പ്രീസീസണ്‍ എല്‍ക്ലാസിക്കോ: റയല്‍ മാഡ്രിഡിനെ തുരത്തി ബാഴ്‌സലോണ

പ്രീസീസണ്‍ എല്‍ക്ലാസിക്കോ: റയല്‍ മാഡ്രിഡിനെ തുരത്തി ബാഴ്‌സലോണ

ബാഴ്‌സയ്ക്കു വേണ്ടി ഒസ്മാനെ ഡെംപ്‌ലെ, ഫെര്‍മിന്‍ ലോപസ്, ഫെറാന്‍ ടോറസ് എന്നിവരാണ് ലക്ഷ്യം കണ്ടത്

യൂറോപ്യന്‍ ഫുട്‌ബോള്‍ പുതിയ സീസണിനു മഒന്നോടിയായി നടന്ന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന പ്രീ സീസണ്‍ എല്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു കറ്റാലന്‍ ടീമിന്റെ ജയം. ബാഴ്‌സയ്ക്കു വേണ്ടി ഒസ്മാനെ ഡെംപ്‌ലെ, ഫെര്‍മിന്‍ ലോപസ്, ഫെറാന്‍ ടോറസ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

പ്രീസീസണിലെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിനോട് 5-3 എന്ന സ്‌കോറില്‍ പൊരുതിത്തോറ്റ ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ച എത്തിയ റയലിന് ചിരവൈരികള്‍ക്കെതിരേ മറുപടിയുണ്ടായില്ല.

മത്സരത്തിന്റെ 15-ാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡ് നേടിയിരുന്നു. ഒരു സെറ്റ്പീസില്‍ നിന്നു തുടങ്ങിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനു പുറത്ത് പന്ത് സ്വീകരിച്ച പെഡ്രി അതു ഡെംപ്‌ലെയ്ക്കു മറിച്ചു നല്‍കുകയായിരുന്നു. ലഭിച്ചു സുവര്‍ണാവസരം ഫ്രഞ്ച് താരം മുതലാക്കിയപ്പോള്‍ റയല്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടുവയ്ക്ക് കണ്ടു നില്‍ക്കാനെ കഴിഞ്ഞുള്ളു.

ഇതിനു തൊട്ടുപിന്നാലെ റയലിന് ഒപ്പമെത്താന്‍ അവസരം ലഭിച്ചതാണ്, പക്ഷേ ഗോളാക്കാനായില്ല. 20-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ബാഴ്‌സ താരം അരാഹോ പന്ത് കൈകൊണ്ട് തട്ടിയതിന് റയലിന് പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ വിനീഷ്യസ് ജൂനിയര്‍ എടുത്ത കിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ ബാഴ്‌സ പിന്നീട് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണ തുടരെ രണ്ടു ഗോളുകള്‍ നേടി പട്ടിക തികച്ചത്. ഇതിനിടെ റയല്‍ തുറന്നെടുത്ത മൂന്നോളം അവസരങ്ങള്‍ക്ക് ക്രോസ്ബാറിലും പോസ്റ്റിലും തട്ടിത്തെറിക്കുകയും ചെയ്തു.

86-ാം മിനിറ്റിലായിരുന്നു കറ്റാലന്‍ ടീമിന്റെ രണ്ടാം ഗോള്‍ വന്നത്. റയല്‍ താരം ടോണി ക്രൂസില്‍ നിന്നു പന്തു റാഞ്ചിയ സെര്‍ജിയോ റോബര്‍ട്ടോ അത് ഫെര്‍മിന്‍ ലോപസിന് നീട്ടിനല്‍കകുകയായിരുന്നു. പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ താരം വലയുടെ ഇടതേ മോന്തായത്തിലേക്ക് തകര്‍പ്പനൊരു ഷോട്ട് പായിച്ച് സ്‌കോര്‍ ഉയര്‍ത്തി.

പിന്നീട് ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബാഴ്‌സ മൂന്നാം ഗോളും നേടി. ഇക്കുറി ലോപസ് ഗോളിനു വഴിയൊരുക്കുന്ന റോളിലേക്കു മാറിയപ്പോള്‍ ടോറസാണ് ലക്ഷ്യം കണ്ടത്. ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്ത് മനോഹരമായി ചിപ്പ് ചെയ്തിട്ടായിരുന്നു ടോറസിന്റെ ഫിനിഷിങ്.

logo
The Fourth
www.thefourthnews.in