാന്‍ ലോങ്ങിനെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍മീത് സിങ് വീഴ്ത്തിയതിനു ചൈനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ തന്റെ പിഴവില്‍ വന്ന പെനാല്‍റ്റി രക്ഷിച്ച ഗുര്‍മീത് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു. തുടര്‍ന്ന് ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്.

ആദ്യ പുകതിയുടെ ഇഞ്ചുറി ടൈമില്‍ മലയാളി താരം കെപി രാഹുലാണ് ഇന്ത്യക്കായി വലകുലുക്കിയത്. വലതു വിങ്ങില്‍ക്കൂടി നടത്തിയ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവിലായിരുന്നു രാഹുലിന്റെ സ്‌കോറിങ്. പിന്നാലെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം പകുതിയില്‍ ചൈനയുടെ സമഗ്രാധിപത്യമാണ് കണ്ടത്. ആറാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് തിരിച്ചുപിടിച്ചു. ബോക്‌സിന്റെ വക്കില്‍ നിന്ന് തകര്‍പ്പനൊരു ഷോട്ടിലൂടെ ഡായ് വെയ്ജുന്നായിരുന്നു സ്‌കോര്‍ ചെയ്തത്. ഈ പ്രഹരത്തോടെ ഇന്ത്യ തകര്‍ന്നു. പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്കായില്ല. സന്ദര്‍ശകരുടെ വിവശത മുതലെടുത്ത ചൈന ശേഷിച്ച 40 മിനിറ്റിനുള്ളില്‍ മൂന്നു ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി.

72, 75 മിനിറ്റുകളില്‍ താവോ ക്വാങ്‌ലോങ്, 90-ാം മിനിറ്റില്‍ ഹാവോ ഫാങ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യക്ക് ഇനിയും നോക്കൗട്ട് പ്രതീക്ഷകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പിലെ ശേഷിച്ച രണ്ടു മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് നോക്കൗട്ടില്‍ കടക്കാം. മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

logo
The Fourth
www.thefourthnews.in