മുൻ കാമുകിക്കെതിരായ ശാരീരികാതിക്രമം: ബ്രസീല്‍ സ്ട്രൈക്കർ ആൻ്റണിയെ ലോകകപ്പ് യോഗ്യതാ ടീമില്‍നിന്ന് പിൻവലിച്ചു

മുൻ കാമുകിക്കെതിരായ ശാരീരികാതിക്രമം: ബ്രസീല്‍ സ്ട്രൈക്കർ ആൻ്റണിയെ ലോകകപ്പ് യോഗ്യതാ ടീമില്‍നിന്ന് പിൻവലിച്ചു

ആന്റണിക്ക് പകരക്കാരനായി ഗബ്രിയേല്‍ ജീസസിനെ ടീമില്‍ ഉള്‍പ്പെടുത്തി

ബൊളീവിയയ്ക്കും പെറുവിനുമെതിരായ 2026 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമില്‍നിന്ന് ബ്രസീല്‍ മുന്നേറ്റനിര താരം ആന്റണിയെ ഒഴിവാക്കി. ആന്റണിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

ആന്റണിയുടെ മുന്‍ കാമുകി ഗബ്രിയേല കാവലിന്റെ വെളിപ്പെടുത്തലുകള്‍ ബ്രസീലിയന്‍ മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. താന്‍ ഗര്‍ഭിണിയായിരിക്കെ ആന്റണി ശാരീരികമായി ആക്രമിച്ചുവെന്നാണ് കാവലിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം ആന്റണി നിഷേധിച്ചു.

ആന്റണി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണം നിഷേധിച്ചു

''മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ ആന്റണിക്കെതിരെ പരസ്യമായി ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം ആവശ്യമാണ്. അതിനാല്‍ ആരോപണവിധേയനായ കളിക്കാരനെ ബ്രസീലിയന്‍ ടീമില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു,'' സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ആന്റണി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണം നിഷേധിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.

''തുടക്കം മുതല്‍ ഞാന്‍ ഈ വിഷയം ഗൗരവത്തോടെയും ബഹുമാനത്തോടെയുമാണ് കൈകാര്യം ചെയ്തത്. പോലീസിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്,'' ആന്റണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്നും ഇതിനകം ഹാജരാക്കിയ തെളിവുകളും ഹാജരാക്കാനിരിക്കുന്നവയും താന്‍ നിരപരാധിയാണെന്ന് തെളിയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രസീലിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ് അറിയിച്ചു. ആന്റണിയുടെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരോപണങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുൻ കാമുകിക്കെതിരായ ശാരീരികാതിക്രമം: ബ്രസീല്‍ സ്ട്രൈക്കർ ആൻ്റണിയെ ലോകകപ്പ് യോഗ്യതാ ടീമില്‍നിന്ന് പിൻവലിച്ചു
ഐസിസി ഏകദിന ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഇന്നറിയാം, പ്രഖ്യാപിക്കുക പതിനഞ്ചംഗ സ്ക്വാഡ്

ആന്റണിയില്‍നിന്ന് പലതവണ ശാരീരികാതിക്രമങ്ങള്‍ നേരിടേണ്ടിവന്നതായാണ് കാവലിനിന്റെ വെളിപ്പെടുത്തല്‍. ഗര്‍ഭിണിയായിരിക്കെ, തന്നെ നിശാക്ലബ്ബില്‍ കണ്ടതിനെത്തുടര്‍ന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. മറ്റൊരു ദിവസം മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ചു, ചുമരില്‍ തല ഇടിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. തലയില്‍ മുറിവേറ്റതിന്റെ ഫോട്ടോ സഹിതമാണ് കാവലിനിന്റെ ആരോപണം.

മേയ് എട്ടിന് ഗ്ലാസ് ഉപയോഗിച്ച് മുഖത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈമുറിതായും അവര്‍ വെളിപ്പെടുത്തി. ആന്റണി തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോൾ അവിടം വിടുകായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആന്റണിക്കൊപ്പമുള്ള ചിത്രങ്ങളും വാട്‌സ്ആപ് ചാറ്റുകളും കാവലിന്‍ പുറത്തുവിട്ടിട്ടുണ്ട്.

ആന്റണിക്ക് പകരക്കാരനായി ഗബ്രിയേല്‍ ജീസസിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബ്രസീല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ ദിനിസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ബൊളീവിയയ്‌ക്കെതിരായ ഹോം ഗ്രൗണ്ട് മത്സരം. സെപ്റ്റംബര്‍ 13 ന് പെറുവിനെ നേരിടും.

മാഞ്ചസ്റ്റര്‍ പോലീസും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനാല്‍ ക്ലബ്ബിനും ആന്റണിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടിവരും. നേരത്തെ സമാനമായ കുറ്റത്തിന് മേസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in