ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

-അജയ് മധു.
ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ -അജയ് മധു. ajaymadhu

കണക്കും തീര്‍ത്തു കലിപ്പുമടക്കി; ബംഗളുരുവിനെ തുരത്തി ബ്ലാസ്‌റ്റേഴ്‌സിന് ജയത്തുടക്കം

നായകന്‍ അഡ്രിയാന്‍ ലൂണയുടെ തകര്‍പന്‍ ഫിനിഷിങ്ങും ബംഗളുരു താരം കെസിയ വീണ്‍ഡോര്‍പ്പിന്റെ സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്

കണക്കുകള്‍ മാറ്റിവച്ചായിരുന്നു ഇതുവരെ തങ്ങളുടെ ശീലമെങ്കില്‍ ഇക്കുറി അതങ്ങനല്ലെന്ന് ആദ്യ അങ്കത്തില്‍ തന്നെ തെളിയിച്ചു കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ തങ്ങളെ കണ്ണീര്‍കുടിപ്പിച്ച ചിരവൈരികളായ ബംഗളുരു എഫ്‌സിയെ തങ്ങളുടെ തട്ടകത്തില്‍ വിളിച്ചുവരുത്തി തോല്‍പിച്ച് ബ്ലാസ്‌റ്റേഴ്‌സ് കണക്കുതീര്‍ത്തു. ഐഎസ്എല്‍ 2023-24 സീസണിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

നായകന്‍ അഡ്രിയാന്‍ ലൂണയുടെ തകര്‍പന്‍ ഫിനിഷിങ്ങും ബംഗളുരു താരം കെസിയ വീണ്‍ഡോര്‍പ്പിന്റെ സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ഇംഗ്ലീഷ് താരം കര്‍ട്ടിസ് മെയ്‌ന്റെ വകയായിരുന്നു ബംഗളുരുവിന്റെ ആശ്വാസ ഗോള്‍.

ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ നനഞ്ഞ കരുനീക്കങ്ങളാണ് ഇരുടീമുകളുടെയും ഭാഗത്തു നിന്ന് പിന്നീട് ഉണ്ടായത്. തടക്കത്തില്‍ തന്നെ കോര്‍ണര്‍ നേടി സമ്മര്‍ദ്ദം ചെലുത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായെങ്കിലും ബംഗളുരു പ്രതിരോധം പൊളിക്കാനായില്ല.

4-4-2 ശൈലിയില്‍ മധ്യനിരയില്‍ കളിമെനഞ്ഞ് മുന്നേറാനായിരുന്നു മഞ്ഞപ്പടയുടെ ശ്രമങ്ങള്‍. എന്നാല്‍ 5-3-2 ശൈലിയില്‍ പ്രതിരോധത്തിന് അമിതപ്രാധാന്യം നല്‍കി കളിഞ്ഞ ബംഗളരു പലപ്പോഴും കളിയൊഴുക്ക് മന്ദഗതിയിലാക്കി. ഇതോടെ പന്ത് മൈതാനമധ്യത്തില്‍ തന്‍െ്‌ന വട്ടംചുറ്റുകയായിരുന്നു.

ആദ്യ അരമണിക്കൂറില്‍ ഇരുകൂട്ടര്‍ക്കും പോസ്റ്റിലേക്ക് ഒന്നുലക്ഷ്യം വയ്ക്കാന്‍ പോലും സാധിച്ചില്ല. 33-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് പിറക്കുന്നത്. വലതു വിങ്ങില്‍ വേഗമേറിയ നീക്കങ്ങള്‍ നടത്തി എതിരാളികളെ അമ്പരിപ്പിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ ജാപ്പനീസ് താരം ഡായ്‌സുകി സകായി ബോക്‌സിനു പുറത്തു നിന്നുതൊടുത്ത വലങ്കാലന്‍ ഷോട്ട് പക്ഷേ ബംഗളുരുവിന്റെ പരിചയസമ്പന്നനായ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ഗ്ലൗസിലൊതുങ്ങി.

മഞ്ഞപ്പടയുടെ കടന്നുകയറ്റത്തിന് തൊട്ടടുത്ത മിനിറ്റില്‍ തന്നെ ബംഗളുരുവിന്റെ മറുനീക്കമെത്തി. വലതു വിങ്ങില്‍ നിന്ന് അപ്രതീക്ഷിതമായി ബംഗളുരു താരവും ബ്ലാസ്‌റ്റേഴ്‌സ് മുന്‍ നായകനുമായ ജെസല്‍ കര്‍നെയ്‌റോ തൊടുത്ത ഷോട്ട് മികച്ച മെയ്‌വഴക്കത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് കുത്തിയകറ്റി. പിന്നിട് മൂന്നു മിനിറ്റിനു ശേഷം ഇന്ത്യന്‍ താരങ്ങളായ ശിവശക്തി നാരായണനും സുരേഷ് വാങ്ജവും ചേര്‍ന്ന് നടത്തിയ നീക്കവും സച്ചിന്റെ കൈകളില്‍ ഒതുങ്ങി.

കിക്കോഫ് മുതല്‍ പെയ്ത്താരംഭിച്ച മഴയില്‍ നനഞ്ഞ മത്സരത്തിന് ഇതോടെയാണ് ചൂടുപിടിച്ചത്. പിന്നീട് ഒന്നാം പകുതി അവസാനിക്കുന്നത് വരെ ഇരുബോക്‌സുകളിലേക്കും യഥേഷ്ടം പന്തെത്തി. 40-ാ മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഘാന താരം ക്വാമെ പെപ്‌റയും ഗുര്‍പ്രീതിനെ പരീക്ഷിച്ചു. എന്നാല്‍ ലക്ഷ്യമില്ലാതെ പോയ ഷോട്ട് വലയുടെ വലത്തേ മൂലയ്ക്കു മീതേ പറന്നു. പിന്നീട് കാര്യമായ നീക്കങ്ങള്‍ ഇല്ലാതെ ആദ്യപകുതിക്ക് വിരാമമായി.

രണ്ടാം പകുതിക്ക് സ്‌ഫോടകാത്മക തുടക്കമാണ് ലഭിച്ചത്. ഇടവേളയ്ക്കു ശേഷം തന്ത്രവും ശരീരഭാഷം മാറ്റിയിറങ്ങിയ മഞ്ഞപ്പട എതിരാളികള്‍ നിലയുറപ്പിക്കും മുമ്പേ ആക്രമണമഴിച്ചുവിട്ടു. 46-ാം മിനിറ്റില്‍ ഘാന താരം പെപ്‌റയാണ് ബംഗളുരുവിനെ വിറപ്പിച്ചത്. എന്നാല്‍ ഷോട്ട് ലക്ഷ്യം കണ്ടില്ല.

പക്ഷേ അധികം കാത്തിരിക്കേണ്ടി വന്നില്ല. 52-ാം മിനിറ്റില്‍ നിറഞ്ഞ ഗ്യാലറി കൊതിച്ചുകാത്തിരുന്ന ആദ്യ ഗോള്‍ എത്തി. ഘാനാ താരം പെപ്‌റയുടെ മുന്നേറ്റം തടയാന്‍ കോര്‍ണര്‍ വഴങ്ങുകയേ ബംഗളുരുവിന് നിര്‍വാഹമുണ്ടായിരുന്നുള്ളു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് താരം ഡാനിഷ് ഫറൂഖി വലയിലേക്ക് ചെത്തിയിട്ടത് ബംഗളുരുവിന്റെ ഹോളണ്ട് താരം കെസിയ വീണ്‍ഡോര്‍പ്പിന്റെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു.

ഒരു ഗോള്‍ ലീഡിന് മുന്നിലെത്തിയതോടെ ആത്മവിശ്വാസം വര്‍ധിച്ച ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് നിരന്തരം ആക്രമണമഴിച്ചുവിട്ടു. 55-ാം മിനിറ്റിലും 61-ാം മിനിറ്റിലും മഞ്ഞപ്പട് ലീഡ് ഉയര്‍ത്തുന്നതിന് അടുത്തെത്തിയെങ്കിലും ഫിനിഷിങ് പിഴവ് വിനയായി. ഇതിനിടെ 59-ം മിനിറ്റില്‍ ബംഗളുരു ഗോള്‍ മടക്കിയെന്നു തോന്നിച്ചതാണ്.

ജെസലിന്റെ പാസില്‍ നിന്ന് ശിവശക്തി തൊടുത്ത കനത്തുറ്റ ഷോട്ട് കുത്തിയകറ്റാനേ സച്ചിനു കഴിഞ്ഞുള്ളു. വലയിലേക്ക് നീങ്ങിയ പന്തിനെ പക്ഷേ തക്കസമയത്ത് തകര്‍പ്പനൊരു സിസര്‍കട്ടിലൂ2െ ഗോള്‍ലൈനില്‍ നിന്ന് തട്ടിയകറ്റിയ യുവതാരം ജീക്‌സണ്‍ സിങ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കം നിലനിര്‍ത്തി.

69-ാം മിനിറ്റിലാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ പിറന്നത്. ബംഗളുരു കീപ്പറുടെ പിഴവില്‍ നിന്ന് നായകന്‍ ലൂണയാണ് ലക്ഷ്യം കണ്ടത്.

ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം തടഞ്ഞ ബംഗളുരു താരം ജെസല്‍ പന്ത് കീപ്പര്‍ സന്ധുവിന് ബാക്ക്പാസ് ചെയ്തു. എന്നാല്‍ അത് നിയന്ത്രിച്ചു നിര്‍ത്താന്‍ ബംഗളുരു താരത്തിനായില്ല. ഓടിയെത്തിയ ലൂണ അവസരം മുതലാക്കി പന്ത് റാഞ്ചി ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. സ്‌കോര്‍ 2-0.

പിന്നീട് പന്ത് കൈവശം വച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് എതിരാളികള്‍ക്ക് തിരിച്ചുവരവിന് അധികം അവസരം നല്‍കിയില്ല. പക്ഷേ ഒറ്റപ്പെട്ട നീക്കങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് കടന്നുകയറാന്‍ ബംഗളുരു ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ് താരം കര്‍ട്ടിസ് മെയ്‌നാണ് ബംഗളുരുവിന്റെ ആശ്വാസഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്താണ് കര്‍ട്ടിസ് ലക്ഷ്യം കണ്ടത്. പിന്നീട് ഒരു പിഴവിന് കളമൊരുക്കാതെ സമയം ചിലവഴിച്ച് ബ്ലാസ്‌റ്റേഴ്‌സ് കളിപിടിച്ചു. അവസാന സെക്കന്‍ഡില്‍ അവര്‍ നടത്തിയ നീക്കം സച്ചിന്‍ സുരേഷ് കുത്തിയകറ്റിയതിനു പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം വിളംബരം ചെയ്തു റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങി.

logo
The Fourth
www.thefourthnews.in