സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; ബഗാനിലേക്കെന്നു സൂചന

സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; ബഗാനിലേക്കെന്നു സൂചന

സഹലിനു പകരം 2.5 കോടി രൂപയും ഒരു യുവതാരത്തെയുമാണ് ബഗാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിനെ വില്‍ക്കാനൊരുങ്ങി ടീം മാനേജ്‌മെന്റ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മുന്നോട്ടുവച്ച വന്‍ ഓഫര്‍ സ്വീകരിച്ച് താരത്തെ വിട്ടുനല്‍കാന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നതായി പ്രമുഖ ഫുട്‌ബോള്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഹലിനു പകരം 2.5 കോടി രൂപയും ഒരു യുവതാരത്തെയുമാണ് ബഗാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ ഓഫര്‍ സ്വീകരിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ സഹലിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു മാനേജ്‌മെന്റിന്.

ബഗാനു പുറമേ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍, മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്.സി. എന്നിവര്‍ സഹലിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനാണ് താല്‍പര്യമെന്നു സഹല്‍ വ്യക്തമാക്കിയതോടെ താരത്തെ വിട്ടുകൊടുക്കില്ലെന്നു ബ്ലാസ്‌റ്റേഴ്‌സും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ 2025 വരെ സഹലിനു ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ നിലവിലുണ്ട്. സഹല്‍ ആഗ്രഹിക്കുന്ന പക്ഷം അത് നീട്ടിനല്‍കാനും തയാറാണെന്നു കഴിഞ്ഞ ദിവസവും ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതാണ്. എന്നാല്‍ ബഗാന്‍ ഇപ്പോള്‍ വമ്പന്‍ തുക ഓഫര്‍ ചെയ്തതോടെയാണ് പഴയ നിലപാടില്‍ നിന്നു വ്യതിചലിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിഴ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ താരത്തെ വിട്ടുനല്‍കി പണം സ്വീകരിക്കുന്നതാണ് ക്ലബിന്റ മുന്നോട്ടുള്ള ഭാവിക്ക് ഗുണം ചെയ്യുകയെന്ന നിലപാടിലാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റ്.

logo
The Fourth
www.thefourthnews.in