വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്വീഡന്‍ വീണു, സ്‌പെയിന്‍ ഫൈനലില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്വീഡന്‍ വീണു, സ്‌പെയിന്‍ ഫൈനലില്‍

നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ ഓള്‍ഗ നേടിയ ഗോളാണ് സ്പാനിഷ് പടയ്ക്കു തുണയായത്

പൊരുതിക്കളിച്ച സ്വീഡനെ വീഴ്ത്തി സ്‌പെയിന്‍ ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍. ഇന്ന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ നടന്ന സെമിപോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലാ റോജകളുടെ വിജയം. അവസാന പത്തു മിനിറ്റിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

സ്‌പെയിനിനു വേണ്ടി സാല്‍മ പാരുലേലോ, ഓള്‍ഗ കാര്‍മോണ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റെബേക്ക ബ്ലോംക്വിസ്റ്റിന്റെ വകയായിരുന്നു സ്വീഡന്റെ ആശ്വാസ ഗോള്‍. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ ഓള്‍ഗ നേടിയ ഗോളാണ് സ്പാനിഷ് പടയ്ക്കു തുണയായത്. സ്‌പെയിന്റെ ആദ്യ ഫൈനല്‍ പ്രവേശനമാണിത്.

ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ നേരിയ ആധിപത്യം സ്‌പെയിനായിരുന്നു. 13 തവണയാണ് അവര്‍ സ്വീഡിഷ് ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തത്. 63 ശതമാനം ബോള്‍പൊസഷനും കാത്തുസൂക്ഷിച്ച അവര്‍ക്കു പക്ഷേ ലീഡ് നേടാന്‍ 81-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

ബോക്‌സിനുള്ളിലേക്കു വന്ന ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ സ്വീഡിഷ് താരങ്ങള്‍ സൃഷ്ടിച്ച കൂട്ടപ്പൊരിച്ചില്‍ മുതലെടുത്ത് സല്‍മയാണ് ലക്ഷ്യം കണ്ടത്. നിശ്ചിത സമയം അവസാനിക്കാന്‍ ഒമ്പതു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ലഭിച്ച ലീഡില്‍ സ്പാനിഷ് താരങ്ങള്‍ ആഹ്‌ളാദചിത്തരായി. എന്നാല്‍ അത് അധികം നീണ്ടില്ല.

പതറാതെ പൊരുതിയ സ്വീഡന്‍ ഏഴു മിനിറ്റിനകം തിരിച്ചടിച്ചു. 88-ാം മിനിറ്റില്‍ ബ്ലോംക്വിസ്റ്റിലൂടെ അവര്‍ ഒപ്പമെത്തി. എന്നാല്‍ അവര്‍ക്ക് ആ സ്‌കോര്‍ നില കാത്ത് സൂക്ഷിക്കാനായില്ല. വെറും രണ്ടു മിനിറ്റിനകം അവര്‍ സ്‌പെയിന് സ്‌കോര്‍ ചെയ്യാന്‍ അവസരം നല്‍കി. 90ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് മനോഹരമായ ഒരു ഷോട്ടിലൂടെ കാര്‍മോണ സ്വീഡിഷ് വലയില്‍ നിക്ഷേപിക്കുകയായിരുന്നു.

ഇന്‍ജുറി ടൈമായി ലഭിച്ച ഏഴു മിനിറ്റില്‍ പിന്നീട് സ്വീഡന്‍ പൊരുതി നോക്കിയെങ്കിലും വിട്ടുകൊടുക്കാതെ നിലയുറപ്പിച്ച സ്പാനിഷ് പ്രതിരോധം ജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കുകയായിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സര വിജയികളെയാണ് സ്‌പെയിന്‍ കലാശക്കളിയില്‍ നേരിടുക.

logo
The Fourth
www.thefourthnews.in