നാലു വര്‍ഷത്തിനു ശേഷം ബാഴ്‌സ; നാലു റൗണ്ട് ശേഷിക്കെ കിരീടധാരണം

നാലു വര്‍ഷത്തിനു ശേഷം ബാഴ്‌സ; നാലു റൗണ്ട് ശേഷിക്കെ കിരീടധാരണം

ഇന്നലെ നടന്ന കറ്റാലന്‍ ഡെര്‍ബിയില്‍ എസ്പാന്യോളിനെ തകര്‍ത്തു ബാഴ്‌സലോണ ലീഗില്‍ നാലു റൗണ്ട് ശേഷിക്കെ കിരീടം ചൂടി.

ഇറ്റാലിയന്‍ സീരി എയ്ക്കു പിന്നാലെ സ്പാനിഷ് ലാ ലിഗയിലും നേരത്തെ കിരീടധാരണം. ഇന്നലെ നടന്ന കറ്റാലന്‍ ഡെര്‍ബിയില്‍ എസ്പാന്യോളിനെ തകര്‍ത്തു ബാഴ്‌സലോണ ലീഗില്‍ നാലു റൗണ്ട് ശേഷിക്കെ കിരീടം ചൂടി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 14 ആക്കി ഉയര്‍ത്തിയായിരന്നു ബാഴ്‌സയുടെ കുതിപ്പ്.

ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ഇരട്ടഗോളുകള്‍ നേടിയ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ മിന്നും പ്രകടനമാണ് ബാഴ്‌സയ്ക്കു തുണയായത്. അലക്‌സാന്‍ഡ്രോ ബാള്‍ഡെ, യൂള്‍സ് കൗണ്ടെ എന്നിവരാണ് ബാഴ്‌സയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്. യാവി പ്യാഡോ, ഹൊസെലു എന്നിവരാണ് എസ്പാന്യോളിനായി ലക്ഷ്യം കണ്ടത്.

2018-19 സീസണിനു ശേഷം ഇതാദ്യമായാണ് ബാഴ്‌സ ലാ ലിഗ കിരീടം ചൂടുന്നത്. ലീഗ് ചരിത്രത്തിലെ 27-ാം കിരീട നേട്ടം കൂടിയാണിത്. 35 തവണ കിരീടം ചൂടിയിട്ടുള്ള റയല്‍ മാഡ്രിഡാണ് ഇക്കാര്യത്തില്‍ ബാഴ്‌സയ്ക്കു മുന്നിലുള്ളത്. താരമെന്ന നിലയില്‍ ബാഴ്‌സയ്ക്കായി എട്ടു ലാ ലിഗ കിരീടം നേടിയ ചാവി ഹെര്‍ണാണ്ടസിന്റെ പരിശീലകനെന്ന നിലയിലുള്ള ആദ്യ കിരീടം കൂടിയാണിത്.

കിരീടം ഒരു ജയമകലെ എന്ന നിലയില്‍ കളത്തിലിറങ്ങിയ ബാഴ്‌സയ്ക്കു തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ അവര്‍ 2-0ന് മുന്നിലെത്തിയിരുന്നു. 11-ാം മിനിറ്റില്‍ ബാള്‍ഡെയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കിയാണ് ഗോള്‍വേട്ട തുടങ്ങിയത്. പിന്നീട് 20-ാം മിനിറ്റില്‍ പെഡ്രിയുടെ പാസില്‍ നിന്നു ബാള്‍ഡെയും ലക്ഷ്യം കണ്ടു.

ഇടവേളയ്ക്കു തൊട്ടുമുമ്പ് 40-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ലെവന്‍ഡോവ്‌സ്‌കി അവരെ ആദ്യ പകുതിയില്‍ തന്നെ 3-0ന് മുന്നിലെത്തിച്ചു. ബ്രസീലിയന്‍ താരം റാഫിഞ്ഞയാണ് ലെവന്‍ഡോവ്‌സ്‌കിയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്.

ഇടവേളയ്ക്കു ശേഷവും ആധിപത്യം പുലര്‍ത്താന്‍ തന്നെയാണ് ബാഴ്‌സ ശ്രമിച്ചത്. വൈകാതെ അതിനു ഫലവും കണ്ടു. 53-ാം മിനിറ്റില്‍ അവരുടെ നാലാം ഗോളും എത്തി. ഫ്രാങ്കി ഡി യോങ് നല്‍കിയ പാസില്‍ നിന്ന് കൗണ്ഡെ ലക്ഷ്യം കണ്ടു. നാലു ഗോളിനു മുന്നിലെത്തിയ ശേഷം അല്‍പം അലസത കാട്ടിയ ബാഴ്‌സ പിന്നീട് രണ്ടു ഗോളുകള്‍ തിരിച്ചുവഴങ്ങുന്നതിനും സാക്ഷ്യം വഹിച്ചു.

73-ാം മിനിറ്റില്‍ പ്യാഡോയിലൂടെയാണ് എസ്പാന്യോള്‍ ഒരു ഗോള്‍ മടക്കിയത്. തുടര്‍ന്നും ആക്രമിച്ചു കളിച്ച അവര്‍ ഇന്‍ജൃറ ടൈമിലെ ഹൊസേലുവിലൂടെ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും ബാഴ്‌സയുടെ ജയം തടയാന്‍ അതു മതിയാകുമായിരുന്നില്ല. തോല്‍വിയോടെ എസ്പാന്യോള്‍ റെലഗേഷന്‍ ഭീഷണിയിലായി. 34 മത്സരങ്ങളില്‍ നിന്ന് വെറും 31 പോയിന്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്.

logo
The Fourth
www.thefourthnews.in