ജംഷഡ്പൂരിനെ തോല്‍പ്പിച്ച് ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലിൽ

ജംഷഡ്പൂരിനെ തോല്‍പ്പിച്ച് ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലിൽ

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഗോളുകള്‍ പിറന്നത്

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടത്തിനായി ഒരറ്റത്ത് ബംഗളുരു എഫ്.സി പൊരുതും. ഇന്ന് നടന്ന ആദ്യ സെമിയില്‍ ജംഷഡ്പൂര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് അവര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഗോളുകള്‍ പിറന്നത്. ബംഗളൂരുവിന്റെ ടച്ചോട് കൂടിയാണ് ആദ്യ പകുതി തുടങ്ങുന്നത്. ആദ്യ മിനിറ്റുകളി ബംഗളുരുവും പിന്നീട് ജംഷഡ്പൂരും ആക്രമണത്തിനു തുനിഞ്ഞതോടെ മത്സരം ആവേശകരമായി. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ആദ്യപകുതി 0-0 എന്ന നിലയില്‍ അവസാനിച്ചു.

ബംഗളുരു ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതി തുടങ്ങിയത്. ഏറെ വൈകാതെ അവര്‍ക്ക് പ്രതിഫലവും ലഭിച്ചു. പോസ്റ്റിന്റെ വലത് മൂലയിലേക്ക് തല കൊണ്ട് ജയേഷ് റാണ ഒരു കിടിലന്‍ ഹെഡ്ഡറിലൂടെ അവരെ മുന്നിലെത്തിക്കുകയായിരുന്നു.

ലീഡ് നേടിയതോടെ ആത്മവിശ്വാസം കൈക്കൊണ്ട അവര്‍ പിന്നീട് എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയില്ല. 83 ആം മിനുറ്റില്‍ ചേത്രി ബെംഗളൂരുവിനു വേണ്ടി രണ്ടാം ഗോള്‍ നേടി. റോയ് കൃഷ്ണയുടെ വലത് വിങ്ങില്‍ നിന്നുമുള്ള ഒന്നാന്തരം കിക്ക് രഹനേഷ് മുകളിലേക്ക് ചാടിയുതിര്‍ന്ന് തടുത്തിട്ടു, ബോക്‌സില്‍ വീണ പന്തിനെ ശിവ ശക്തി ഇടത് വിങ്ങില്‍ നില്‍ക്കുകയായിരുന്ന ചെത്രിയിലേക്ക് മറിച്ച് നല്‍കി. ചേത്രി അനായാസം പന്ത് വലയിലേയ്ക്കടിച്ച് അവരുടെ ലീഡ് വര്‍ധിപ്പിച്ചു.

ശേഷിച്ച മിനിറ്റുകളില്‍ തിരിച്ചടിക്കാന്‍ ജംഷഡ്പൂര്‍ കിണഞ്ഞു പൊരുതിയെങ്കിലും ബംഗളുരു വഴങ്ങിയില്ല. ജംഷഡ്പൂര്‍ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ മതില്‍ പോലെ നിന്ന ബംഗളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങാണ് ഹീറോ സൂപ്പര്‍ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.

logo
The Fourth
www.thefourthnews.in