വർണവെറി മറികടന്ന സക; അയാള്‍ക്ക് വേണമായിരുന്നു ഈ നിമിഷം

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നാമത്തെ കിക്കെടുക്കാനെത്തിയതും സകയായിരുന്നു. ആ നിമിഷം വെംബ്ലിയിലെ ഓർമകള്‍ ആ മനസിലേക്ക് എത്തിയിട്ടുണ്ടാകുമെന്ന് തീർച്ച

സ്വിറ്റ്‌സർലൻഡിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ട്. അലക്സാണ്ടർ അർണോള്‍ഡിന്റെ കിക്ക് ഗോള്‍ വര കടക്കുന്നു. ഇംഗ്ലണ്ട് സെമിയിലേക്ക്, താരങ്ങള്‍ ജോർദാൻ പിക്‌ഫോർഡിനരികിലേക്ക് പാഞ്ഞു. ബുകായൊ സക ഒപ്പമോടിയില്ല, ഒരു നിമിഷം മൈതാനത്തു നിന്നു, മുട്ടുകുത്തി, വാനിലേക്ക് കൈകളുയർത്തി. ഇതൊരു വീണ്ടെടുപ്പ് നിമിഷമായിരുന്നു. മൂന്ന് വർഷം മുൻപ് വെംബ്ലിയില്‍ പാഴാക്കിയ പെനാൽറ്റിക്കും, പിന്നാലെ നേരിട്ട വംശീയ അധിക്ഷേപങ്ങള്‍ക്കുമൊരു മറുപടി. സകയ്ക്ക് വേണമായിരുന്നു ഈ നിമിഷം.

അഞ്ചരപതിറ്റാണ്ട് നീണ്ട കിരീടദാഹത്തിലായിരുന്നു അന്ന് വെംബ്ലി സ്റ്റേഡിയം. യൂറോ കപ്പ് ഫൈനല്‍, ഇംഗ്ലണ്ടും ഇറ്റലിയും ഇഞ്ചോടിഞ്ച് പോരാടിയ മത്സരം. കിരീടത്തില്‍ക്കുറഞ്ഞതൊന്നും ത്രീ ലയണ്‍സും ആരാധകരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. നിശ്ചിത സമയവും അധികസമയവും കടന്ന മത്സരം ഷൂട്ടൗട്ടിലേക്ക്. ഇറ്റലിയുടെ ആന്ദ്രെ ബെലോട്ടിക്ക് പിഴച്ചതോടെ ഇംഗ്ലണ്ടിന്റ പ്രതീക്ഷകള്‍ ഉണർന്നു.

വർണവെറി മറികടന്ന സക; അയാള്‍ക്ക് വേണമായിരുന്നു ഈ നിമിഷം
പറങ്കികളുടെ പെര്‍ഫെക്റ്റ് പെപെ

പിന്നീട് നടന്നതൊക്കെ ഒരു ദുഃസ്വപ്നമായിരിക്കണേ എന്ന് ഇന്നും ഇംഗ്ലണ്ട് ജനത ചിന്തിക്കുന്നുണ്ടാകണം. മാർക്കസ് റാഷ്‌ഫോർഡിന്റെ കിക്ക് പുറത്തേക്ക്, സാഞ്ചോയുടേയും സകയുടേയും ശ്രമങ്ങള്‍ ഡോണാറുമ തട്ടിയകറ്റി. ഇറ്റലിക്ക് കിരീടരാവും ഇംഗ്ലണ്ടിന് കണ്ണീരും. സ്വിസിനെതിരായ ജയത്തിന് ശേഷം നിന്നപോലൊരു നില്‍പ്പായിരുന്നു സക അന്നും. പക്ഷേ അത് ആനന്ദത്തിന്റേത് അല്ലായിരുന്നു എന്ന് മാത്രം. സകയ്ക്ക് അറിയാമായിരുന്നു വരാനിരിക്കുന്ന ദിനങ്ങള്‍ കാത്തുവെച്ചിരിക്കുന്നതെന്താണെന്ന്.

പിന്നീട് സമൂഹമാധ്യമങ്ങള്‍ കണ്ടത് നിലയ്ക്കാത്ത വംശീയ അധിക്ഷേപങ്ങളായിരുന്നു. കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു. പെനാല്‍റ്റി പാഴാക്കിയ മൂന്ന് പേരുടേയും നിറം. വർണവെറിയുടെ മറ്റൊരു അധ്യായം അവിടെ തുറക്കപ്പെട്ടു. വാക്കുകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും നോവ് ഇരട്ടിയാക്കുകയായിരുന്നു ഒരുകൂട്ടം. സക മാത്രമായിരുന്നില്ല അതിന് ഇരയായത്, റാഷ്‍ഫോർഡും സാഞ്ചോയും ഏറ്റുവാങ്ങി. മാനസികനില വീണ്ടെടുക്കാൻ മൂവർക്കും എത്ര നാളെടുത്തെന്ന് അറിയില്ല.

മൂന്ന് ദിവസത്തിനുശേഷം സകയുടെ പ്രതികരണമെത്തി. കൂടെ നിന്നവർക്ക് നന്ദി പറഞ്ഞു. താനും റാഷ്‌ഫോർഡും സാഞ്ചോയും നേരിട്ടതുപോലെയുള്ളവ ഇനിയൊരിക്കലും ആർക്കും നേരെയുണ്ടാകരുതെന്ന് കുറിപ്പിലൂടെ പറഞ്ഞു. വംശീയതയ്ക്ക് ഫുട്ബോളില്‍ മാത്രമല്ല സമൂഹത്തില്‍ സ്ഥാനമില്ലെന്ന് ഉറക്കെപ്പറഞ്ഞു. ഈ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നായിരുന്നു കുറിപ്പിലെ അവസാന വാക്കുകള്‍.

വർണവെറി മറികടന്ന സക; അയാള്‍ക്ക് വേണമായിരുന്നു ഈ നിമിഷം
ടോണി ക്രൂസ്: കാല്‍പന്തിന്റെ 'ജർമൻ സ്നൈപ്പ‍ര്‍'

അന്നത്തെ പത്തൊൻപതുകാരനായിട്ടായിരുന്നില്ല ഇത്തവണ സക യൂറോയില്‍ ബൂട്ടുകെട്ടാനിറങ്ങിയത്. ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ കൂടിയായിരുന്നു ആ ഏഴാം നമ്പർ ജേഴ്‌സി. എംബോളോയുടെ ഗോളില്‍ സ്വിസിനെതിരെ പിന്നിലായപ്പോള്‍ ഇംഗ്ലണ്ട് ആരാധകർ ഉറ്റുനോക്കേണ്ടി വന്നത് ആ കാലുകളിലേക്ക് തന്നെയായിരുന്നു. സ്വിസ് ഗോള്‍ വീണതിന് കൃത്യം അഞ്ച് മിനുറ്റിന് ശേഷം മെർക്കുർ സ്പില്‍ അറീനയില്‍ ഇതാ സക നിമിഷം.

പെനാലിറ്റി ബോക്സിന്റെ വലതുമൂലയില്‍ സക. റിസെയുടെ കാലുകളില്‍ നിന്ന് പന്ത് സകയിലേക്ക്. രണ്ട് സ്വിസ് പ്രതിരോധ താരങ്ങളുടെ മുന്നിലൂടെ, 18 വാര അകലെ നിന്ന് സകയുടെ ഇടംകാല്‍ ഷോട്ട്. ബോക്സിനുള്ളിലുണ്ടായിരുന്ന എട്ട് സ്വിസ് പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക്. ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് സകയുടെ കാലുകളിലൂടെ തന്നെ. അന്ന് അധിക്ഷേപ വിഷം ചൊരിഞ്ഞവർ ഇന്ന് സകയ്ക്കായി കയ്യടിച്ചിട്ടുണ്ടാകണം.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നാമത്തെ കിക്കെടുക്കാനെത്തിയതും സകയായിരുന്നു. ആ നിമിഷം വെംബ്ലിയിലെ ഓർമകള്‍ ആ മനസിലേക്ക് എത്തിയിട്ടുണ്ടാകുമെന്ന് തീർച്ച. പക്ഷേ, ഇത്തവണ സകയുടെ കാലുകളിലേക്ക് സമ്മർദമെത്തിയില്ല, ആ ബൂട്ടുകള്‍ പ്രതീക്ഷകളെ കാത്തു. പന്ത് വലയിലെത്തിച്ച് തന്റെ തനതുശൈലിയില്‍ ആഘോഷം, ഒരു പുഞ്ചിരിയും.

സക സ്റ്റൈലില്‍ ഒരു റിഡംഷൻ. മെർക്കുർ സ്പില്‍ അറീനയിലെ ആ രണ്ട് ഗോളുകള്‍ വെറുപ്പിനേയും വർണവെറിയേയും അതിജീവിച്ച കഥ ലോകത്തോട് പറഞ്ഞുകൊണ്ടേയിരിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in