വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഡാനിഷ് കുതിപ്പിന് കടിഞ്ഞാണിട്ട് ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഡാനിഷ് കുതിപ്പിന് കടിഞ്ഞാണിട്ട് ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍

സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഡെന്‍മാര്‍ക്കിന്റെ സ്വപ്‌ന കുതിപ്പിന് അന്ത്യം കുറിച്ച് ഓസ്‌ട്രേലിയ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

മത്സരത്തിന്റെ ഇരുപകുതികളിലുമായി കാറ്റ്‌ലിന്‍ ഫൂര്‍ഡും ഹെയ്‌ലെയ് റാസോയും നേടിയ ഗോളുകളാണ് ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. 29-ാം മിനിറ്റില്‍ കാറ്റ്‌ലിനിലൂടെയാണ് അവര്‍ ആദ്യം ലീഡ് നേടിയത്. ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ ഓസീസിനെതിരേ ഡെന്‍മാര്‍ക്കും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഇടവേളയ്ക്കു ശേഷവും കെട്ടുറപ്പോടെയുള്ള കളി കാഴ്ചവച്ച ഓസ്‌ട്രേലിയ 70-ാം മിനിറ്റില്‍ റാസോയുടെ ഗോളിലൂടെ ജയം ഉറപ്പിച്ചു. അവസാന മിനിറ്റുകളില്‍ തുടരെത്തുടരെയുള്ള ആക്രമണങ്ങളിലുടെ ഡെന്‍മാര്‍ക്ക് താരങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും പിടിച്ചുനിന്ന ആതിഥേയര്‍ അവസാന എട്ടിലേക്ക് മുന്നേറുകയായിരുന്നു.

logo
The Fourth
www.thefourthnews.in