'സിറ്റിയില്‍ തുടരുമെന്നുറപ്പില്ല'; സീസണ്‍ കഴിഞ്ഞു പറയാമെന്നു സില്‍വ

'സിറ്റിയില്‍ തുടരുമെന്നുറപ്പില്ല'; സീസണ്‍ കഴിഞ്ഞു പറയാമെന്നു സില്‍വ

പോര്‍ചുഗല്‍ താരത്തിനു വേണ്ടി പി.എസ്.ജിക്കു പുറമേ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും രംഗത്തുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്തതിന്റെ ആഹ്‌ളാദത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍. ഇരട്ടഗോളുകള്‍ നേടിയ പോര്‍ചുഗല്‍ താരം ബെര്‍നാഡോ സില്‍വയുടെ തകര്‍പ്പന്‍ പ്രകടനമാണ് സിറ്റിക്കു തുണയായത്. സില്‍വയുടെ പ്രകടനം കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ പ്രശംസയ്ക്കും പാത്രമായിരുന്നു.

എന്നാല്‍ മത്സരശേഷം സില്‍വയുടെ തുറന്നുപറച്ചില്‍ സിറ്റി ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. താരം ടീമില്‍ തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതാണ് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ സില്‍വ സിറ്റി വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു കൂടുമാറുമെന്ന അഭ്യൂഹം നേരത്തെ തന്നെയുണ്ട്.

ഇക്കാര്യം നിഷേധിക്കാന്‍ സില്‍വ തയാറാകുന്നില്ലെന്നതാണ് സിറ്റി ആരാധകരെ വലയ്ക്കുന്നത്. ഇന്നലെ മത്സരശേഷം ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ നിഷേധിക്കാതിരുന്ന താരം സിറ്റിയില്‍ തുടരുമോയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല.

''സീസണ്‍ നന്നായി പൂര്‍ത്തിയാക്കുകയെന്നതു മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. പ്രീമിയര്‍ ലീഗും തുടര്‍ന്ന് രണ്ടു ഫൈനലുകളും വിജയിക്കുകയെന്നതാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. സമ്മര്‍ ട്രാന്‍സ്ഫറില്‍ എന്തു സംഭവിക്കുമെന്നത് അപ്പോള്‍ കാണാം''- എന്നാണ് സില്‍വ പ്രതികരിച്ചത്.

ഈ സീസണ്‍ അവസാനത്തോടെ പാരീസ് വിടുമെന്നു വ്യക്തമാക്കിയ ലയണല്‍ മെസിക്കു പകരം സില്‍വയെ എത്തിക്കാനാണ് പി.എസ്.ജി. ലക്ഷ്യമിടുന്നത്. സില്‍വയ്ക്കും സിറ്റി വിടാനാണ് താല്‍പര്യമെന്നു റിപ്പോര്‍ട്ടുകളുണ്ട്. പോര്‍ചുഗല്‍ താരത്തിനു വേണ്ടി പി.എസ്.ജിക്കു പുറമേ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും രംഗത്തുണ്ട്.

logo
The Fourth
www.thefourthnews.in