ഫിഫ ലോകകപ്പ് വീണ്ടും അറബ് മണ്ണിലേക്ക്; ഓസ്‌ട്രേലിയ പിന്മാറി, 2034-ല്‍ സൗദി ആതിഥേയരായേക്കും

ഫിഫ ലോകകപ്പ് വീണ്ടും അറബ് മണ്ണിലേക്ക്; ഓസ്‌ട്രേലിയ പിന്മാറി, 2034-ല്‍ സൗദി ആതിഥേയരായേക്കും

സൗദി സമര്‍പ്പിച്ച ബിഡ്ഡിന് പൂര്‍ണ പിന്തുണയുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്തു വന്നതോടെയാണ് പിന്മാറാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്

2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് അറബ് രാജ്യമായ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് അവസരമൊരുങ്ങുന്നത്. ബിഡ് പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് പിന്മാറാന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതോടെ 2034 ലോകകപ്പിനായി സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്.

സൗദി സമര്‍പ്പിച്ച ബിഡ്ഡിന് പൂര്‍ണ പിന്തുണയുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്തു വന്നതോടെയാണ് പിന്മാറാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്. ഓസീസിന്റെ പിന്മാറ്റത്തോടെ സൗദിക്ക് നറുക്ക് വീഴാന്‍ സാധ്യത ഏറിയിരിക്കുകയാണ്. 2030 ഫുട്‌ബോള്‍ ലോകകപ്പിന്റെ സംയുക്ത ആതിഥേയരായി മൊറോക്കോ, സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2034 ലോകകപ്പ് സംഘാടനത്തിന് ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്ന് ഫിഫ ബിഡ് ക്ഷണിച്ചത്.

സൗദിയാണ് ആദ്യം ബിഡ് സമര്‍പ്പിച്ചത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു സൗദിയുടെ നീക്കം. ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ഉള്‍പ്പെടുന്ന ഇന്തോനീഷ്യയുമായി ചേര്‍ന്ന് ബിഡ് സമര്‍പ്പിക്കാനാണ് ഓഷ്യാന മേഖലയില്‍ നിന്ന് ഓസ്‌ട്രേലിയ ശ്രമിച്ചത്. എന്നാല്‍ അറബ് രാജ്യങ്ങളുടെയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും സമ്മര്‍ദ്ദ ഫലമായി സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്താനീഷ്യ രംഗത്തു വന്നതോടെ ഓസ്‌ട്രേലിയ പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. പകരം 2026 വനിതാ ഏഷ്യന്‍ കപ്പിനും 2029 ഫിഫ ക്ലബ് ലോകകപ്പിനും ആതിഥ്യമരുളാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.

ആഗോള സ്‌പോര്‍ട്‌സ് ഹബ്ബ് ആയി മാറാന്‍ ശ്രമിക്കുന്ന സൗദി അടുത്ത ലക്ഷ്യമാണ് 2034 ലോകകപ്പ് സംഘാടനമെന്നത്. ആ ലക്ഷ്യം നിറവേറിയാല്‍ രണ്ടാം തവണയാകും അറബ് മണ്ണിലേക്ക് ലോക ഫുട്‌ബോള്‍ മാമാങ്കം എത്തുന്നത്. കഴിഞ്ഞ വര്‍ഷം സൗദിയുടെ അയല്‍ രാജ്യമായ ഖത്തര്‍ വിജയകരമായി ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളിയിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in