നാലു ഗോള്‍ ജയം; കിരീടത്തിലേക്കടുത്ത് ബാഴ്‌സ

നാലു ഗോള്‍ ജയം; കിരീടത്തിലേക്കടുത്ത് ബാഴ്‌സ

ശേഷിക്കുന്ന ആറു മത്സരങ്ങളില്‍ നിന്ന് കേവലം രണ്ടു ജയവും ഒരു സമനിലയും നേടാനായാല്‍ ഇടവേളയ്ക്കു ശേഷം ബാഴ്‌സയ്ക്ക് ലാ ലിഗ കിരീടം സ്വന്തം ഷോകെയ്‌സില്‍ എത്തിക്കാനാകും.

സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ആറു റൗണ്ട് ബാക്കിനില്‍ക്കെ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ബാഴ്‌സലോണ. ഇന്നു പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍പിച്ച് അവര്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 11 ആക്കി ഉയര്‍ത്തി.

ഇതോടെ അവര്‍ക്ക് കിരീടത്തിലേക്കുള്ള ദൂരം വെറും ഏഴു പോയിന്റായി കുറഞ്ഞു. ശേഷിക്കുന്ന ആറു മത്സരങ്ങളില്‍ നിന്ന് കേവലം രണ്ടു ജയവും ഒരു സമനിലയും നേടാനായാല്‍ ഇടവേളയ്ക്കു ശേഷം ബാഴ്‌സയ്ക്ക് ലാ ലിഗ കിരീടം സ്വന്തം ഷോകെയ്‌സില്‍ എത്തിക്കാനാകും.

ബെറ്റിസിനെതിരായ മത്സരത്തില്‍ ക്രിസ്‌റ്റെന്‍സന്‍, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, റാഫിഞ്ഞ എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ത്തന്നെ അവര്‍ 3-0ന്റെ ലീഡ് നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ ബെറ്റിസ് താരം റോഡ്രിഗസ് വഴങ്ങിയ സെല്‍ഫ്‌ഗോള്‍ അവരുടെ പട്ടിക തികച്ചു.

മത്സരത്തില്‍ 14-ാം മിനിറ്റില്‍ ക്രിസ്‌റ്റെന്‍സനിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. റാഫിഞ്ഞ നല്‍കിയ ക്രോസ് പോയിന്റ് ബ്ലാങ്കില്‍ നിന്ന് തകര്‍പ്പനൊരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. ലീഡ് നേടിയതോടെ ഇരമ്പരിക്കയറിയ ബാഴ്‌സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ബെറ്റിസ് 10 പേരായി ചുരുങ്ങുകയും ചെയ്തു.

12-ാം മിനിറ്റില്‍ പരുക്കേറ്റ് പുറത്തുപോയ പ്രതിരോധ താരം ലൂയിസ് ഫെലിപ്പിനു പകരക്കാരനായി കളത്തിലിറങ്ങിയ എഡ്ഗാര്‍ ഗോണ്‍സാലസാണ് 21 മിനിറ്റിനു ശേഷം തുടരെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങിയത്.

ഇതിനു തൊട്ടുപിന്നാലെ തന്നെ ബാഴ്‌സ രണ്ടാം ഗോള്‍ കണ്ടെത്തി. ഇക്കുറി ലെവന്‍ഡോവ്‌സ്‌കിയായിരുന്നു സഎകോറര്‍. യൂള്‍സ് കൗണ്ടെയുടെ പാസില്‍ നിന്ന് ബോക്‌സിനുള്ളില്‍ നിന്നാണ് പോളിഷ് താരം സ്‌കോര്‍ ചെയ്തത്. സീസണില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ 19-ാം ഗോളായിരുന്നു ഇത്.

ഇടവേളയ്ക്കു തൊട്ടുമുമ്പ് റാഫിഞ്ഞയിലൂടെ മൂന്നാം ഗോളും പിറന്നു. ലൈന്‍സ്മാന്‍ ആദ്യം ഓഫ്‌സൈഡ് വിധിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധനകള്‍ക്കു ശേഷം റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. ഇടവേളയില്‍ മൂന്നു ഗോള്‍ ലീഡില്‍ പിരിഞ്ഞ ബാഴ്‌സ പിന്നീട് രണ്ടാം പകുതിയില്‍ കളി മന്ദഗതിയിലാക്കി.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കൂടി രണ്ടാം പകുതി ഉപയോഗിച്ച ബാഴ്‌സ പരിശീലകന്‍ ചാവി ഹെര്‍ണാണ്ടസ് പ്രതിരോധാത്മക ഫുട്‌ബോളിനാണ് ഊന്നല്‍ നല്‍കിയത്. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ അന്‍സു ഫാറ്റിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബെറ്റിസ് പ്രതിരോധ താരം ഗ്യൂഡോ റോഡ്രിഗസ് ബാഴ്‌സയ്ക്കു നാലാം ഗോളും സമ്മാനിച്ചു.

logo
The Fourth
www.thefourthnews.in