വീണ്ടും രക്ഷകനായി ദിമിത്രി, ഒടുവില്‍ ബഗാനെയും കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

വീണ്ടും രക്ഷകനായി ദിമിത്രി, ഒടുവില്‍ ബഗാനെയും കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍ ചരിത്രത്തില്‍ ബഗാനെതിരേ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ജയിച്ചിട്ടില്ലെന്ന പേരുദോഷം മായ്ച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ബഗാന്റെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ചെന്ന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റക്കോസാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനും ബ്ലാസ്‌റ്റേഴ്‌സിനായി. 12 മത്സരങ്ങളില്‍ നിന്ന് എട്ടു ജയവും രണ്ട് സമനിലകളുമടക്കം 26 പോയിന്റുമായാണ് മഞ്ഞപ്പട തലപ്പത്തെത്തിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ബഗാനെതിരേ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പുലര്‍ത്തിയത്. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇല്ലായിരുന്നെങ്കില്‍ കുറഞ്ഞത് നാലു ഗോളുകളെങ്കിലും ബഗാന്റെ വലയില്‍ കയറുമായിരുന്നേനെ. ആദ്യപകുതിയില്‍ തന്നെ കനത്ത ആക്രമണം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് ബഗാനെ നിലംതൊടീച്ചില്ല. ഗോളിലേക്ക് ഒമ്പത് ഷോട്ടുകളാണ് ആദ്യ 45 മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഉതിര്‍ത്തത്.

ഇതില്‍ ഒമ്പതാം മിനിറ്റില്‍ മൂന്നു പ്രതിരോധതാരങ്ങളെ മറികടന്ന് മുന്നേറി ദിമിത്രി തൊടുത്ത ഒരു ഇടങ്കാലന്‍ ഷോട്ടാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് ഒരു ഷോട്ട്‌പോലും ഉതിര്‍ക്കാന്‍ ബഗാന് ആയില്ല.

ഒരുഗോള്‍ ലീഡില്‍ പിരിഞ്ഞ രണ്ടാം പകുതിക്കു ശേഷവും ആക്രമണോത്സുകത കൈവെടിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലും എതിരാളികളെക്കാള്‍ മികച്ചു നിന്നു. രണ്ടാം പകുതിയില്‍ ബഗാന്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധമുയര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് തടയിട്ടു.

logo
The Fourth
www.thefourthnews.in